ഇരുട്ടിൽ മുങ്ങി; ലോഗോസ്-ശാസ്ത്രി നാലുവരിപ്പാത
text_fieldsകോട്ടയം: ഇരുട്ടിൽമുങ്ങി നഗരത്തിന്റെ ഹൃദയഭാഗമായ ലോഗോസ്-ശാസ്ത്രീ റോഡ്. വീതികൂട്ടി നവീകരിച്ചെങ്കിലും റോഡിൽ വെളിച്ചം ഇപ്പോഴും അകലെയാണ്. നഗരസഭയുടെയും ഭരണസിരാകേന്ദ്രത്തിന്റെയും മൂക്കിന് കീഴെയുള്ള പ്രധാനറോഡാണ് ഇപ്പോഴും ഇരുട്ടിൽ തപ്പുന്നത്. റെയിൽവേ സ്റ്റേഷൻ, നാഗമ്പടം ബസ് സ്റ്റാൻഡ് പോലുള്ള പ്രധാനയിടങ്ങളിലേക്ക് എത്താൻ യാത്രികർ നാലുവരിപ്പാതയെയാണ് ആശ്രയിക്കുന്നത്.
റെയിൽവേ റോഡ്, കലക്ടറേറ്റ് റോഡ്, ഗുഡ്ഷെപ്പേഡ് റോഡ് എന്നീ റോഡുകൾ സംഗമിക്കുന്ന ഭാഗമാണ് ലോഗോസ് റോഡ്. മുമ്പ് ശാസ്ത്രി റോഡ് ബസ് ബേയും ഇരുട്ടിലായിരുന്നു. നിരന്തര ആക്ഷേപങ്ങളെ തുടർന്നാണ് ബസ് ബേയിൽ വെളിച്ചമെത്തിക്കാനുള്ള നടപടി അധികൃതർ സ്വീകരിച്ചത്. എന്നാൽ, ലോഗോസ്, പോപ്പ് മൈതാനത്തിന് സമീപത്തെ റോഡ്, മറ്റ് ഇടറോഡുകൾ എന്നിവ ഇപ്പോഴും ഇരുട്ടിലാണ്.
വ്യാപാരസ്ഥാപനങ്ങൾ അടച്ചുകഴിഞ്ഞാൽ രാത്രിയിൽ വാഹനങ്ങളിൽനിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം. രണ്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ഇവിടെയുണ്ട്. സന്ധ്യകഴിഞ്ഞാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇരുട്ടിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
രാത്രിയായാൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ സാമൂഹിക വിരുദ്ധരുടെ പിടിയിലാണ്. നടപ്പാത ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാൽ കാൽനടക്കാർക്കും പ്രയോജനമില്ല. ലോഗോസ് ജങ്ഷനിലെ സിഗ്നൽ സമീപത്ത് ലൈറ്റുകൾ തെളിയാത്തത് പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.