നിർത്തൂ, ഈ കൊള്ളയടി... പാചകവാതക, പെട്രോൾ-ഡീസൽ വിലവർധനയിൽ പൊറുതിമുട്ടി ജനം
text_fieldsകോട്ടയം: ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലാണ് ജനം. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കര കയറുംമുമ്പ് സാധാരണക്കാരുടെ നടുവൊടിച്ച് പാചകവാതക, പെട്രോൾ-ഡീസൽ വില കുതിച്ചുയരുന്നു. കുടുംബങ്ങളെയും ഹോട്ടൽ-സ്വകാര്യ ബസ് വ്യവസായെത്തയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ് നിത്യേനയെന്നോണമുള്ള ഈ കൊള്ളയടി.
ഒരുമാസം വൈദ്യുതി, വെള്ളക്കരം തുടങ്ങിയവക്കൊപ്പം വലിയൊരു തുക വീട്ടുചെലവുകൾക്കായി മാറ്റിവെക്കണം. മാസങ്ങളായി പാചകവാതക സബ്സിഡി ലഭിക്കുന്നുമില്ല. 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് കോട്ടയത്ത് വെള്ളിയാഴ്ചത്തെ വില 726 രൂപയാണ്. ഡിസംബറിൽ രണ്ടുതവണയായി 100 രൂപ കൂട്ടി. കഴിഞ്ഞ വർഷം നവംബറിൽ ഗാർഹിക സിലിണ്ടറിെൻറ വില 601 ആയിരുന്നു.
ഡിസംബർ ആദ്യം 651 ആയും അവസാനം 701 രൂപ ആയും വില ഉയർന്നു. നവംബർ മുതൽ 125 രൂപയാണ് വർധിച്ചത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത് ഇരുട്ടടിയാണ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1536 രൂപയാണ് വില. വാണിജ്യ സിലിണ്ടറിന് ആറുരൂപ കുറച്ചെങ്കിലും കഴിഞ്ഞ മാസം 31ന് 191 രൂപ കൂട്ടിയിരുന്നു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമായിട്ടും വിലവർധനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നില്ല.
കുടുംബ ബജറ്റ് താളംതെറ്റി
അടിക്കടിയുണ്ടാകുന്ന പാചകവാതക വിലവര്‍ധന കുടുംബ ബജറ്റിെൻറ താളം തെറ്റിച്ചു. വീടുകളില്‍ ചെറുകിട കച്ചവടങ്ങള്‍ നടത്തുന്ന വീട്ടമ്മമാര്‍ക്ക് ഇത് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. എന്നാല്‍, അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി. വിറകിനും വില കൂടുതലാണ്. വിറകാണെങ്കിൽ കിട്ടാനില്ലാത്ത സ്ഥിതിയും. രാഷ്ട്രീയ കക്ഷികൾ പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധനക്കെതിരെ ശബ്ദമുയര്‍ത്താത്തത് പ്രതിഷേധാര്‍ഹമാണ്
-സതി ചന്ദ്രശേഖരന് (വീട്ടമ്മ), ചങ്ങനാശ്ശേരി.
പൊതുഗതാഗതത്തിന് സബ്സിഡി നൽകണം
കോവിഡ്കാലത്ത് നിർത്തിവെച്ച ബസ് സർവിസ് പുനരാരംഭിക്കുേമ്പാൾ ഡീസലിന് ലിറ്ററിന് 67.19 പൈസ ആയിരുന്നു വില. വെള്ളിയാഴ്ച അത് 83 രൂപയായി. ശരാശരി 75 ലിറ്റർ ഡീസൽ ദിനംപ്രതി അടിച്ചിടത്ത് ഇപ്പോൾ 65 ലിറ്ററേ അടിക്കുന്നുള്ളൂ. ആളില്ലാത്ത ചില ട്രിപ്പുകൾ ഒഴിവാക്കിയാണ് ഓടുന്നത്. ഡീസലിനുള്ള ചെലവുപോലും ചില ട്രിപ്പുകളിൽ കിട്ടുന്നില്ല. നിർത്തിവെച്ച 95 ശതമാനം ബസുകളും സർവിസ് തുടങ്ങിയെങ്കിലും യാത്രക്കാരില്ല. പൊതുഗതാഗതത്തിന് വൻ പ്രഹരമാണ് ഇന്ധന വിലവർധന. നികുതി കുറക്കാൻ സർക്കാറുകൾ തയാറാകാത്ത പക്ഷം പൊതുഗതാഗതത്തിന് സബ്സിഡി നൽകാനെങ്കിലും തയാറാകണം
-കെ.എസ്. സുരേഷ്, ജനറൽ സെക്രട്ടറി, ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ
ഹോട്ടൽമേഖലക്ക് കനത്ത പ്രഹരം
കോവിഡ് മഹാമാരി മൂലം നട്ടംതിരിയുന്ന ഹോട്ടൽമേഖലക്ക് കനത്ത പ്രഹരമാണ് പാചകവാതക വിലവർധന. തുടർച്ചയായ പെട്രോൾ, ഡീസൽ വില വർധനയെത്തുടർന്ന് ഭക്ഷ്യസാധന വിലയും വർധിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിെൻറ വില ഉയർന്നുനിന്ന ഘട്ടത്തിൽപോലും ഇത്രയും വിലവർധന ഉണ്ടായിട്ടില്ല. ഇപ്പോൾ ഏതാനും മാസത്തിനുള്ളിൽ 50 ശതമാനത്തിലേറെയാണ് വില കൂട്ടിയത്. കേന്ദ്രസർക്കാർ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കണം. അല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കും.
-എൻ. പ്രതീഷ്, ജില്ല സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.