പാലരുവി എക്സ്പ്രസ് സമയക്രമം: ദീർഘദൂര യാത്രക്കാർക്ക് ആശ്വാസം, ഒപ്പം പ്രതിഷേധവും
text_fieldsകോട്ടയം: പാലരുവി എക്സ്പ്രസിന് പുതിയ സമയക്രമം നിലവിൽ വന്നതോടെ ജില്ലയിൽനിന്നുള്ള ദീർഘദൂര യാത്രക്കാർക്ക് ആശ്വാസം. കഴിഞ്ഞദിവസം മുതലാണ് കോട്ടയം മുതൽ പാലക്കാട് വരെ സമയം റെയിൽവേ പരിഷ്ക്കരിച്ചത്. ഇതനുസരിച്ച് 8.45ന് ട്രെയിൻ എറണാകുളത്തെത്തും. നേരത്തെ 9.25 ആയിരുന്നു സമയം.
പലപ്പോഴും ഒമ്പതോടെ തന്നെ ട്രെയിൻ എറണാകുളം ഔട്ടറിൽ എത്തുമായിരുന്നെങ്കിലും ഇവിടെ പിടിച്ചിടുകയായിരുന്നു പതിവ്. ഇനി ഔട്ടറിൽ പിടിച്ചിടീൽ ഉണ്ടാവില്ല. ഇത് ഏറെ ആശ്വാസമാണെന്ന് യാത്രക്കാരുട കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികൾ പറഞ്ഞു.
പുതിയ സമയമാറ്റം തൃശൂർ, പാലക്കാട് എത്തിച്ചേരേണ്ട ദീർഘ ദൂരയാത്രക്കാർക്ക് വളരെയേറെ പ്രയോജനകരമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ഭാഗത്തേക്ക് ഉച്ചക്കുമുമ്പ് എത്തേണ്ട യാത്രക്കാർക്ക് പാലരുവിയിൽ ആലുവ സ്റ്റേഷനിൽ ഇറങ്ങിയാൽ എറണാകുളം ജങ്ഷനിൽനിന്ന് 9.17 നുള്ള ജനശതാബ്ദിയിൽ തുടർയാത്ര ചെയ്യാം. ബംഗളൂരുവിന് പോകേണ്ട യാത്രക്കാർക്ക് പാലരുവിയിൽ ആലുവയിൽ ഇറങ്ങിയാൽ എറണാകുളം ജങ്ഷനിൽനിന്ന് 9.10ന് എടുക്കുന്ന ബംഗളൂരു ഇന്‍റർസിറ്റിയും ലഭിക്കും.
ഇത്തരം നേട്ടങ്ങൾക്കൊപ്പം യാത്രക്കാർക്ക് പുതിയ സമയക്രമം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവിലുള്ള സമയത്തെക്കാൾ നേരത്തെയാണ് കോട്ടയത്തടക്കം ട്രെയിൻ എത്തുന്നത്. നേരത്തേ കോട്ടയത്ത് പാലരുവിക്ക് 7.12 ആയിരുന്നു സമയം. എന്നാൽ, പുതിയ സമയക്രമത്തിൽ 7.05ആണ്. ഇതുമൂലം സ്ത്രീ യാത്രക്കാർ അടക്കം നേരത്തേ വീട്ടിൽനിന്ന് ഇറങ്ങേണ്ട സാഹചര്യമാണ്. തുടർന്നുള്ള സ്റ്റോപ്പുകളിൽ 15 മിനിറ്റിലേറെ നേരെത്തേ എത്തിച്ചേരുന്ന വിധമാണ് പുതിയ സമയക്രമം. ഇത് കോട്ടയം-എറണാകുളം സ്ഥിര യാത്രക്കാർക്ക് തിരിച്ചടിയാണ്. രാവിലെ സ്റ്റേഷനിൽ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യമില്ലാത്തതും സ്ത്രീകൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഇതിന് പരിഹാരം കാണണമെന്നും ആവശ്യമുയരുന്നു.
തൃപ്പൂണിത്തുറയിൽനിന്ന് എറണാകുളം ടൗണിൽ എത്തിച്ചേരാൻ 35 മിനിറ്റ് സമയമാണ് ഇപ്പോളും അനുവദിച്ചിരിക്കുന്നത്. ഇത് മാറ്റിയാൽ കോട്ടയമടക്കമുള്ള സ്ഥലങ്ങളിൽനിന്ന് 7.12 എന്ന പഴയസമയക്രമം തന്നെ തുടരാൻ കഴിയുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. എല്ലാ ദിവസവും കൊല്ലം ജങ്ഷനിൽ നാല് മണിക്ക് എത്തിച്ചേരുന്ന പാലരുവിയുടെ പുറപ്പെടേണ്ട സമയം അഞ്ചുമണിയാണ്. ഈ സമയത്തിൽ ഒരു വ്യത്യാസവും വരുത്താതെയാണ് കോട്ടയം മുതൽ പാലക്കാട് വരെ മാത്രം ട്രെയിൻ സമയം പുനഃക്രമീകരിച്ചത്. യാത്രക്കാർ അധികമുള്ള ഏറ്റുമാനൂർ, അങ്കമാലി, ചാലക്കുടി, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി പോലുള്ള പ്രധാന സ്റ്റേഷനുകളിൽ ഇപ്പോഴും ഇതിന് സ്റ്റോപ് അനുവദിച്ചിട്ടില്ല.
2017ഏപ്രിലാണ് പാലരുവി എന്ന പേരിൽ ട്രെയിൻ നമ്പർ 16791 സർവിസ് ആരംഭിക്കുന്നത്. ആദ്യം പുനലൂർ മുതൽ പാലക്കാട് വരെയായിരുന്ന പാലരുവി, 2018 ജൂലൈ ഒമ്പതിന് തിരുനെൽവേലി വരെ നീട്ടുകയായിരുന്നു.
2019 സെപ്റ്റംബറിലാണ് സ്ലീപ്പർ കോച്ചുകൾ ഈ ട്രെയിനിൽ അനുവദിക്കുന്നത്. തിരുനെൽവേലിയിൽനിന്ന് ആദ്യം ട്രെയിൻ ആരംഭിച്ചിരുന്നത് രാത്രി 10.45ന് ആയിരുന്നു. പിന്നീട് ട്രെയിൻ സമയം 11.20 ലേക്ക് മാറ്റി. പരശുറാം അടക്കമുള്ള ട്രെയിനുകളുടെ സമയവും പരിഷ്കരിച്ചിട്ടുണ്ട്. ഷൊർണൂർ-മംഗലാപരം റൂട്ടിലാണ് മാറ്റം. വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് റെയിവേയുടെ തീരുമാനമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.