കുട്ടികൾ വാഹനം ഓടിക്കുന്നത് തടയാൻ പരിശോധനയുമായി പൊലീസ്
text_fieldsകോട്ടയം: 18 വയസ്സിൽ താഴെയുള്ളവർ ഇരുചക്രവാഹനം ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ 14 വയസ്സുള്ള സ്കൂൾ വിദ്യാർഥിനി ഇളയ രണ്ട് സഹോദരങ്ങളെ സ്കൂട്ടറിൽ കയറ്റി ഓടിച്ച് വരവെ എതിർദിശയിൽ ബൈക്കുമായി കൂട്ടിയിടിക്കുകയും യുവാവ് മരിക്കുകയും ചെയ്തിരുന്നു.
സ്കൂട്ടറിൽ യാത്ര ചെയ്ത കുട്ടികൾക്ക് സാരമായ പരിക്കുപറ്റി. സംഭവത്തിൽ കുട്ടികളുടെ പിതാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി കുട്ടികൾ വാഹനം ഓടിക്കുന്നതിനെതിരെ കർശന പരിശോധന നടത്താൻ തീരുമാനിച്ചതായി ജില്ല പൊലീസ് മേധാവി ഡി. ശിൽപ അറിയിച്ചു. കുട്ടികൾ വാഹനം ഓടിക്കുന്നതായി കണ്ടെത്തുന്ന സംഭവങ്ങളിൽ വാഹനത്തിന്റെ ഉടമയിൽനിന്ന് 25,000 പിഴയോ മൂന്നുമാസം തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും.
നിയമവിരുദ്ധമായി വാഹനം ഓടിക്കുന്ന കുട്ടികൾക്ക് 25 വയസ്സുവരെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കില്ല. കുട്ടികൾക്കെതിരെ ജുവനൈൽ കോടതിയിൽ കേസ് നൽകുകയും ചെയ്യും. ഇതു സംബന്ധിച്ച് കുട്ടികൾക്കിടയിലും മാതാപിതാക്കൾക്കിടയിലും ബോധവത്കരണം നടത്തുന്നതിനും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിക്കുന്നതിനും ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവിമാർക്ക് അടിയന്തരമായി നോട്ടീസ് നൽകും.
സ്റ്റേഷൻ അതിർത്തികളിൽ വാഹന പരിശോധന നടത്തി വാഹനങ്ങളുടെ അമിതവേഗം, രൂപമാറ്റം, സ്റ്റണ്ടിങ് തുടങ്ങിയ മോട്ടോർ വാഹന നിയമലംഘനങ്ങൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കുന്നതിനും ജില്ലയിലെ എല്ല സ്റ്റേഷനുകൾക്കും സബ് ഡിവിഷൻ മേധാവിമാർക്കും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.