നൃത്തം അതിജീവനമാക്കി അമൃതാനന്ദ്
text_fieldsപൊൻകുന്നം: വൈകല്യങ്ങളെ അതിജീവിച്ച് നൃത്തനൃത്യങ്ങളിൽ മികവ് തെളിയിക്കുകയാണ് അമൃതാനന്ദെന്ന കലാകാരൻ. ജന്മന സംസാരശേഷിയും കേൾവിശക്തിയും കുറവാണ്. കാലുകൾക്കും സ്വാധീനക്കുറവുണ്ട്. ഇവയെല്ലാം മറികടന്നത് കലാരംഗത്ത് ശ്രദ്ധേയ ചുവടുവെപ്പുകളാണ്.
പൊൻകുന്നം കണ്ണച്ചം കുന്നേൽ പരേതനായ രാജഗോപാലൻ നായരുടെയും സുമ ബി.നായരുടെയും ഏകമകനാണ് കെ.ആർ. അമൃതാനന്ദ്. നാട്ടകം പോളിടെക്നിക്കിൽ ഇലക്ട്രോണിക് എൻജിനീയറിങ് വിദ്യാർഥിയായ അമൃതാനന്ദ്, ഏഴുമുതൽ 10 വരെയുള്ള ക്ലാസുകളിൽ തുടർച്ചയായ നാലുവർഷവും ജില്ലതല സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
2019ൽ ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേരള ഹൗസിൽ നടന്ന പരിപാടിയിൽ നൃത്തം അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചു. പഠനം കഴിഞ്ഞാലും കലാരംഗത്ത് തുടരണമെന്നാണ് ഈ അമൃതാനന്ദിെൻറ ആഗ്രഹം. നാട്ടിൽ വിവിധ ക്ഷേത്രങ്ങളിൽ ഉത്സവത്തിനും മറ്റ് സാംസ്കാരിക പരിപാടികളിലും നൃത്തപരിപാടികൾ അവതരിപ്പിച്ചു. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കലാരംഗത്തെ കഴിവ് മുൻനിർത്തി ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വീട്ടിലെത്തി ആദരിച്ചിരുന്നു. പ്രശസ്ത നൃത്ത അധ്യാപിക പനമറ്റം രാധാദേവിയുടെ ശിഷ്യനാണ്. രാധ ടീച്ചറിെൻറ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചുതുടങ്ങിയതോടെ വൈകല്യങ്ങൾക്ക് കുറവുണ്ടായതായും കലയിലൂടെ ഇതിനെ മറികടന്ന് കൂടുതൽ അവസരങ്ങൾ നേടാൻ കഴിഞ്ഞതായും അമൃതാനന്ദ് പറഞ്ഞു. ഒരു സിനിമയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അവസരങ്ങൾ ലഭിച്ചാൽ സിനിമ-സീരിയൽ രംഗത്ത് അഭിനയിക്കാനും താൽപര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.