ഏക്കറിന് 15,000 രൂപ; പൈനാപ്പിൾ തണ്ടിന് വൻ ഡിമാൻഡ്
text_fieldsപശുക്കൾക്ക് നൽകാൻ കൂട്ടിയിട്ട പൈനാപ്പിൾ തണ്ട്
കോട്ടയം: ആർക്കും വേണ്ടാതെ കളനാശിനി അടിച്ച് നശിപ്പിച്ചുകളഞ്ഞിരുന്ന പൈനാപ്പിൾ തണ്ടിന് വൻ ഡിമാൻഡ്. ഒരക്കേറിലെ പൈനാപ്പിൾ തണ്ടിന് 15,000 രൂപ മുതൽ നൽകണം ഇപ്പോൾ. ആ വിലക്കും കിട്ടാനില്ല. ക്ഷീര കർഷകരാണ് പൈനാപ്പിൾ തണ്ടിന്റെ ഉപഭോക്താക്കൾ. വർഷങ്ങളായി പശുക്കൾക്ക് പൈനാപ്പിൾ തണ്ട് മാത്രം നൽകുന്ന ക്ഷീര കർഷകരുമുണ്ട്. ജില്ലയിലെ മലയോര മേഖലയിലെല്ലാം പാട്ടത്തിനെടുത്തും അല്ലാതെയും പൈനാപ്പിൾ കൃഷി വ്യാപകമാണ്. രണ്ട് മുതൽ മൂന്നുവർഷം വരെ കൂടുമ്പോൾ വിളവെടുപ്പ് കഴിഞ്ഞാൽ തണ്ട് ഉപേക്ഷിക്കുകയാണ് പതിവ്. സ്ഥലം എളുപ്പം ഒഴിവായിക്കിട്ടാൻ പലരും കളനാശിനി തളിക്കും. പശുക്കൾക്ക് പൈനാപ്പിൾ തണ്ട് ഇഷ്ടമാണ്. പച്ചപ്പുള്ളതിനാൽ പാൽ ഉൽപാദനവും കൂടുതലായിരിക്കും. ക്ഷീരകർഷകർക്ക് പൈനാപ്പിൾ തണ്ട് വെറുതെ കൊടുക്കുകയായിരുന്നു ആദ്യകാലത്ത് ചെയ്തിരുന്നത്.
വർഷം മുഴുവൻ കിട്ടുന്നതിനാൽ വൻകിട ഫാം ഉടമകൾക്ക് പ്രയോജനകരമായിരുന്നു. പശുക്കൾക്ക് തീറ്റ കിട്ടും. സ്ഥലം ഉടമക്ക് വസ്തു തെളിച്ചുകിട്ടുകയും ചെയ്യും. ഇങ്ങനെ പരസ്പര സഹായമായി തുടർന്നുകൊണ്ടിരുന്ന ഇടപാടിനാണ് വിലയിട്ടത്. പൈനാപ്പിൾ തണ്ട് വടക്കൻ ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കും ലോഡുകണക്കിന് കയറ്റി പോകുന്ന കാഴ്ചയാണ് ഇപ്പോൾ തോട്ടങ്ങളിൽ കണ്ടുവരുന്നത്. തമിഴ്നാട്ടിൽ വലിയ തോതിൽ പശു ഫാമുകളുണ്ട്. നിരവധി മലയാളികൾ അവിടങ്ങളിൽ ഫാമുകൾ നടത്തുന്നുണ്ട്. അവിടെ വിപണി കിട്ടിയതോടെ ജില്ലയിലെ കർഷകർക്ക് പൈനാപ്പിൾ തണ്ട് കിട്ടാനില്ല. കോവിഡ് സമയത്ത് ആരംഭിച്ച കൃഷിയിലെ പൈാനാപ്പിൾ തണ്ടുകളാണ് ഇപ്പോൾ കിട്ടുന്നത്.
എന്നാൽ, ആ സമയത്ത് കൃഷി ഗണ്യമായി കുറഞ്ഞിരുന്നത് കൊണ്ടാണ് ഇപ്പോൾ പൈനാപ്പിൾ തണ്ടിന് ക്ഷാമമെന്നാണ് കർഷകർ പറയുന്നത്. വലിയ ഫാമുകൾക്കാണ് ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വേനൽക്കാലത്ത് പുല്ലിന് പകരം നൽകാൻ ഇതിലും നല്ല തീറ്റ വേറെയില്ലാത്തതിനാൽ ജില്ലയിലെ 90 ശതമാനം ക്ഷീരകർഷകരും പൈനാപ്പിൾ തണ്ടിനെയാണ് ആശ്രയിക്കുന്നത്.
വാഹനങ്ങൾ വഴിയിൽ തടയും
പൈനാപ്പിൾ തണ്ടിന്റെ ലഭ്യതക്കുറവ് ക്ഷീരമേഖലയിൽ വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. അന്യസംസ്ഥാനത്തെ വലിയ ഫാമുടമകൾ നടത്തുന്ന സംഘടിത ശ്രമമാണിതിന് പിന്നിൽ. ലോഡുകണക്കിന് പൈനാപ്പിൾ തണ്ടുകളാണ് തമിഴ്നാട്ടിലേക്ക് കയറ്റിക്കൊണ്ടുപോകുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ട് നിയന്ത്രണം കൊണ്ടുവരണമെന്നും അല്ലെങ്കിൽ പൈനാപ്പിൾ തണ്ട് കൊണ്ടുപോകുന്ന വാഹനങ്ങൾ വഴിയിൽ തടയുമെന്നും കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.
10 വർഷമായി പൈനാപ്പിൾ തണ്ട് നൽകുന്നു
140 പശുക്കളാണ് ഫാമിലുള്ളത്. പത്ത് വർഷമായി പശുവിന് പൈനാപ്പിൾ തണ്ട് മാത്രമാണ് നൽകുന്നത്. ആറ് ടൺ വേണം ഒരുദിവസത്തെ തീറ്റക്ക്. അത്രയും പുല്ല് കിട്ടാൻ വഴിയില്ല. അതുകൊണ്ടാണ് പൈനാപ്പിൾ തണ്ട് കൊടുക്കുന്നത്. നേരത്തെ വെറുതെ കിട്ടിയിരുന്നു. ഇപ്പോൾ 15,000 രൂപയാണ് ഒരേക്കറിലെ തണ്ടിന് ചോദിക്കുന്നത്. ആറുപേരെ ജോലിക്കു നിർത്തി തണ്ടെടുത്ത് വാഹനത്തിൽ വീട്ടിലെത്തിച്ച് അരിഞ്ഞു നൽകണം. അതിന്റെ ചെലവുമുണ്ട്.
-ബിജു, വട്ടമുകളേൽ ഫാം ഉടമ കുറവിലങ്ങാട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.