പ്ലസ് ടു: കോട്ടയം ജില്ലയിൽ 82.54 ശതമാനം വിജയം
text_fieldsകോട്ടയം: പ്ലസ് ടു പരീക്ഷയിൽ വിജയശതമാനം ഉയർത്തി ജില്ല. കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ശതമാനത്തിന്റേതാണ് വർധന. കഴിഞ്ഞവർഷം 80.26 ശതമാനം പേരായിരുന്നു വിജയക്കടമ്പ താണ്ടിയതെങ്കിൽ ഇത്തവണ 82.54 ശതമാനമായി ഉയർന്നു. സംസ്ഥാനതലത്തിൽ എട്ടാം സ്ഥാനത്താണ് കോട്ടയം. 131 സ്കൂളുകളിലായി മൊത്തം 20,011 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
ഇതിൽ 16,518 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 2,123 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. എഴു സ്കൂൾ നൂറുശതമാനം വിജയം സ്വന്തമാക്കി. ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 64.66 ശതമാനമാണ് വിജയം. ആകെ 116 പേർ പരീക്ഷ എഴുതിയതിൽ 75 പേർ തുടർപഠനത്തിന് യോഗ്യത നേടി. ആർക്കും മുഴുവൻ വിഷയത്തിലും എ പ്ലസ് ഇല്ല.
ഓപൺ സ്കൂളിൽ 51.36 ശതമാനമാണ് വിജയം. ആകെ 257 പേർ പരീക്ഷ എഴുതിയതിൽ 132 പേർ വിജയിച്ചു. മൂന്ന് പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി. വി.എച്ച്.എസ്.ഇയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ വിജയശതമാനം ഉയർന്നു. 76.39 ശതമാനമാണ് വിജയം. വി.എച്ച്.എസ്.ഇയിൽ 1847 പേരാണ് ജില്ലയിൽ പരീക്ഷയെഴുതിയത്. ഇതിൽ 1411 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 68.22 ശതമാനം പേരായിരുന്നു വിജയിച്ചത്.
നൂറുശതമാനം വിജയം സ്വന്തമാക്കിയ സ്കൂളുകൾ
(ബ്രാക്കറ്റിൽ പരീക്ഷ എഴുതിയവരുടെ എണ്ണം)
തലയോലപ്പറമ്പ് നീർപ്പാറ ബധിര വിദ്യാലയം (20)
കോട്ടയം സെന്റ് ആൻസ് ജി.എച്ച്.എസ്.എസ് (266)
വാഴപ്പള്ളി സെന്റ് തേരേസാസ് ജി.എച്ച്.എസ്.എസ് (164)
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഇ.എം.എച്ച്.എസ്.എസ് (99)
നട്ടാശ്ശേരി എസ്.വി.ആർ.വി.എസ് ഇ.എം.എച്ച്.എസ്.എസ് (ഒന്ന്)
ചങ്ങനാശ്ശേരി ചെത്തിപ്പുഴ ക്രിസ്തുജ്യോതി എച്ച്.എസ്.എസ് (148)
പാലാ വിൻസന്റ് ഡി പോൾ എച്ച്.എസ്.എസ് (95)
ഇരുപതാംതവണയും നൂറുമേനിയിൽ നീർപ്പാറ ബധിര വിദ്യാലയം
നീർപാറ: തുടർച്ചയായ ഇരുപതാം തവണയും നൂറുശതമാനം വിജയനിറവിൽ നീർപ്പാറ ബധിര വിദ്യാലയം. 20 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. എല്ലാ വിദ്യാർഥികളും 67 ശതമാനത്തിന് മുകളിൽ മാർക്ക് സ്വന്തമാക്കിയാണ് സ്കൂൾ വീണ്ടും അഭിമാനനേട്ടം എത്തിപ്പിടിച്ചത്.
എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയ അവിൽ ജെയിംസ് സ്കൂളിലെ ഒന്നാമനായി.പാഠഭാഗങ്ങളോടൊപ്പം ഇംഗ്ലീഷ് ഗ്രാമറിൽ പ്രത്യേക പരിശീലനത്തിനൊപ്പം പ്ലസ് ടു പഠനത്തിനുശേഷം യോജിച്ച തുടർപഠന മേഖലകൾ തെരഞ്ഞെടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി കരിയർ ഗൈഡൻസ് ക്ലാസുകളും നടത്തിയിരുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ടുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്മേഷത്തിനുമായി സ്കൂളിലെ നീന്തൽ കുളത്തിൽ നീന്തൽ പരിശീലനവും നൽകിയിരുന്നു. പ്രാക്ടിക്കൽ പരീക്ഷകൾക്ക് സജ്ജരാക്കുന്നതിനായി വിവിധ വിഷയങ്ങൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ലാബും സജ്ജീകരിച്ചിരുന്നു.
അഭിമാനം ഇവർ: 1200/1200
കോട്ടയം/ചങ്ങനാശ്ശേരി: മിടുമിടുക്കരായി ജില്ലയിൽ അഞ്ചുപേർ. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും സ്വന്തമാക്കിയാണ് ഇവർ അഭിമാനനേട്ടം സ്വന്തമാക്കിയത്. ചെത്തിപ്പുഴ ക്രിസ്തുജ്യോതി എച്ച്.എസ്.എസിലെ നന്ദന വിപിൻ, പാലാ സെന്റ് മേരീസ് എച്ച്.എസ്.എസിലെ കാവ്യ ഹരീന്ദ്രൻ, കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് എച്ച്.എസ്.എസിലെ ആർഷ മരിയ സാവിയോ, മാന്നാനം കെ.ഇ ഇ.എം.എച്ച്.എസ്.എസിലെ ജെ. ശിവരൂപ്, അനഘ സുനീഷ് എന്നിവരാണ് 1200ൽ 1200 മാർക്കും സ്വന്തമാക്കിയത്.
തേക്കടിയില്‍ കുടുംബവുമൊത്ത് വിനോദയാത്ര നടത്തുന്നതിനിടയിലാണ് നന്ദനയെ തേടി സന്തോഷ വാര്‍ത്തയെത്തിയത്. ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഹയര്‍ സെക്കൻഡറി സ്കൂളിലെ സയന്‍സ് ബാച്ച് വിദ്യാർഥിയായ നന്ദന, കൊല്ലം സരസില്‍ ബിസിനസുകാരനായ വിപിന്‍ കുമാറിന്റെയും കായംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപിക മായ വിപിന്റെയും രണ്ടാമത്തെ മകളാണ്. കൊല്ലം മൗണ്ട് കാര്‍മൽ ആഗ്ലോ ഇന്ത്യന്‍ സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. ചിട്ടയായ പഠനമാണ് തന്നെ വിജയത്തിലേക്ക് നയിച്ചതെന്നും അധ്യാപകരുടെയും മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ തനിക്ക് ലഭിച്ചുവെന്നും മുഴുവൻ മാര്‍ക്ക് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നന്ദന പറഞ്ഞു. നന്ദന നീറ്റ് പരീക്ഷ പരിശീലനത്തിന് പാലാ ബ്രില്യന്‍സിൽ ചേർന്നിരിക്കുകയാണ്.
മുഴുവൻ മാർക്കും നേടിയ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഹയർസെക്കൻഡറി സ്കൂളിലെ ജെ.ശിവരൂപ്, തിരുവനന്തപുരംസെക്രട്ടറിയേറ്റിലെ സെക്ഷൻ ഓഫിസർ ജയപ്രസാദിന്റെയും കൊല്ലം എസ്.എൻ.കോളജ്അസി. പ്രഫസർ ദേവപ്രിയയുടെയും മകനാണ്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 99.9 മാർക്ക് നേടിയ ശിവരൂപ് നീറ്റ് പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്. മാന്നാനം കുര്യാക്കോസ് ഏലിയാസ് ഹയർസെക്കൻഡറി സ്കൂളിനെ തന്നെ അനഘ സുനീഷും മുഴുവൻ മാർക്കും നേടി. കോന്നി ഗവ. മെഡിക്കൽ കോളജിലെ ഡോ. ബി.എസ്.സുനീഷിന്റെയും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അസി.എൻജിനീയർ അഞ്ചു സുധാകരന്റെയും മകളാണ്. നീറ്റ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന അനഘ ഡൽഹി എയിംസിൽ എം.ബി.ബി.എസ് പഠിക്കുവാനാണ് ആഗ്രഹിക്കുന്നത്.
ഈരാറ്റുപേട്ട മുസ്ലിം ഗേൾസിന് മികച്ച നേട്ടം
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയെഴുതിയ 297 കുട്ടികളിൽ 273 പേർ ഉപരിപഠനത്തിനർഹരായി. ആകെ 92 ശതമാനം വിജയം. 39 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസ് ഗ്രൂപ്പിൽ 97 ശതമാനവും കോമേഴ്സിൽ 95 ശതമാനവും ഹ്യൂമാനിറ്റീസിൽ 80 ശതമാനവും വിജയം ലഭിച്ചു.
സയൻസിൽ 29 പേർ ഫുൾ എ പ്ലസ് നേടി. ഹ്യൂമാനിറ്റിസിൽ ആറുപേരും കോമേഴ്സിൽ നാലുപേരും മുഴുവൻ എ പ്ലസ് നാല്. സയൻസ് ഗ്രൂപ്പിൽ റിയ ഫാത്തിമ (1185 മാർക്ക്), കമ്പ്യൂട്ടർ സയൻസിൽ ഫർസീന തസ്നീം (1183 മാർക്ക്), കോമേഴ്സിൽ ടി.എസ്. ഐഷ (1196 മാർക്ക്) ഹ്യൂമാനിറ്റിസിൽ ദിയ ഫാത്തിമ. (1184 മാർക്ക്) എന്നിവർ ഒന്നാം സ്ഥാനം നേടി.
കോനാട്ട് പുതുപ്പറമ്പിൽ വീട്ടിൽ ഇരട്ട എ പ്ലസ്
പൊൻകുന്നം: കോനാട്ട് പുതുപ്പറമ്പിൽ വീട്ടിലെ ഇരട്ടക്കുട്ടികൾക്ക് പ്ലസ് ടുവിൽ എല്ലാ വിഷയത്തിനും എ പ്ലസ്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി നീൽ ജോസഫ് ജോൺ, സഹോദരി കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി നിമ മരിയ ജോൺ എന്നിവരാണ് ഈ വിജയികൾ. നെടുംകുന്നം സെയ്ന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ റെജി ജെ. ജോണിന്റെയും കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക മോളിക്കുട്ടി സെബാസ്റ്റ്യന്റെയും മക്കളാണിവർ.
നോവായി റിച്ചുവിന്റെ ഫുൾ എ പ്ലസ്
പാലാ: വേർപാടിന്റെ നോവണയും മുമ്പേ ഇരട്ടി നോവുമായി റിച്ചു ബെന്നിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും തറപ്പേൽ ബെന്നി-മിനി ദമ്പതികളുടെ മകനുമായ റിച്ചു ബെന്നി രക്താർബുദം ബാധിച്ച് 23നാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് വിട്ടു മാറാത്ത പനിയെ തുടർന്ന് റിച്ചുവുമായി പിതാവ് ബെന്നി ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ എത്തിയത്. അവിടെ നടത്തിയ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.