സ്ഥിര നിയമനം: കെ.പി.പി.എൽ തൊഴിലാളികളുടെ; കാത്തിരിപ്പ് നീളുന്നു
text_fieldsകോട്ടയം: സ്ഥിര നിയമനത്തിനുള്ള കെ.പി.പി.എൽ (പഴയ എച്ച്.എൻ.എൽ) തൊഴിലാളികളുടെ കാത്തിരിപ്പ് നീളുന്നു. ആഗസ്റ്റ് മുതൽ മൂന്നുമാസത്തേക്ക് കരാർ പുതുക്കി നൽകിയിരുന്നു. ഇതിനിടയിൽ സ്ഥിരനിയമനം നടപ്പാകുമെന്ന് അധികൃതർ തൊഴിലാളികൾക്ക് ഉറപ്പുനൽകിയിരുന്നു.
എന്നാൽ, ഇതുവരെ അനുകൂല നീക്കം ഉണ്ടായിട്ടില്ല. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കരാർ ഒപ്പിടാതെയാണ് തൊഴിലാളികളിൽ വലിയൊരു വിഭാഗം ആഗസ്റ്റ് മുതൽ ജോലി ചെയ്യുന്നത്. വിരമിച്ച ശേഷം കാലാവധി നീട്ടിക്കിട്ടിയ പത്തിൽ താഴെ പേർ മാത്രമാണ് കരാർരേഖ ഏറ്റുവാങ്ങിയത്. കെ.പി.പി.എല്ലിന്റെ പേരിൽ സർക്കാർ അഭിമാനം കൊള്ളുമ്പോഴും കമ്പനിയിൽ നടക്കുന്നത് കടുത്ത ചൂഷണമാണെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. തുച്ഛ ശമ്പളവും അമിത ജോലിഭാരവും എച്ച്.എൻ.എല്ലിൽ സ്ഥിരം ജീവനക്കാരായിരുന്ന ഇവരെ നിരാശരാക്കുന്നു. ഇതിനെതിരെ സംയുക്ത ട്രേഡ് യൂനിയൻ സമരരംഗത്താണ്.
തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകൾ നിശ്ചയിച്ച് സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ഇത് നടപ്പാക്കുന്നതിൽ സാമ്പത്തിക പ്രതിസന്ധി സർക്കാറിനെ പിന്നോട്ടുവലിക്കുന്നതായാണ് വിവരം. 2022 ജനുവരിയിലാണ് പഴയ സ്ഥിരം ജീവനക്കാർക്ക് മുൻഗണന നൽകി 245 തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്.
അമ്പതോളം അപ്രന്റിസുമാരും നൂറോളം ദിവസവേതനക്കാരുമുണ്ട്. കഴിഞ്ഞ ഏപ്രലിൽ സ്ഥിരനിയമനം നൽകുമെന്നാണ് വ്യവസായമന്ത്രി ഉറപ്പു നൽകിയിരുന്നത്. എന്നാൽ, ഇതുവരെ നടപ്പായിട്ടില്ല. മറ്റ് ആനുകൂല്യങ്ങളോ ഇൻഷുറൻസോ ഇല്ലാതെയാണ് അപകടസാധ്യതയുള്ള പ്ലാന്റുകളിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രണ്ടും മൂന്നും ഷിഫ്റ്റ് തുടർച്ചയായി ജോലി ചെയ്യേണ്ട അവസ്ഥയുണ്ട്. 2022 മേയിലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്.
വർഷങ്ങൾ പഴക്കമുള്ള മെഷീനറികളായതിനാൽ ഇടക്കിടെ പണിമുടക്കും. ബോയിലറിന്റെ ട്യൂബിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് രണ്ടാഴ്ച ഉൽപാദനം മുടങ്ങി. രണ്ടുദിവസം മുമ്പാണ് പുനരാരംഭിച്ചത്. മൂന്നു ബോയിലറുകളിൽ ഒന്നു മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരെണ്ണം പൂർണമായി നശിച്ചു. വനവിഭവങ്ങൾ കൃത്യമായി ലഭിക്കാത്തതും ഉൽപാദനം മുടങ്ങാൻ കാരണമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.