ശബരിമല തീര്‍ഥാടനം; റെയില്‍വേ സ്റ്റേഷന് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ യോഗം 10ന്
text_fieldsകോട്ടയം: റെയില്‍വേ സ്റ്റേഷന് വികസനം, ശബരിമല തീര്‍ഥാടനം, പുതിയ ട്രെയിനുകള്‍, മറ്റ് അനുബന്ധ വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാൻ തോമസ് ചാഴികാടന് എം.പിയുടെ നിർദേശപ്രകാരം 10ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അവലോകന യോഗം ചേരും. തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കോട്ടയം റെയില്‍വേ സ്റ്റേഷനെയും മദര്‍ തെരേസ റോഡിനെയും (റബര്‍ ബോര്‍ഡ് ഹെഡ്ക്വാർട്ടേഴ്സ് ജങ്ഷന്) ബന്ധിപ്പിക്കുന്ന റോഡിന്റെ പുനര്‍നിർമാണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഡിവിഷനല്‍, സോണല്‍, റെയില്‍വേ ബോര്‍ഡ് തലത്തില്‍ കത്തുകള്‍ നല്‍കുകയും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും റോഡ് തകര്‍ന്നിട്ട് 17 മാസം കഴിഞ്ഞിട്ടും പുനര്‍നിര്‍മാണം ആരംഭിച്ചിട്ടില്ല. സ്റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ട്.
കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം, അനുബന്ധ പാര്‍ക്കിങ് സൗകര്യം എന്നിവ ഡിസംബറില്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നു നല്‍കണമെന്ന് എം.പി ആവശ്യപ്പെട്ടിട്ടുണ്ട്. ഗുഡ്സ് ഷെഡ് റോഡില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവും ചര്‍ച്ചയാകും. ഗുഡ്സ് ഷെഡ് റോഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം രണ്ടാം പ്രവേശന കവാടത്തിന്റെ പ്രസക്തി ഇല്ലാതാക്കും.
ടാക്സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രം പൊളിച്ചു മാറ്റാനുള്ള നീക്കം, ശബരിമല തീര്‍ഥാടന കാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് സ്പെഷല്‍ ട്രെയിനുകള്‍ക്ക് പുറമെ സംസ്ഥാനത്തിനുള്ളില്‍ ഓടുന്നതും ആവശ്യാനുസരണം ജനറല്‍ കോച്ചുകള്‍ ഉള്ളതുമായ സ്പെഷല്‍ ട്രെയിനുകളുടെ സര്‍വിസ്, പിൽഗ്രിം സെന്റർ, പ്ലാറ്റ്ഫോമുകൾ, കാത്തിരിപ്പുകേന്ദ്രം എന്നിവയുടെ അറ്റകുറ്റപ്പണിയും ചര്‍ച്ചയാകും.
വിവിധ ട്രെയിനുകള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിൽ എത്തുന്ന മുറക്ക് എരുമേലി, പമ്പ എന്നിവിടങ്ങളിലേക്ക് തീര്‍ഥാടകരുടെ എണ്ണത്തിന് അനുസൃതമായി ആവശ്യാനുസരണം കെ.എസ്.ആർ.ടി.സി ബസുകള്‍ ഉറപ്പുവരുത്തണം. ബസുകള്‍ സ്റ്റേഷന് പരിസരത്തേക്ക് പ്രവേശിക്കുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണം.
കോട്ടയം, ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മുഴുവന്‍ പ്ലാറ്റ്ഫോമുകള്‍ക്കും മേല്‍ക്കൂര പണിയണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. കുമരനെല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അപ്ലൈനില്‍ അടിയന്തരമായി പ്ലാറ്റ്ഫോമും രണ്ട് പ്ലാറ്റുഫോമുകളെ തമ്മില്‍ ബന്ധിപ്പിച്ച് നടപ്പാതയും ആവശ്യമായ പ്ലാറ്റ്ഫോം ഷെല്‍ട്ടറും നിർമിക്കണം. ആഴ്ചയില്‍ രണ്ട് ദിവസം സര്‍വിസ് നടത്തുന്ന കൊച്ചുവേളി-മുംബൈ ലോകമാന്യ തിലക് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ദിവസേന സര്‍വിസ് നടത്തുക, തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് കോട്ടയം വഴി രാത്രികാല സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ആരംഭിക്കുക, നിലവില്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം സര്‍വിസ് നടത്തുന്ന തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് പ്രതിദിന സര്‍വിസ് ആക്കുക, ട്രെയിനിലെ പഴകിയ ഐ.സി.എഫ് കോച്ചുകള്‍ക്ക് പകരം ആധുനിക എൽ.എച്ച്.ബി കോച്ചുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.