കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ്; അഖിൽ സി. വർഗീസ് തട്ടിയെടുത്തത് 2.40 കോടി
text_fieldsകോട്ടയം: നഗരസഭയിൽ പെൻഷൻ ഫണ്ടിൽനിന്ന് തട്ടിപ്പ് നടത്തിയ അഖിൽ സി. വർഗീസിന്റെ മാതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത് 2.40 കോടി.
2020 ഒക്ടോബർ മുതൽ 2024 ആഗസ്റ്റ് രണ്ടുവരെയുള്ള കണക്കാണിത്. സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഈ പ്രാഥമിക കണക്ക് കണ്ടെത്തിയത്. ചില ചെക്കുകൾ മടങ്ങുകയോ മറ്റോ ചെയ്തിട്ടുണ്ട്. അതിനാൽ കണക്കിൽ നേരിയ വ്യത്യാസം വന്നേക്കാം. റിപ്പോർട്ട് ആകുന്ന മുറക്കേ അന്തിമ കണക്ക് ലഭ്യമാവൂ. രണ്ട് ലക്ഷത്തിൽ തുടങ്ങി ഏഴു ലക്ഷം വരെയുള്ള തുകകളാണ് ഇക്കാലയളവിൽ പ്രതി മാതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കു മാറ്റിയത്. 2020 ഒക്ടോബറിൽ 2.64 ലക്ഷം രൂപയും അടുത്ത രണ്ടു മാസം 5.86 ലക്ഷവും മാറ്റി. പിന്നീട് തുക കുറച്ചു. ചില മാസം നാല് ലക്ഷംവരെ അയച്ചു. 2022 മാർച്ചിൽ 6.96 ലക്ഷമാണ് അയച്ചത്. 2024 ആഗസ്റ്റ് ആകുമ്പോഴേക്കും തുക 6.99 ലക്ഷമായി. ഒറ്റ അക്കൗണ്ടിലേക്ക് മാറ്റിയ തുക മാത്രമാണിത്. വേറെ ഏതെങ്കിലും അക്കൗണ്ടിലേക്കു തുക മാറ്റിയിട്ടുണ്ടെങ്കിൽ സമഗ്ര പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂ.
നഗരസഭയുടെ അക്കൗണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹാരാഷ്ട്ര ബാങ്ക്, ട്രഷറി എന്നിവിടങ്ങളിലെ രേഖകൾ പരിശോധിച്ചാണ് ഉദ്യോഗസ്ഥർ പ്രാഥമിക കണക്ക് തയാറാക്കിയത്. മറ്റേതെങ്കിലും അക്കൗണ്ട് കൂടി തട്ടിപ്പിന് ഉപയോഗിച്ചിരിക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. നഗരസഭയിൽ പെൻഷൻ രജിസ്റ്റർ കാണാത്തതിനാൽ നഷ്ടപ്പെട്ട തുക കൃത്യമായറിയാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ബാങ്കുകളോട് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. ഈ രേഖകൾ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് അടുത്ത ദിവസം കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.