താളംതെറ്റി പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോ: തിങ്കളാഴ്ച മുടങ്ങിയത് പത്തിലേറെ സർവിസ്
text_fieldsപൊൻകുന്നം: മലയോരമേഖലയുടെ കവാടമായ പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തനം താളംതെറ്റുന്നു. തിങ്കളാഴ്ച മുടങ്ങിയത് പത്തിലേറെ സർവിസ്. പൊൻകുന്നം ഡിപ്പോയിൽ 14 ബസുകളാണ് നിരത്തിലിറങ്ങാതെ കിടക്കുന്നത്. ഇതിൽ 13 എണ്ണത്തിന്റെ ഫിറ്റ്നസ് തീർന്നതും ഒന്നിന്റെ തകരാറുമാണ് കാരണമെന്നറിയുന്നു. 13 ബസിലെയും ജി.പി.എസ് സംവിധാനം ഘടിപ്പിക്കാൻ വൈകുന്നതാണ് മോട്ടോർ വാഹനവകുപ്പിൽ ബസുകൾ ടെസ്റ്റ് ചെയ്യുന്നത് വൈകാൻ കാരണം.
തിങ്കളാഴ്ച പൊൻകുന്നം ഡിപ്പോയിൽനിന്ന് രാവിലെ ആറിനുള്ള മുണ്ടക്കയം-കോട്ടയം, ചെറുവള്ളി അമ്പലം-വള്ളിയാങ്കാവ് ക്ഷേത്രം,6.30നുള്ള പത്തനംതിട്ട ചെയിൻ, 6.30, 7.45, എട്ട് മണിയുടെ പാലാ- പൊൻകുന്നം ചെയിൻ സർവിസുകൾ, 6.40 കറിക്കാട്ടൂർ-മണിമല, 6-40- മുണ്ടക്കയം, 7.15 മണിമല-കട്ടപ്പന അടക്കമുള്ള സർവിസുകളാണ് റദ്ദാക്കിയത്.
പൊൻകുന്നം ഡിപ്പോക്ക് അടുത്തിടെ ഒമ്പത് ടാറ്റയുടെ ബെൻസുകൾ ലഭിച്ചെങ്കിലും ഇവ കാലപ്പഴക്കം ചെന്നവയാണ്. തിങ്കളാഴ്ച ഇതിൽ നാല് ബസും സർവിസിനിടെ പണിമുടക്കിയിരുന്നു. മലയോരമേഖലയിൽ ലൈലാൻഡ് ബസാണ് കാര്യക്ഷമമെന്നിരിക്കെ കാലപ്പഴക്കം ചെന്ന ടാറ്റയുടെ ബസുകൾ സർവിസ് നടത്തി പാതിവഴിയിൽ കിടക്കുന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.