എയ്ഡഡ് സ്കൂളുകൾ ഭിന്നശേഷി നിയമനം അട്ടിമറിക്കുന്നതായി പരാതി
text_fieldsപൊൻകുന്നം: എയ്ഡഡ് സ്ഥാപനങ്ങളിൽ നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കപ്പെടുന്നതായി പരാതി. സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്ഥാപനങ്ങളിലും 1996 മുതലുള്ള ഒഴിവിലേക്ക് മൂന്നു ശതമാനവും 2018 മുതലുള്ള ഒഴിവുകളിൽ നാലു ശതമാനവും സംവരണം നടപ്പാക്കണമെന്ന് 2021ൽ സുപ്രീംകോടതിയും ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാറും ഉത്തരവിട്ടിരുന്നു.
നിയമനപ്രക്രിയ എളുപ്പമാക്കാൻ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ മാനേജ്മെന്റുകൾക്ക് നൽകാൻ സംസ്ഥാനത്തെ എംപ്ലോയ്മെന്റുകളെയാണ് ചുമതല ഏൽപിച്ചിരുന്നത്. നിലവിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ എംപ്ലോയ്മെന്റുകൾ റോട്ടേഷൻ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. കാഴ്ചപരിമിതർ, കേൾവി പരിമിതർ, ചലന വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്ന ക്രമത്തിലാണ് തെരഞ്ഞെടുക്കുന്നത്.
എന്നാൽ, സിംഗിൾ മാനേജ്മെന്റിനെയും കോർപറേറ്റ് മാനേജ്മെന്റുകളെയും ഒരേപോലെ ഓരോ യൂനിറ്റുകളായാണ് പരിഗണിക്കുന്നത്. ഇതിനാൽ ഒന്നിലധികം ഒഴിവുകൾ വരുന്ന കോർപറേറ്റ് മാനേജ്മെന്റിൽ മാത്രമാണ് നേരിയ തോതിലെങ്കിലും സംവരണം നടപ്പാകുന്നുള്ളൂ. ബാക്കി ഭൂരിപക്ഷം സിംഗിൾ മാനേജ്മെന്റിലും കാഴ്ചപരിമിതർക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്.
ജില്ലയിൽ മാത്രം നൂറിലധികം ഒഴിവിലാണ് കാഴ്ചപരിമിതർ ഇല്ലാത്തതിനാൽ മാനേജ്മെന്റുകൾ എംപ്ലോയ്മെന്റിൽനിന്ന് നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കുന്നത്. എന്നാൽ, നിലവിൽ പല മാനേജ്മെന്റുകളും എൻ.എ.സി വാങ്ങിയ ശേഷം നിയമനം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ഭിന്നശേഷി നിയമനം അട്ടിമറിക്കുന്നത് തടയാനും നിയമനത്തിലെ പക്ഷപാദിത്വം അവസാനിപ്പിക്കാനും സർക്കാർ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നെങ്കിലും അവയുടെ പ്രവർത്തനവും നിശ്ചലാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.