കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിൽഗ്രിം സെന്റർ തുറന്നു
text_fieldsകോട്ടയം: ശബരിപാതയുടെ നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന കരാറിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറിയതുകൊണ്ടാണ് അഞ്ചുവർഷം നഷ്ടപ്പെട്ടതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. 2016 നവംബർ 16നാണ് എം.ഒ.യു ഒപ്പുവെച്ചത്.
എന്നാൽ, സെപ്റ്റംബറിൽ കരാറിൽനിന്ന് പിന്മാറി. പിന്നീട് 2021 വീണ്ടും അനുമതിനൽകി. ചെലവ് വീണ്ടും വർധിച്ചു. നഷ്ടം സംഭവിച്ചത് കേരളത്തിലെ ജനങ്ങൾക്കാണ്. അഞ്ചുവർഷം വൈകിച്ചതിന് മറുപടി പറയേണ്ടത് സംസ്ഥാന സർക്കാറാണെന്നും പറഞ്ഞു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർമിച്ച പിൽഗ്രിം സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലെടുത്ത് മാത്രമേ വികസനം നടപ്പാക്കാനാവൂ. മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനാൽ ദേശീയപാത വികസനം അതിവേഗം നടപ്പാവുന്നുണ്ട്. പിൽഗ്രിം സെന്ററിൽ തീർഥാടകർക്ക് ഭക്ഷണം നൽകാൻ സൗകര്യം ഏർപ്പെടുത്തുകയോ കാന്റീൻ ആരംഭിക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
അതിനുള്ള സാമ്പത്തിക സഹായത്തിന് റെയിൽവേ മന്ത്രിയെ ഇടപെടുവിക്കാമെന്നും അദ്ദേഹം അറിയിച്ചു. ജോസ് കെ.മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ സംസാരിച്ചു. ഡിവിഷനൽ റെയിൽവേ മാനേജർ ആർ. മുകുന്ദ് സ്വാഗതവും ഡിവിഷനൽ കമേഴ്സ്യൽ മാനേജർ ജെറിൻ ആനന്ദ് നന്ദിയും പറഞ്ഞു.
ഏറ്റുമാനൂരിൽ സ്റ്റോപ്: റെയിൽവേ മന്ത്രിയെ അറിയിക്കും
കോട്ടയം: പാലരുവിക്ക് ഏറ്റുമാനൂരിൽ സ്റ്റോപ് വേണമെന്ന ആവശ്യം റെയിൽവേ മന്ത്രിയെ അറിയിക്കാമെന്നും അനുഭാവപൂർണമായ നിലപാട് എടുപ്പിക്കുമെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പ്രസംഗത്തിൽ തോമസ് ചാഴികാടൻ എം.പി ഉന്നയിച്ച വിഷയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.