മൂർഖൻ പാമ്പിനെ കടിച്ചുകൊന്ന് വീട്ടുടമക്ക് രക്ഷകനായി വളർത്തുനായ്
text_fieldsപൊൻകുന്നം: വീട്ടുടമസ്ഥനെ മൂർഖൻ പാമ്പിൽനിന്ന് രക്ഷിച്ച് വളർത്തുനായ്. ചിറക്കടവ് സെന്റർ പറപ്പള്ളിത്താഴെ വീട്ടിൽ ശ്രീകുമാറിനെയാണ് വളർത്തുനായ് ‘കിട്ടു’ രക്ഷിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. പൊൻകുന്നം-മണിമല റോഡരികിലെ വാടകവീട്ടിൽ കഴിയുന്ന 63 വയസ്സുള്ള ശ്രീകുമാർ ജന്മനാ കാഴ്ചപരിമിതിയുള്ളയാളാണ്. പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപറേറ്ററാണ് ഇദ്ദേഹം. പതിവായി പോകുന്ന വഴികളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാമെന്നതിനാലാണ് പമ്പ് പ്രവർത്തിപ്പിക്കൽ ജോലി ചെയ്യുന്നത്. പമ്പ് നിർത്തി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വീടിന്റെ അടുക്കളയുടെ ഭാഗത്ത് കൂട്ടിലായിരുന്നു ‘കിട്ടു’. ശ്രീകുമാർ വരുന്നതുകണ്ട നായ് നിർത്താതെ കുരച്ചു. മൂർഖൻ പാമ്പിനെ കണ്ടായിരുന്നു ‘കിട്ടു’വിന്റെ കുര. കാര്യം മനസ്സിലാകാതെ കിട്ടുവിനെ തുടലിട്ട് പുറത്തിറക്കിയ ശ്രീകുമാറിൽനിന്ന് കുതറി പാമ്പിനുനേരെ ചെല്ലുകയായിരുന്നു നായ്. പാമ്പിന്റെ കടിയേൽക്കാതെ മധ്യഭാഗത്ത് കടിച്ചുമുറിച്ചാണ് കൊന്നത്.
വാടകവീടിന്റെ ഉടമയും തൊട്ടുചേർന്നുള്ള ശകുന്തൾ സ്റ്റോഴ്സ് ഉടമയുമായ പുരുഷോത്തമൻ നായർ ശബ്ദം കേട്ട് എത്തിയപ്പോഴാണ് ‘കിട്ടു’ വിന്റെ സ്നേഹം വ്യക്തമായത്. ഇദ്ദേഹം പറഞ്ഞപ്പോഴാണ് മൂർഖനിൽനിന്നാണ് ‘കിട്ടു’ രക്ഷിച്ചതെന്ന് ശ്രീകുമാറിന് മനസ്സിലായത്. അതുവരെ നായ് എലിയെ പിടിക്കുകയായിരുന്നുവെന്നാണ് കരുതിയത്. ശ്രീകുമാറിന്റെ ഭാര്യ രമാദേവി സമീപവീട്ടിൽ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. രണ്ട് പെൺമക്കളുടെയും വിവാഹശേഷം ഇവർ മാത്രമാണ് വീട്ടിലുള്ളത്. ഇവർക്കൊപ്പം 10 വർഷമായി ‘കിട്ടു’വുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.