രാജേഷിന്റെ കരൾ മാറ്റിവെക്കലിന് നാടൊരുമിക്കുന്നു
text_fieldsഅതിരമ്പുഴ: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ രാജേഷിന്റെ കരൾ മാറ്റിവെക്കാൻ നാടൊരുമിക്കുന്നു. അതിരമ്പുഴ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ഷന് സമീപം ചേനപ്പാടിയിൽ രാജേഷ് സി. കുമാറാണ് (46) കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നത്.
മഞ്ഞപ്പിത്തം വഷളായതോടെ കരളിനെ ഗുരുതരമായി ബാധിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലെ പരിശോധനയിൽ കരൾ മാറ്റിവെക്കുകയേ മാർഗമുള്ളൂവെന്ന് കണ്ടെത്തി. രക്തബന്ധത്തിലുള്ള ദാതാക്കൾ ഉണ്ടെങ്കിലേ മെഡിക്കൽ കോളജിൽ കരൾ മാറ്റിവെക്കാൻ സാധിക്കൂ. തുടർന്ന് പരിശോധന നടത്തിയെങ്കിലും ബന്ധുക്കളുടെ ആരുടെയും രക്തഗ്രൂപ്പുമായി ചേരാതെ വന്നതോടെയാണ് അമൃത ആശുപത്രിയെ സമീപിച്ചത്. കരൾ ദാതാവിനെ ലഭിച്ചതോടെ ശസ്ത്രക്രിയക്കുള്ള നടപടി വേഗത്തിൽ തന്നെ പൂർത്തിയാക്കി.
21ന് ശസ്ത്രക്രിയ നടത്താൻ തീരുമാനവുമായി. എന്നാൽ, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി വരുന്ന ഭീമമായ തുക കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് രാജേഷും കുടുംബവും. ഇതോടെ രാജേഷിന്റെ ചികിത്സക്ക് ആവശ്യമായ തുക സമാഹരിക്കുന്നതിനുവേണ്ടി അതിരമ്പുഴ പഞ്ചായത്തും നാട്ടുകാരും സംയുക്തമായി രംഗത്തിറങ്ങുകയാണ്.
അതിനായി വിപുലമായ ജനകീയ സമിതി രൂപവത്കരിച്ചു. 24ന് അതിരമ്പുഴ പഞ്ചായത്തിലെ 22 വാർഡിലും ഒരേ സമയം ഭവന സന്ദർശനം നടത്തി 30 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഫണ്ട് സമാഹരണത്തിനായി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളത്തിന്റെയും ജനറൽ കൺവീനർ അനിൽ നെൽസ് സക്കറിയാസിന്റെയും പേരിൽ അതിരമ്പുഴ റീജനൽ സർവിസ് സഹകരണ ബാങ്കിൽ ജോയന്റ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.