സ്വകാര്യബസുകളുമായി ‘മത്സരിക്കാൻ’ കെ.എസ്.ആർ.ടി.സി നിരക്കിളവിന് കൈകാട്ടി യാത്രക്കാർ
text_fieldsകോട്ടയം: സ്വകാര്യബസുകളുമായി ‘മത്സരിക്കാൻ’ കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന നിരക്ക് ഇളവ് സർവിസുകൾക്ക് മികച്ച പ്രതികരണം. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്നായി 17 സര്‍വിസുകളാണ് ഇത്തരത്തിൽ ഓപറേറ്റ് ചെയ്യുന്നത്. ഇതിലെല്ലാം യാത്രക്കാരുടെ എണ്ണം വർധിച്ചതായാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്. കിഴക്കൻ മേഖലകളിലേക്കുള്ള സർവിസുകളിൽ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിനു മുകളില്‍ സൂപ്പര്‍ ക്ലാസ് സർവിസുകൾ നടത്താന്‍ കഴിയില്ലെന്ന ഉത്തരവിനെ തുടര്‍ന്ന് ഏറ്റെടുത്ത റൂട്ടുകളിലാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെ.എസ്.ആര്.ടി.സി. ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചത്.
കെ.എസ്.ആര്.ടി.സി സര്‍വിസ് ഏറ്റെടുത്തുവെങ്കിലും പിന്നീട് സ്വകാര്യ ബസുകള്‍ ഹൈകോടതിയില്‍നിന്ന് താല്‍ക്കാലിക അനുമതി വാങ്ങി ഇതേ സമയത്തുതന്നെ സർവിസ് ആരംഭിച്ചു. ഇതോടെയാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെ.എസ്.ആര്.ടി.സി 30 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചത്. 2023ൽ ആരംഭിച്ച പുതിയ സർവിസുകളിലായിരുന്നു പരീക്ഷണം. സംസ്ഥാനത്ത് മൊത്തം 240 സർവിസുകളിലാണ് ടിക്കറ്റ് നിരക്കിൽ കുറവുവരുത്തിയിരിക്കുന്നത്.
നേരത്തെ തന്നെ സ്ഥിരം യാത്രികർക്ക് പ്രൈവറ്റ് ബസുകൾ നിരക്ക് ഇളവ് നൽകി വരുന്നുണ്ട്. കോട്ടയത്തുനിന്ന് കിഴക്കൻ മേഖലകളിലേക്കുള്ള ബസുകളിലായിരുന്നു ഇത് തുടക്കമിട്ടത്. പിന്നീട് മൈ ബസ് പ്രീപെയ്ഡ് കാർഡുകളെന്ന പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു. 15 ശതമാനം ഇളവായിരുന്നു കാർഡ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്.
ഇതിന്റെ ഇരട്ടിത്തുക കുറവ് കെ.എസ്.ആര്.ടി.സി ബസുകളിൽ വന്നതോടെ സ്ഥിരം യാത്രികർ പ്രൈവറ്റ് ബസുകളെ കൈവിട്ട് ആന വണ്ടിക്ക് കൈകാണിച്ചുതുടങ്ങിയതായി ജീവനക്കാർ പറയുന്നു. ബുക്കിങും വർധിച്ചിട്ടുണ്ട്. ഇപ്പോൾ എല്ലാ ദിവസങ്ങളിലും 40 സീറ്റുകൾവരെ ബുക്കിങ് നടത്തുന്ന സ്ഥിതിയാണ്. കോട്ടയം- എട്ട്, ചങ്ങനാശ്ശേരി - അഞ്ച്, പാലാ-ഒന്ന്, പൊന്‍കുന്നം-രണ്ട്, എരുമേലി - ഒന്ന് എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്നുള്ള നിരക്കിളവ് സർവിസുകള്‍. കോട്ടയം ഡിപ്പോയില്‍നിന്ന് പാണത്തൂര്‍, പെരിക്കല്ലൂര്‍, കട്ടപ്പന, ബൈസണ്‍വാലി, കുമളി വഴി എന്നിവിടങ്ങളിലേക്കാണ് നിരക്ക് ഇളവ് സര്‍വിസുകൾ. ചങ്ങനാശ്ശേരിയില്‍നിന്ന് കട്ടപ്പന, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിലേക്കും പൊന്‍കുന്നം ഡിപ്പോയില്‍നിന്ന് പാണത്തൂരിനൊപ്പം കോട്ടയം-നെടുങ്കണ്ടം-തോവാള സർവിസുമാണുള്ളത്. പാലായില്‍നിന്ന് പാണത്തൂരിലേക്കും എരുമേലി ഡിപ്പോയുടെ മണിമല- ചന്ദനക്കാംപാറ സർവിസിനും നിരക്ക് ഇളവ് ലഭ്യമാണ്. എരുമേലി ഡിപ്പോയിൽനിന്ന് തുലാപ്പള്ളി- എറണാകുളം സർവിസ് ഉടൻ തുടങ്ങുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
പത്തനംതിട്ടയില്‍ നിന്നുള്ള 20 ഇത്തരം സർവിസുകളും ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. കാഞ്ഞങ്ങാട്-പുനലൂര്‍, പത്തനാപുരം-ചന്ദനക്കാംപാറ, പത്തനംതിട്ട-പാടിച്ചിറ, വര്‍ക്കല-മുണ്ടക്കയം, ചാത്തന്നൂര്‍-കുമളി, കൊട്ടാരക്കര-കൊല്ലം-കുമളി, പുനലൂര്‍-എറണാകുളം, കൊല്ലം-കുമളി, കൊല്ലം-കോരുത്തോട്, അടൂര്‍-ആലുവ, അടൂര്‍-കൂട്ടാര്‍, പത്തനംതിട്ട-ചേനപ്പാടി-എറണാകുളം, പത്തനംതിട്ട-കാക്കനാട്-എറണാകുളം, പത്തനംതിട്ട-വീഗാലാന്‍ഡ്-എറണാകുളം, നെടുങ്കണ്ടം-അടിമാലി-പത്തനംതിട്ട, നെടുങ്കണ്ടം-കൊട്ടാരക്കര, ചെങ്ങന്നൂര്‍-കോമ്പയാര്‍ എന്നിവയാണ് ജില്ലയിലൂടെ കടന്നുപോകുന്ന സർവിസുകൾ.
ഇടുക്കി ജില്ലയിലെ കുമളി, നെടുങ്കണ്ടം, കട്ടപ്പന, മൂന്നാര്‍ ഡിപ്പോകളില്‍ നിന്നുള്ള ഇത്തരം സർവിസുകളും ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. നിരക്കിളവുള്ള ബസുകളുടെ മുന്നിലും പിന്നിലും പ്രത്യേക ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ, കെ.എസ്.ആർ.ടി.സിയുമായി മത്സരിക്കാൻ കഴിയാതെ ചില സ്വകാര്യബസുകൾ സർവിസ് നിർത്തി. ഇവർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുമുണ്ട്.
പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയായതിനാലാണ് ചില സർവിസുകൾ അവസാനിപ്പിക്കേണ്ടി വന്നതെന്ന് ഉടമകൾ പറയുന്നു.
സർക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുന്ന കെ.എസ്ആർ.ടി.സിയുടെ നിരക്കിളവ് പരീക്ഷണം പ്രതിസന്ധിയിലോടുന്ന സ്വകാര്യ ബസ് വ്യവസായത്തിന്റെ വയറ്റത്തടിക്കുന്ന നടപടിയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.