ഇളമ്പള്ളിയിൽ ആനയിടഞ്ഞു
text_fieldsപൊൻകുന്നം: ഇളമ്പള്ളി നെയ്യാട്ടുശേരിക്കു സമീപം തടിപിടിക്കാനെത്തിച്ച ആന ഇടഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഇടഞ്ഞോടിയ ആനയെ നാലുമണിക്കൂറിന് ശേഷവും തളക്കാനായില്ല.
വാഴൂർ സ്വദേശിയുടെ കല്ലൂത്താഴെ ശിവസുന്ദർ എന്ന ആനയാണ് ഇടഞ്ഞോടിയത്. രണ്ടാംതോട് മേച്ചേരിൽ കുട്ടിച്ചെൻറ പുരയിടത്തിൽ തടിപിടിക്കാനെത്തിയതായിരുന്നു. പണിക്കുശേഷം കുളിപ്പിക്കാൻ തോട്ടിലിറക്കിയ ആന ഇടഞ്ഞ് കരക്കുകയറി ഓടുകയായിരുന്നു.
റോഡിലൂടെയും റബർതോട്ടങ്ങളിലൂടെയും ഓടിയ ആനയെ സന്ധ്യയോടെ ഡോ. സാബു സി. ഐസക്കിെൻറ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ചെങ്കിലും കൂടുതൽ അക്രമാസക്തനായി. റോഡിലിറങ്ങി ഓട്ടോറിക്ഷ കുത്തിമറിച്ചു. ആർക്കും പരിക്കില്ല.
പേഴുംതോട്ടത്തിൽ ജോയിയുടെ കപ്പത്തോട്ടത്തിൽ കയറി കൃഷി നശിപ്പിച്ചു. റബർതോട്ടത്തിലൂടെയുള്ള ഓട്ടത്തിനിടയിൽ നിരവധി റബർമരങ്ങളോട് പരാക്രമംകാട്ടി. ചില്ലകൾ ഒടിച്ചെറിഞ്ഞു. വീണ്ടും വഴിയിലിറങ്ങിയ കൊമ്പൻ വൈദ്യുതി പോസ്റ്റുകൾ കുത്തിമറിച്ചു. ഇതോടെ പ്രദേശത്ത് വൈദ്യുതിവിതരണം നിലച്ചു. നേരം ഇരുട്ടിയതോടെ റബർതോട്ടത്തിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായില്ല.
മേഖലയിൽ ആൾത്താമസം കുറവായ ഇടങ്ങളിൽ വൻകിട തോട്ടങ്ങളുണ്ട്. ഇതിനുള്ളിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായില്ല. പ്രദേശവാസികൾ ആനയെ തളക്കാനാകാതെ വന്നതോടെ ആശങ്കയിലായി.
ഇരുട്ടിയതോടെ പുറത്തിറങ്ങാതെ ആളുകൾ വീടുകളിൽതന്നെ കഴിഞ്ഞു. പ്രദേശത്തുകൂടി കടന്നുവന്ന വാഹനങ്ങളെ പൊലീസ് മുന്നറിയിപ്പ് നൽകി മടക്കി അയച്ചു.
ആദ്യമയക്കുവെടിക്കുശേഷം ഇതിനുപയോഗിച്ച തോക്ക് തകരാറിലായി. പിന്നീട് വെറ്ററിനറി സർജൻ ബിനു ഗോപിനാഥിെൻറ നേതൃത്വത്തിലുള്ള സംഘം തോക്കുമായി എത്തി. ഇരുൾമൂടിയ റബർതോട്ടത്തിനുള്ളിലായതിനാൽ കണ്ടെത്താനായിട്ടില്ല. പൊൻകുന്നം, പള്ളിക്കത്തോട് പൊലീസും സ്ഥലത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.