ദേശീയപാതയിൽ അപകട വളവുകള്‍; മുന്നറിയിപ്പ് ബോര്‍ഡുകളോ ക്രാഷ് ബാരിക്കേഡുകളോ ഇല്ല
text_fieldsവാഴൂര്‍: കെ.കെ. റോഡ് ദേശീയപാതയുടെ ഭാഗമായെങ്കിലും നിലവാരത്തില്‍ തെല്ലും മാറ്റമില്ല. പാതയിലെ കൊടുംവളവുകളിലും തിരിവുകളിലും അപകടം പതിയിരിക്കുന്നു. മുന്നറിയിപ്പ് ബോര്‍ഡുകളോ ക്രാഷ് ബാരിക്കേഡുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല.
ഏതാനും സ്ഥലങ്ങളില്‍ ചില സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത് മാത്രമാണ് ഏക നടപടി. കെ.കെ റോഡ് ദേശീയപാത 183 ആയതോടെ പുളിക്കൽ കവലക്കും പൊന്‍കുന്നത്തിനും ഇടയിലെ കൊടുംവളവുകളില്‍ അപകടം പതിവാണ്. അന്തർസംസ്ഥാനത്തുനിന്നും മറ്റുമെത്തുന്നവരുടെ വാഹനങ്ങളാണ് അധികവും അപകടത്തില്‍ പെടുന്നത്. ഓരോ വര്‍ഷവും ദേശീയപാത അധികൃതര്‍ പുനര്‍ നിർമാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി കോടികളാണ് മുടക്കുന്നത്.
പുളിക്കല്‍ കവലയിലെ വളവ്, കൊടുങ്ങൂര്‍ വളവ്, മമ്പുഴ, ഇളമ്പള്ളിക്കവല, ചെങ്കല്‍പ്പള്ളി, കടുക്കാമല, 20ാം മൈല്‍ എന്നിവിടങ്ങളിലെ വളവുകളില്‍ അപകടം നിത്യസംഭവമാണ്. സുരക്ഷ സംവിധാനങ്ങളിലെ അഭാവമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. കൊടുംവളവുകളില്‍ അമിതവേഗത്തില്‍ തിരിയുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് തിട്ടയില്‍ ഇടിക്കുകയും റോ ഡില് മറിയുകയുമാണ്.
വേഗ നിയന്ത്രണ സംവിധാനങ്ങളോ അപായ സൂചനകളോ താഴ്ചയുള്ള ഭാഗങ്ങളിലെ കൊടുംവളവുകളില്‍ ക്രാഷ് ബാരിക്കേഡുകളോ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. മിക്ക കൊടുംവളവുകളും തിരിയുമ്പോള്‍ എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനം കാണാൻ കഴിയാത്ത സ്ഥിതിയാണ്. കൊടുംവളവുകളില്‍ ഡിവൈഡറുകളോ ഹമ്പുകളോ സ്ഥാപിച്ചാല്‍ അപകടം ഗണ്യമായി കുറക്കാന്‍ കഴിയും. ദിവസേന നിരവധി അപകടങ്ങളാണ് മേഖലയില്‍ ഉണ്ടാകുന്നത്.
പാതയോരത്തെ കട്ടിങ്ങുകളില്‍ ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ് അപകടങ്ങള്‍ പതിവാണ്. ഉന്നത അധികൃതർക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് പ്രദേശവാസികളും യാത്രക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.