മദ്യപാനികളുടെ വിളയാട്ടം ഓപറേഷന് ഡ്രിങ്ക്സ് സ്ക്വാഡുമായി പൊലീസ്; 21 പേര് പിടിയില്‍
text_fieldsപാലാ: നഗരത്തിലും പരിസരത്തും പരസ്യമായി മദ്യപാനികളുടെ വിളയാട്ടം പതിവായതോടെ ഓപറേഷന് ഡ്രിങ്ക്സ് സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് പൊലീസ് രംഗത്ത്. കഴിഞ്ഞ ഒരുദിവസംകൊണ്ട് പാലാ സി.ഐ കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് 21 പേരെ പിടികൂടി. മദ്യ, മയക്കുമരുന്ന് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ ഇടമറ്റം ഉള്‍പ്പെടെ പത്തോളം സ്ഥലങ്ങളില്‍ പൊലീസ് തുടര്‍ച്ചയായി പട്രോളിങ് നടത്തിവരുകയാണ്.
ഇടമറ്റത്ത് കോട്ടേമാപ്പിലക റോഡിലും പാലാ നഗരത്തിലും മദ്യപാനികളും മയക്കുമരുന്ന് ഇടപാടുകാരും മറ്റ് സാമൂഹിക വിരുദ്ധരും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പാലാ ഡി.വൈ.എസ്.പി എ.ജെ. തോമസിന്റെ നിർദേശപ്രകാരം സി.ഐ കെ.പി. ടോംസണിന്റെ നേതൃത്വത്തില്‍ ഓപറേഷന് ഡ്രിങ്ക്സ് എന്ന പേരില്‍ സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് നടപടികള്‍ ശക്തമാക്കിയത്.
പൊലീസ് തിരച്ചിലില്‍ മദ്യപിച്ച് ബഹളംവെച്ച നാലുപേരും പൊതുസ്ഥലത്ത് മദ്യപിച്ചതിന് രണ്ട് പേരും പിടിയിലായി. പാലാ കെ.എസ്.ആര്.ടി.സി ഡിപ്പോയോട് ചേര്‍ന്നുള്ള ബാത്ത് റൂമില്‍ ഹാന്‍സ് വില്പന നടത്തിയ ആളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ടൗണില്‍ മദ്യപിച്ച് അടിപിടികൂടിയ ആറംഗ സംഘത്തെയും ഓപറേഷന്റെ ഭാഗമായി പിടികൂടി. ഇതിലൊരാള്‍ കൂത്താട്ടുകുളത്തെ ബൈക്ക് മോഷണക്കേസ് പ്രതിയാണെന്ന് വ്യക്തമായതോടെ ഇയാളെ കൂത്താട്ടുകുളം പൊലീസിന് കൈമാറി.
ഇടമറ്റത്ത് തുടര്‍പരിശോധനകള്‍
മദ്യ - ലഹരിമാഫിയകളുടെ പ്രവര്‍ത്തനം സജീവമായ ഇടമറ്റത്ത് പൊന്മല - കോട്ടേമാപ്പിലക റോഡ്, ഇടമറ്റം ജങ്ഷന്, മുകളേല്‍പീടിക, പൈക, വിളക്കുമാടം, ചെമ്പകശ്ശേരിപ്പടി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി പൊലീസ് പട്രോളിങ്ങ് നടത്തി. പൊന്മല - കോട്ടേമാപ്പിലക റോഡില്‍ ഉള്‍പ്പെടെ സി.ഐയുടെ നേതൃത്വത്തില്‍ മഫ്തിയിലും പൊലീസ് സംഘം പരിശോധന നടത്തി. ഈ റോഡില്‍ രാത്രിയായാല്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമായി മറ്റ് പ്രദേശങ്ങളില്‍നിന്നും ആളുകളെത്തി മദ്യപാനവും ലഹരി കൈമാറ്റവും പതിവായിരുന്നു.
വീതികുറവായ റോഡില്‍ ലഹരിസംഘം വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ ഇതുവഴി വരുന്ന നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് കടന്നുപോകുക സാധ്യമല്ലായിരുന്നു. മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കാന്‍ ഇവര്‍ തയാറുമല്ല. ഈ സംഘത്തെ ഭയന്ന് സ്വന്തം വീടിന് മുന്‍വശത്ത് കൂടിയുള്ള റോഡിലൂടെ പോലും നാട്ടുകാര്‍ രാത്രിയില്‍ യാത്ര ഒഴിവാക്കിയിരുന്നു. റോഡില്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചിടുന്നതും ഇവരുടെ പതിവാണ്. വൈകിട്ട് ഈ വഴി ഒറ്റക്ക് ബസിറങ്ങി വീട്ടിലേക്ക് പോകുന്ന സ്ത്രീകളെ ബൈക്കിലെത്തിയ സംഘം ശല്യം ചെയ്യുന്നതുവരെയെത്തിയിരുന്നു ലഹരി സംഘത്തിന്റെ ഉപദ്രവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.