കോട്ടയം-ആലപ്പുഴ ജലപാതയിലെ പോള ശല്യം; ലീഗൽ സർവിസ് അതോറിറ്റി ഹിയറിങ് ഇന്ന്
text_fieldsകോട്ടയം: ആലപ്പുഴ ജലപാതയിലെ പോള നീക്കാതെ അധികൃതർ കണ്ണടച്ചപ്പോൾ ജില്ല ലീഗൽ സർവിസ് അതോറിറ്റി ഇടപെടുന്നു. വിഷയത്തിൽ ലീഗൽ സർവിസ് അതോറിറ്റി തിങ്കളാഴ്ച ഹിയറിങ് നടത്തും. ഇറിഗേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജലഗതാഗത വകുപ്പ് ഡയറക്ടർ, ഇറിഗേഷൻ കോട്ടയം, ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർമാർ, കോട്ടയം, ആലപ്പുഴ കലക്ടർമാർ, മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം, ആലപ്പുഴ ജില്ല മേധാവിമാർ, കോട്ടയം, ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരാണ് പരാതിയിലെ എതിർകക്ഷികൾ.
ആലപ്പുഴ ജലപാതയിൽ പോള നിറഞ്ഞതിനാൽ ബോട്ട് സർവിസ് നിർത്തിവെച്ചിരിക്കുകയാണ്. കാലാകാലങ്ങളിൽ പോള വാരിക്കളഞ്ഞ് ആറ്റിലൂടെയുള്ള ഗതാഗതം സുഗമമാക്കേണ്ട ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിനാണ്. എന്നാൽ, ഇവരുടെ നിസ്സംഗത നൂറുകണക്കിന് ജനങ്ങളെയാണ് ദുരിതത്തിലാക്കിയത്. പല സമയങ്ങളിലും പോള കുരുങ്ങി ബോട്ടുകൾ നിന്നുപോകുന്ന അവസ്ഥയുണ്ടായി. ഈ പ്രതിസന്ധി വർഷാവർഷം ആവർത്തിക്കുന്നതായിട്ടും പോള നീക്കാൻ സ്ഥിരം സംവിധാനം ഉണ്ടാക്കാൻ അധികൃതർ മെനക്കെടുന്നില്ല. പോളശല്യം കാരണം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻപോലും പലർക്കും കഴിഞ്ഞില്ല. മീനച്ചിലാറിന്റെ കൈവഴികളും ഇടത്തോടുകളുമെല്ലാം പൂര്‍ണമായി പോളയില്‍ മുങ്ങിയിരിക്കുകയാണ്.
ചെറുബോട്ടുകള്‍ ഒന്നും സര്‍വിസ് നടത്തുന്നില്ല. ചെറിയ എൻജിന് ഘടിപ്പിച്ച വള്ളങ്ങള്‍ ഏതാനും മീറ്ററുകള്‍ സഞ്ചരിക്കുമ്പോള്‍ യന്ത്രത്തില്‍ പോള കുടുങ്ങി യാത്ര മുടങ്ങും. പോള മാറ്റി യാത്ര തുടരാന്‍ ഏറെസമയം വേണം. കൂടാതെ പോള ചീഞ്ഞുണ്ടാകുന്ന മലിനീകരണവും പകർച്ചവ്യാധി സാധ്യതയും പ്രദേശങ്ങളിലുണ്ട്. പാരാലീഗൽ വളന്റിയർമാരായ ടി.യു. സുരേന്ദ്രൻ, പ്രഫ. എബ്രഹാം സെബാസ്റ്റ്യൻ, പി.ഐ. എബ്രഹാം, കെ.സി. വർഗീസ്, ആർ. സുരേഷ് കുമാർ, എം.കെ. അബ്ദുൽ ലത്തീഫ്, പി.എസ്. ഹസീന ബീവി, എൻ.വി. സിന്ധുകുമാരി എന്നിവരാണ് പരാതിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.