കോട്ടയത്ത് 74 കുടുംബങ്ങൾക്ക് ഭൂമി സ്വന്തമായി; വീടില്ലാത്തവർക്ക് വീട്, ഭൂരഹിതർക്ക് ഭൂമി -മന്ത്രി വി.എൻ. വാസവൻ
text_fieldsകോട്ടയം: വീടില്ലാത്തവർക്ക് വീടും ഭൂമിയില്ലാത്തവർക്ക് ഭൂമിയും ലഭ്യമാക്കുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ജില്ലതല പട്ടയമേള കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാർ ചുമതലയേറ്റ് നൂറുദിവസത്തിനുള്ളിൽ 13,500 പേർക്ക് പട്ടയം നൽകാനായി.
നൂറുദിനത്തിനുള്ളിൽ 10,000 തൊഴിലവസരം സൃഷ്ടിക്കാനാണ് സഹകരണവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും 16,345 പേർക്ക് തൊഴിൽ നൽകാനായി. പട്ടയം ലഭിച്ചവർ ഭൂമി ക്രയവിക്രയം ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ആനിക്കാട് പാറക്കൽ തെയ്യാമ്മ ബേബിക്ക് പട്ടയം നൽകിയാണ് വിതരണോദ്ഘാടനം നിർവഹിച്ചത്.
ജില്ലയിൽ 74 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടൻ എം.പി, കലക്ടർ പി.കെ. ജയശ്രീ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ്കലക്ടർ രാജീവ് കുമാർ ചൗധരി, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി കലക്ടർ സോളി ആൻറണി എന്നിവർ സംസാരിച്ചു. കോട്ടയം -20, കാഞ്ഞിരപ്പള്ളി -12, ചങ്ങനാശ്ശേരി -14, വൈക്കം -15, മീനച്ചിൽ -13 എന്നിങ്ങനെയാണ് താലൂക്കുകളിൽ നൽകിയത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം പട്ടയങ്ങൾ താലൂക്ക് തലങ്ങളിലാണ് വിതരണം ചെയ്തത്.കാഞ്ഞിരപ്പള്ളി താലൂക്ക്തല പട്ടയമേള സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പൂതോളിക്കൽ ആൻറണി വർക്കിക്ക് ആദ്യ പട്ടയം നൽകി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. ചങ്ങനാശ്ശേരി താലൂക്കുതല പട്ടയമേള ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷതവഹിച്ചു. വൈക്കത്ത് സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രഞ്ജിത് അധ്യക്ഷതവഹിച്ചു. മീനച്ചിലിൽ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷതവഹിച്ചു.
60 വർഷത്തിനുശേഷം കമലമ്മക്ക് സ്വന്തം ഭൂമി
കോട്ടയം: 60 വർഷത്തെ കാത്തിരിപ്പിനുശേഷം ഭൂമി സ്വന്തമായ സന്തോഷത്തിലാണ് 81കാരിയായ പൂഞ്ഞാർ നടുഭാഗം വില്ലേജിൽ വഴിക്കടവ് വലിയ മുറ്റത്തുവീട്ടിൽ കമലമ്മ. മീനച്ചിൽ താലൂക്കിൽ നടന്ന പട്ടയമേളയിൽ 50 സെൻറ് ഭൂമിക്ക് പട്ടയംലഭിച്ചു. ഭർത്താവ് മരിയദാസ് 21 വർഷം മുമ്പ് മരിച്ചു. താമസിച്ചിരുന്ന പുരയിടത്തിൽ കൃഷി ചെയ്തും കൂലിപ്പണിയെടുത്തുമാണ് വരുമാനം കണ്ടെത്തിയിരുന്നത്. പട്ടയം ലഭിക്കാത്തതിനാൽ ഭവനനിർമാണ പദ്ധതികൾക്കായി അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
കിടപ്പാടത്തിന് ഭൂമിയായി; മനം നിറഞ്ഞ് മായിൻകുട്ടി
കോട്ടയം: മൂന്നര പതിറ്റാണ്ടിെൻറ കാത്തിരിപ്പിനൊടുവിൽ മുക്കാൽ സെൻറ് ഭൂമിക്ക് അവകാശിയായതിെൻറ സന്തോഷത്തിലാണ് കുരിശുംമൂട് പുതുപ്പറമ്പിൽ മായിൻകുട്ടി. ആറുവർഷം മുമ്പ് ഭാര്യ മരിച്ചു. അധികം വൈകാതെ മൂത്ത രണ്ടു മക്കൾ മരിച്ചു. ഇടുങ്ങിയ വീട്ടിൽ ഒരുമിച്ച് ജീവിക്കാൻ സാധ്യമല്ലാത്തതിനാൽ ഇളയ മകനും കുടുംബവും വാടകക്കാണ് താമസം. 'ആയ കാലത്ത് നന്നായി പണിയെടുത്തതാ, ഇപ്പോ വയ്യ. കണ്ണടയുന്നതിന് മുമ്പ് പട്ടയം കിട്ടണോന്ന് വല്യ ആഗ്രഹമായിരുന്നു. ഇന്നത് സാധിച്ചു' ജോബ് മൈക്കിൾ എം.എൽ.എയുടെ കൈയിൽനിന്ന് സ്വീകരിച്ച പട്ടയം പിടിച്ച് മായിൻകുട്ടി പറഞ്ഞു.
വാഴപ്പള്ളി കിഴക്ക് വില്ലേജ് പരിധിയിലെ പാറപുറമ്പോക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതാണ് മായിൻ കുട്ടിയുടെ മുക്കാൽ സെൻറ് വസ്തു. പാറഭൂമി പതിച്ചുകൊടുക്കാനും ഒരു സെൻറിൽ താഴെയുള്ള ഭൂമിക്ക് പട്ടയം നൽകാനും നിലവിൽ നിയമമില്ലാത്തതിനാൽ പ്രത്യേക സർക്കാർ ഉത്തരവിലൂടെയാണ് പട്ടയം സാധ്യമാക്കിയത്. പട്ടയം കിട്ടിയതിനാൽ ഭവന പദ്ധതയിലൂടെ കെട്ടുറപ്പുള്ള വീടുെവച്ച് മകനും കുടുംബവുമൊത്തു താമസിക്കാമെന്ന സന്തോഷത്തോടെയാണ് മായിൻകുട്ടി വീട്ടിലേക്ക് മടങ്ങിയത്.
പെരുമ്പാറ കോളനിയിൽ 14 കുടുംബങ്ങൾക്ക് പട്ടയമായി
കോട്ടയം: സ്വന്തമായൊരു തുണ്ട് ഭൂമിക്കായി ആനിക്കാട് പെരുമ്പാറ കോളനി നിവാസികളുടെ അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം.
കോളനിയിൽ താമസിക്കുന്ന 14 കുടുംബങ്ങൾക്ക് ജില്ലതല പട്ടയമേളയിൽ മന്ത്രി വി.എൻ. വാസവൻ പട്ടയരേഖ കൈമാറി. 'പൂർവികരായിട്ട് താമസിച്ച് വരുന്നതിനിടെയാണ്. ഇതിൽപരം സന്തോഷം വേറെയില്ല' സന്തോഷത്തോടെ പട്ടയരേഖ കൈപ്പറ്റിയ മേരി വർക്കി പറഞ്ഞു.
പട്ടയമില്ലാത്തതിനാൽ വീട് നിർമിക്കുന്നതിനോ വീട് അറ്റകുറ്റപ്പണിക്കോ സർക്കാർ സഹായത്തിന് അപേക്ഷിക്കുന്നതിനുള്ള സാഹചര്യമില്ലായിരുന്നു.
സർക്കാർ പദ്ധതികൾക്ക് ഇനി ധൈര്യമായി അപേക്ഷിക്കാമെന്ന ആത്മവിശ്വാസത്തിലാണിവർ. ഇവർ താമസിച്ചിരുന്ന പുറമ്പോക്ക് ഭൂമിയിൽ പാറയുൾപ്പെട്ടിരുന്നത് പട്ടയം നൽകുന്നതിന് തടസ്സമായി. പ്രത്യേക ഉത്തരവിറക്കിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്.
1964ലെ ഭൂമിപതിവ് ചട്ടപ്രകാരമാണ് പെരുമ്പാറ കോളനിയിലെ തെയ്യാമ്മ ബേബി, കുഞ്ഞുമോൾ വർഗീസ്, ബിജു തോമസ്, അന്നക്കുട്ടി ടോമി, മാർക്കോസ് തോമസ്, സുരേന്ദ്രൻ പി.കെ, ശാന്തമ്മ, മറിയാമ്മ ജോൺ, ടോമി തോമസ്, ലീല ചാക്കോ, അനീഷ് ആൻണി, പി.സി. തോമസ്, മേരി വർക്കി, സിബി സെബാസ്റ്റ്യൻ എന്നിവർക്ക് പട്ടയം ലഭ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.