അപ്പു ആശാന്‍റേത് വേലകളിക്കായി സമർപ്പിച്ച ജീവിതം
text_fieldsപൊൻകുന്നം: തലമുറകൾക്ക് വേലകളി എന്ന അനുഷ്ഠാനകല പകർന്നുനൽകി ഒരു ആയുസ്സ് മുഴുവൻ അതിനായി സമർപ്പിച്ച ഗുരുനാഥന് ചിറക്കടവിന്റെ വിട. ഞായറാഴ്ച രാത്രി അന്തരിച്ച ചിറക്കടവ് കുഴിപ്പള്ളാത്ത് കെ.എസ്. ഗോപാലകൃഷ്ണപിള്ള എന്ന അപ്പു ആശാന്റെ സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടത്തുമ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ശിഷ്യരുൾപ്പെടെ നാട് മുഴുവനെത്തി.
50 വർഷത്തോളമായി ചിറക്കടവ് തെക്കുംഭാഗം മഹാദേവ വേലകളി സംഘത്തിലൂടെ രണ്ടായിരത്തോളം പേർക്ക് വേലകളിയിൽ ആചാര്യനായിരുന്നു ഗോപാലകൃഷ്ണപിള്ള. ഓരോ വർഷവും പുതിയ കുട്ടികൾ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് വേലകളി അഭ്യസിച്ച് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തിരുമുമ്പിൽ വേലയാടി. തെക്കുംഭാഗം, വടക്കുംഭാഗം എന്നിങ്ങനെ രണ്ടു സംഘങ്ങളായാണ് ചിറക്കടവ് ക്ഷേത്രത്തിൽ ഉത്സവത്തിന് വേലകളി അവതരിപ്പിച്ചിരുന്നത്.
ഇരിക്കാട്ട് കുട്ടപ്പൻ നായരുടെ ശിക്ഷണത്തിൽ വടക്കുംഭാഗത്ത് വേലകളി അഭ്യസിച്ചവരും തെക്കുംഭാഗത്തെ അപ്പു ആശാന്റെ ശിഷ്യരും ചിറക്കടവ് ഉത്സവത്തിന് പള്ളിവേട്ട, ആറാട്ടുനാളുകളിൽ കൂടിവേലയും അവതരിപ്പിച്ചിരുന്നു. ബാല്യംമുതൽ വേലകളിക്കായി സമർപ്പിച്ച ജീവിതമായിരുന്നു ഗോപാലകൃഷ്ണപിള്ളയുടേത്. കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
രാജഭരണകാലം മുതൽ ചിറക്കടവിൽ നിലനിന്ന വേലകളിയെ ഏറ്റവും ജനകീയമാക്കിയതിൽ മുഖ്യ പങ്കുവഹിച്ചു. കുട്ടികൾക്ക് മെയ്വഴക്കവും താളവും ചുവടും പഠിപ്പിച്ച് അരങ്ങിലെത്തിക്കാൻ തെക്കുംഭാഗത്തെ കളരിയിൽ എന്നും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മുമ്പ് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ മതപാഠശാലയിലെ അധ്യാപകനായിരുന്നു. കുട്ടികൾക്ക് ധർമപാതയിലൂടെ സഞ്ചരിക്കാൻ പ്രചോദനം നൽകിയ ഗോപാലകൃഷ്ണപിള്ളയുടെ നിരന്തര പരിശ്രമത്തിലൂടെ മതപാഠശാല എക്കാലത്തും സജീവമായി അടുത്തതലമുറയും ഈ പ്രവർത്തനം ഏറ്റെടുക്കുന്നതിന് പ്രചോദനമായി.
ഏറെക്കാലം ചിറക്കടവ് ക്ഷേത്രത്തിന് കിഴക്ക് ആൽത്തറക്ക് സമീപം നിലത്തെഴുത്ത് കളരിയിലൂടെ നൂറുകണക്കിനുപേർക്ക് അക്ഷരാഭ്യാസം പകർന്ന ആചാര്യനുമായി. കലയിലും വിജ്ഞാനത്തിലും ഒരുപോലെ ഗുരുനാഥനായ വ്യക്തിത്വമാണ് ചിറക്കടവിന് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.