പണിതിട്ടും തീരാതെ വ്യാപാര സമുച്ചയം
text_fieldsപൊൻകുന്നം: പണിതിട്ടും പണിതിട്ടും പണിതീരാതെ വ്യാപാര സമുച്ചയം. വർഷങ്ങൾക്കു മുമ്പ് പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയ ചിറക്കടവ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന്റെ അവസ്ഥയാണിത്. ദേശീയപാതയോരത്ത് മൂന്നുനിലയിലായി നിർമിച്ച കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങളാണ് വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നത്. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് 52 മുറിയുള്ള പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചത്. മുൻ പഞ്ചായത്ത് ഭരണസമിതി 75 ശതമാനം പണി പൂർത്തിയാക്കി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ആദ്യഘട്ടം ഉദ്ഘാടനം നടത്തിയിരുന്നു. ശേഷിക്കുന്ന പണി ഒരു മാസം കൊണ്ടു പൂർത്തിയാക്കുമെന്നായിരുന്നു അന്നു പറഞ്ഞത്. പുതിയ ഭരണസമിതി അധികാരത്തിൽ വന്നിട്ട് കാലാവധി പകുതി കഴിഞ്ഞിട്ടും പണി ഇഴയുകയാണ്. അഞ്ച് കോടിയാണ് നിർമാണച്ചെലവ്. ഇത്രയും വലിയ തുക നിർമാണത്തിനായി നീക്കിവെച്ചിട്ടും പണി സമയബന്ധിതമായി പൂർത്തിയാകാത്തത് ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലമാണെന്ന ആക്ഷേപം ശക്തമാണ്. പഴയ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ഇപ്പോൾ താൽക്കാലികമായി മറ്റിടങ്ങളിൽ പ്രവർത്തിക്കുകയാണ്. നിർമാണം കഴിഞ്ഞ് ലേലം നടക്കുമ്പോൾ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് പലരും. എന്നാൽ, ഉടൻ ലേലം നടക്കാനിടയില്ല. കെട്ടിടത്തിന്റെ പണി ഉടൻ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് വിവിധ സംഘടനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.