പ്രളയ മഴ: നെഞ്ച് പൊട്ടി മലയോരം
text_fieldsപൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഞായറാഴ്ച കണ്ടത് സമാനതകളില്ലാത്ത ദുരന്തകാഴ്ചകൾ. എവിടെയും ദുഃഖംനിറഞ്ഞ മുഖങ്ങൾ, നിരനിരയായി കിടക്കുന്ന ആംബുലൻസുകൾ... ഉരുൾ ദുരന്തത്തിെൻറ വ്യാപ്തി അറിയിക്കുന്ന നിമിഷങ്ങൾ. ശനിയാഴ്ച മലയോര മേഖലയായ കൂട്ടിക്കലും പ്ലാപ്പള്ളിയിലും നടന്ന പ്രകൃതിദുരന്തത്തിൽ ബാക്കിപത്രമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പരിസരം. ഒറ്റമനസ്സോടെ പ്രവർത്തിക്കുന്ന ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും പൊലീസുകാരും സന്നദ്ധ പ്രവർത്തകരുമായിരുന്നു പരിസരത്ത്.
അപകടത്തിൽ മരണമടഞ്ഞ 14േപരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും ഇൻക്വസ്റ്റിനും വേണ്ടി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണ് എത്തിച്ചത്. മന്ത്രിമാരായ കെ. രാജൻ, വി.എൻ. വാസവൻ, റോഷി അഗസ്റ്റ്യൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആേൻറാ ആൻറണി എം.പി, കലക്ടർ പി.കെ. ജയശ്രീ, എ.ഡി.എം ജിനു പൊന്നൂസ്, ഇടുക്കി എസ്.പി ജി. ജയദേവ്, എ.എസ്.പി എസ്. സുരേഷ്കുമാർ, അഡീഷനൽ തഹസിൽദാർ സിബി ജേക്കബ് എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടിക്ക് നേതൃത്വം നൽകി.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടപടി പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.
തിരച്ചിലിനു തടസ്സമായി തടസ്സമായി മഴയും കൂറ്റൻ കല്ലുകളും
കൊക്കയാർ: പ്രതികൂല കാലാവസ്ഥയും ഉരുൾപൊട്ടിയെത്തിയ കൂറ്റൻകല്ലുകളും കൊക്കയാറിൽ തിരച്ചിലിനു തടസ്സമായി. ഞായറാഴ്ച രാവിെല ആറിന് തിരച്ചിൽ തുടങ്ങിയെങ്കിലും ആദ്യമൃതദേഹം കിട്ടിയത് ഉച്ചക്ക് 2.15നാണ്. ഉരുൾപൊട്ടിയെത്തിയ കൂറ്റൻ പാറക്കല്ല് വീടുകൾക്ക് മുകളിലാണ് കിടന്നിരുന്നത്. രാവിലെ ഡോഗ് സ്ക്വാഡ് പരിേശാധിപ്പിച്ചപ്പോൾ മൃതദേഹങ്ങൾ മണ്ണിനടിയിൽ ഉണ്ടാകാനാണ് സാധ്യതയെന്ന് വ്യക്തമായിരുന്നു.
കല്ലേപ്പാലം -പൂവഞ്ചി നാരകംപുഴ റോഡിെൻറ മുകളിൽനിന്ന് തുടങ്ങി റോഡും ഏഴുവീടുകളും തകർത്താണ് ഉരുൾ താഴെയെത്തിയത്. പാറ നീക്കാൻ മണ്ണുമാന്തി എത്തിച്ചിരുന്നെങ്കിലും ഇത് താഴേക്ക് ഇറക്കാൻ വഴിയുണ്ടായിരുന്നില്ല. കല്ലും മണ്ണും നീക്കി വഴിയുണ്ടാക്കി പത്തുമണിക്കാണ് കൂട്ടിക്കൽ ഭാഗത്തുനിന്നുള്ള ആദ്യത്തെ മണ്ണുമാന്തി താഴെയെത്തിയത്.
അതേസമയം, മുണ്ടക്കയം ഭാഗത്തുനിന്ന് മറ്റൊന്നുകൂടി എത്തിച്ച് മറുഭാഗത്തും മരങ്ങൾ നീക്കി. മഴ കനത്തതോടെ തിരച്ചിൽ ദുഷ്കരമായി. തലക്കു മുകളിൽ പാറക്കല്ലുകൾ നിൽക്കുന്നത് അപകട ഭീഷണിയുയർത്തി. ഷാഹുലിെൻറ, മണ്ണിനടിയിലായ രണ്ടു ഓട്ടോകളാണ് ആദ്യം കണ്ടെത്തിയത്. മണ്ണും ചളിയും ചേർന്ന സ്ഥലത്ത് തിരയാൻ കഴിയാതായതോടെ ആറ്റിൽനിന്ന് വെള്ളമൊഴിച്ച് തെളിയിക്കാൻ തീരുമാനിച്ചെങ്കിലും അതിനിടെ മണ്ണിനടിയിൽ വസ്ത്രങ്ങൾ കണ്ടെത്തി. ഈ സ്ഥലത്ത് തന്നെ തിരഞ്ഞപ്പോൾ ആദ്യത്തെ മൃതദേഹം കിട്ടി. കല്ലുപുരക്കൽ ഫൈസലിെൻറ മക്കളിലൊരാളുടെ മൃതദേഹമായിരുന്നു ഇത്.
മൃതദേഹം കണ്ടതോടെ നിയന്ത്രണംവിട്ട് ഓടിയെത്താൻ ശ്രമിച്ച ഫൈസലിനെ നാട്ടുകാരും ബന്ധുക്കളും ചുറ്റിപ്പിടിച്ച് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് മറ്റു മൃതദേഹങ്ങളും കണ്ടെത്തി. വൈകീട്ട് 3.50നാണ് അവസാന മൃതദേഹം കണ്ടെത്തിയത്. നാലുവയസ്സുകാരൻ സച്ചുവിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മരിച്ച ഫൗസിയയുടെ ഭർത്താവ് സിയാദ്, ഫൈസൽ, മരിച്ച ബിജുവിെൻറ മകൻ ജസ്റ്റിൻ എന്നിവർ അപകടസ്ഥലത്തുണ്ടായിരുന്നു.
നാടൊന്നാകെ ഇറങ്ങി, രക്ഷാപ്രവർത്തനത്തിന് സന്നദ്ധ സംഘടനകളും
കൊക്കയാർ: ഉരുൾപൊട്ടലുണ്ടായ പൂവഞ്ചിയിൽ രക്ഷാപ്രവർത്തനത്തിന് നാടൊന്നാകെയെത്തി. ദേശീയ ദുരന്തനിവാരണസേന, പൊലീസ്, അഗ്നിരക്ഷാസേന, മോട്ടോർ വാഹനവകുപ്പ് എന്നിവർക്കുപുറമെ ഐഡിയൽ റിലീഫ് വിങ്, എസ്.ഡി.പി.ഐ, ആപ്തമിത്ര തുടങ്ങിയ സംഘടനകളും തിരച്ചിലിൽ പങ്കാളികളായി. കൂടുതൽ പേർ തിരച്ചിലിന് എത്തിയിരുന്നെങ്കിലും ചളിയും മണ്ണും നിറഞ്ഞ മേഖലയിൽ അപകടഭീഷണി നിലനിൽക്കുന്നതിനാൽ അധികംപേർക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. റോഡിെൻറ ഒരുഭാഗം തകർന്നുപോയതിനാൽ ആർക്കും അടുത്തുനിൽക്കാനും കഴിഞ്ഞിരുന്നില്ല. പൊലീസ് വടംകെട്ടി പ്രദേശത്തേക്ക് ആളുകളെത്തുന്നത് തടഞ്ഞു. വാഹനം കൂട്ടിക്കൽ ചപ്പാത്തിനപ്പുറമിട്ട് രണ്ട് കിലോമീറ്റോളം നടന്നാണ് പലരും എത്തിയത്. അധികൃതരുടെ വാഹനങ്ങൾ മാത്രമാണ് ചപ്പാത്തിനപ്പുറം കടത്തിവിട്ടത്. ഡീൻ കുര്യാക്കോസ് എം.പി ശനിയാഴ്ച മുതൽ തിരച്ചിൽ തീരുന്നതുവരെ സ്ഥലത്തുണ്ടായിരുന്നു.
സേവനസന്നദ്ധരായി ടീം വെൽഫെയർ
ഈരാറ്റുപേട്ട: അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ട കൂട്ടിക്കലും ഉരുൾപൊട്ടി വെള്ളംകയറി സ്ഥാപനങ്ങളും വീടുകളും നശിച്ച ഈരാറ്റുപേട്ടയിലും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, സെക്രട്ടറി സജീദ് ഖാലിദ്, സംസ്ഥാന സമിതിയംഗം സഫീർ ഷാ, ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സമദ് നെടുമ്പാശ്ശേരി എന്നിവർ സന്ദർശിച്ചു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പരിശീനം ലഭിച്ച നൂറിലധികം വാളൻറിയർമാർ എത്തി സ്ഥാപനങ്ങളും വീടുകളും ശുചീകരണം നടത്തി. തുടർദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ യൂസുഫ് ഹിബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.