സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി
text_fieldsപൊൻകുന്നം: കാഞ്ഞിരപ്പള്ളി ജോയന്റ് ആർ.ടി ഓഫിസ് പരിധിയിലെ സ്കൂൾ വാഹനങ്ങളുടെയും സ്കൂൾ വിദ്യാർഥികളുമായി സർവിസ് നടത്തുന്ന മറ്റ് വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധന തുടങ്ങി.
ചെറുവള്ളി, ചിറക്കടവ്, മണിമല, ഇളങ്ങുളം, എലിക്കുളം വില്ലേജുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിശോധനയാണ് ബുധനാഴ്ച നടന്നത്. ജോയന്റ് ആർ.ടി.ഒ സഞ്ജയ്, എം.വി.ഐമാരായ ഹഫീസ് യൂസഫ്, ഷാജി വർഗീസ്, എ.എം.വി.ഐമാരായ ടി.വി. അനിൽകുമാർ, വിജോ വി.ഐസക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇടക്കുന്നം, കൂവപ്പള്ളി, കാഞ്ഞിരപ്പള്ളി, എരുമേലി സൗത്ത് വില്ലേജുകളിലേത് 25നാണ്. എരുമേലി നോർത്ത്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ വില്ലേജുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കുള്ള പരിശോധന 29ന് നടത്തും. ജി.പി.എസ്, അഗ്നിരക്ഷാ ഉപകരണങ്ങൾ, വേഗപ്പൂട്ട്, വിദ്യാവാഹൻ ആപ് എന്നിവയാണ് പരിശോധനയിൽ ഉൾപ്പെടുന്നത്. 170ഓളം വാഹനങ്ങളാണ് മൂന്നുദിവസമായി പരിശോധിക്കുന്നത്. ആദ്യദിനം 39 എണ്ണം പരിശോധിച്ചു. ഇവയിൽ ആറെണ്ണത്തിന് ഫിറ്റ്നസ് നൽകി. സബ് ആർ.ടി ഓഫിസിൽ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കായി റോഡ് സുരക്ഷ ക്ലാസും നടന്നു.
കോട്ടയം: ഉഴവൂർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന് പരിധിയിൽ വരുന്ന സ്കൂൾ, കോളജ് വാഹനങ്ങളുടെ സുരക്ഷ പരിശോധന കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ജോയന്റ് ആർ.ടി.ഒ എസ്.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ നടന്നു. 40 വാഹനങ്ങൾ പരിശോധിച്ചു. പരിശോധന വിജയകരമായി പൂർത്തിയാക്കിയവർക്ക് മോട്ടോർ വാഹനവകുപ്പിന്റെ സുരക്ഷാലേബൽ പതിച്ചുനൽകി.
സ്റ്റിക്കർ പതിക്കാത്ത സ്കൂൾ വാഹനങ്ങൾ സർവിസ് നടത്തുന്നതായി കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.