തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് വീണ്ടും പ്ലാസ്റ്ററിങ് അടർന്നുവീണു
text_fieldsകോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് രണ്ടാംദിവസവും പ്ലാസ്റ്ററിങ് അടർന്നുവീണു. അപകടസാധ്യത മുന്നിൽകണ്ട് പൊലീസ് ടെമ്പിൾ റോഡ് ഭാഗികമായി ബാരിക്കേഡ് കെട്ടിടച്ചു.
തിരക്കുപിടിച്ച നഗരമധ്യത്തിൽ വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് കെട്ടിടം പൊളിക്കുന്നതെന്ന് ആക്ഷേപം നിലനിൽക്കെയാണ് സംഭവം. മൂന്നുനിലയുള്ള കെട്ടിടത്തിന്റെ അകത്തെ ഭാഗത്തെ താഴത്തെ തൂണുകളാണ് ആദ്യം തകർക്കുന്നത്. ഇതോടെ കെട്ടിടം അകത്തേക്ക് ചരിയും. തുടർന്നാണ് പൊളിച്ചുമാറ്റുന്നത്. കെട്ടിടത്തിലെ കമ്പികൾ മാറ്റേണ്ടതിനാൽ പൊളിക്കലിന് വേഗമില്ല.
കെട്ടിടത്തിലെ വാതിലുകളും ജനലുകളും ആദ്യം പൊളിച്ചുനീക്കിയിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് കെട്ടിടത്തിൽനിന്ന് പ്ലാസ്റ്ററിങ് അടർന്നുവീണത്. ആരുടെയും ദേഹത്തുവീഴാത്തതിനാൽ അപകടമുണ്ടായില്ല.
പോസ്റ്റ് ഓഫിസ് റോഡിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തൂണുകൾ ഇളകിനിൽക്കുകയാണ്. ഇത് എപ്പോൾ വേണമെങ്കിലും വീഴാമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
കനത്തമഴ തുടരുന്നതിനാലും ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുന്നതിന്റെ ആഘാതത്തിലും ഈഭാഗം തകർന്നുവീഴാൻ സാധ്യതയുണ്ട്. ഇളകിയ ഭാഗം പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വൈദ്യുതി കണക്ഷന്റെ സ്വിച്ച് ബോർഡ് ഉള്ളതിനാൽ പൊളിക്കാൻ കഴിയില്ലെന്നാണ് കരാറുകാരൻ പറയുന്നത്. സദാസമയവും യാത്രക്കാർ നടന്നുപോകുന്ന റോഡാണിത്.
ഇവിടത്തെ രാജധാനി ഹോട്ടൽ കെട്ടിടത്തിൽനിന്ന് അനധികൃത നിർമിതി അടർന്നുവീണ് ഒരാൾ മരിച്ചത് അടുത്തിടെയാണ്. രാത്രിയും പകലുമായി 45 ദിവസംകൊണ്ട് കെട്ടിടം പൊളിച്ചുമാറ്റണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടറുടെ നിർദേശം.
നിലവിൽ പകൽ മാത്രമാണ് പൊളിക്കൽ നടക്കുന്നത്. രാത്രി വെളിച്ചമില്ലാത്തതിനാൽ പൊളിക്കാൻ കഴിയില്ലെന്നാണ് കരാറുകാരൻ പറയുന്നത്. കഴിഞ്ഞമാസം 13നാണ് കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. തുടർച്ചയായ മഴയും പൊളിക്കൽ നടപടി വൈകിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.