പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നുമുതൽ കോട്ടയത്ത്
text_fieldsകോട്ടയം: 14 വർഷങ്ങൾക്കുശേഷം കോട്ടയം ആതിഥേയത്വം വഹിക്കുന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വീണ്ടും അക്ഷരനഗരി വേദിയാകുന്ന സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. ഏറ്റവുമൊടുവിൽ 2009ലാണ് കോട്ടയം നഗരം സംസ്ഥാന സമ്മേളനത്തിന് വേദിയായത്.
സെപ്റ്റംബർ രണ്ട് വരെ നടക്കുന്ന സമ്മേളനത്തിന് കോട്ടയം ഈരയിൽകടവ് ആൻസ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററാണ് വേദി. സമ്മേളനത്തിൽ അംഗബലത്തിലെ കുറവ് അടക്കം പൊലീസ് സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി 360 പ്രതിനിധികളും പൊതുസമ്മേളനത്തിൽ 6500 പേരും പങ്കെടുക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കിയതായും ഇവർ അറിയിച്ചു.
ശനിയാഴ്ച രാവിലെ ഒമ്പതിന് സമ്മേളനത്തിന് തുടക്കമിട്ട് പതാക ഉയർത്തും. തുടർന്ന് സംസ്ഥാന കമ്മിറ്റിയോഗം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് ‘പ്രഫഷനൽ പൊലീസിന് ഇനിയെത്ര ദൂരം’ എന്ന സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് എൻ. ജയരാജ് മുഖ്യാതിഥിയാകും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന നേതൃസംഗമവും യാത്രയയപ്പും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച രാവിലെ 9.30ന് പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജോസ് കെ.മാണി എം.പി, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്വേഷ് സാഹെബ് എന്നിവർ മുഖ്യാതിഥികളാകും. വൈകീട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.
അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി. പ്രദീപൻ, ട്രഷറർ ജി.പി. അഭിജിത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.വി. അനിൽകുമാർ, സ്വാഗതസംഘം ചെയർമാൻ ബിനു കെ. ഭാസ്കർ, ജനറൽ കൺവീനർ പി.ആർ. രഞ്ജിത് കുമാർ, ജില്ല ജോ. സെക്രട്ടറി കെ.എൻ. അജിത് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.