വേനല്‍ചൂടിൽ വേറിട്ട രുചിയുമായി 'പനനൊങ്ക്' താരമാകുന്നു
text_fieldsകോട്ടയം: ജില്ലയിലും പാതയോരങ്ങളില്‍ പനനൊങ്ക് വില്പന സജീവമായി. വേനല്‍ചൂട് ആരംഭിച്ചതോടെ പനനൊങ്കിന് ആവശ്യക്കാരും ഏറി. പെണ്കരിമ്പനകളില്നിന്ന് ശേഖരിക്കുന്ന മധുരമുള്ള നൊങ്കാണ് പാതയോരത്ത് വില്‍ക്കുന്നത്. ഒരുനൊങ്കിന് 30 രൂപയാണ് വില.
നൊങ്ക് ചെത്തി കണ്ണുകള്‍ മാത്രമായി പ്ലാസ്റ്റിക് കവറിലിട്ട് നല്‍കും. വാഹനങ്ങളില്‍ വരുന്നവര്‍ കൂട്ടത്തോടെ വാങ്ങി കൊണ്ടുപോകുന്നുമുണ്ട്. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം തുടങ്ങി തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍നിന്നുള്ള വ്യാപാരികളാണ് തെങ്ങ് ഇളനീരിനൊപ്പം കരിമ്പന നൊങ്ക് വ്യാപാരികള്‍ക്ക് എത്തിച്ചുകൊടുക്കുന്നത്.
ശനി, ഞായര്‍ തുടങ്ങിയ അവധിദിനങ്ങളിലാണ് കൂടുതല്‍ കച്ചവടം. തമിഴ്നാട്ടിലെ കരിമ്പനകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഒരു പനക്ക് 300 രൂപ പാട്ടം നല്‍കിയാണ് വ്യാപാരികള്‍ നൊങ്ക് ശേഖരിക്കുന്നത്.
വര്‍ഷത്തില്‍ അഞ്ചുമാസത്തോളം നൊങ്ക് ലഭിക്കും. താഴെ വീണ് പൊട്ടിപ്പോകാതിരിക്കാന്‍ നൊങ്ക് കുലകള്‍ കയര്‍കെട്ടി ഇറക്കിയാണ് കച്ചവടത്തിന് സംഭരിക്കുന്നത്. വെട്ടിയിറക്കിയ നൊങ്കുകള്‍ പത്തുദിവസത്തോളം കേടുകൂടാതെ വില്പന നടത്താന്‍ കഴിയുമെന്ന് വ്യാപാരികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.