തീർഥാടകരെ പെരുവഴിയിലാക്കി കെ.എസ്.ആർ.ടി.സി
text_fieldsപൊൻകുന്നം: പൊൻകുന്നത്ത് കുടുങ്ങിയ അയ്യപ്പന്മാർക്ക് ഗതാഗതമന്ത്രിയുടെ ഇടപെടലിൽ തുടർയാത്ര. പമ്പയിൽനിന്ന് കുമളിക്ക് പോകേണ്ട 33 സ്വാമിമാരാണ് പൊൻകുന്നത്ത് കുടുങ്ങിയത്.
പമ്പയിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഇവരെ പൊൻകുന്നത്തുനിന്ന് ബസ് കിട്ടുമെന്നറിയിച്ച് കോട്ടയത്തേക്കുള്ള ബസിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ കയറ്റുകയായിരുന്നു. തിങ്കളാഴ്ച രാത്രി 10 ഓടെ ഇവരെ പൊൻകുന്നത്ത് ഇറക്കി. എന്നാൽ, രാത്രിയിൽ കുമളി സർവിസില്ലാത്തതിനാൽ ഏറെ കാത്തിരുന്നിട്ടും ബസ് ലഭിച്ചില്ല.
ഇതോടെ വലഞ്ഞ അയ്യപ്പഭക്തർക്ക് തുണയായി പൊൻകുന്നം പൊലീസിെൻറ സഹകരണത്തോടെ സന്നദ്ധപ്രവർത്തകർ നടത്തുന്ന സേവാകേന്ദ്രം രംഗത്തെത്തി. ഇവിടെ സേവനത്തിലുണ്ടായിരുന്ന അയ്യപ്പസേവാസംഘം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും ഭക്ഷണം സ്വാമിമാർക്ക് നൽകി. പിന്നീട് സമീപ ഡിപ്പോകളിലെല്ലാം ബസ് സൗകര്യം തേടിയിട്ടും ലഭ്യമായില്ല. ഇതോടെ ഇവർ ഗതാഗത മന്ത്രി ആൻറണി രാജുവിനെ വിളിച്ച് സഹായം തേടി.
മന്ത്രി കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് അയ്യപ്പന്മാർക്ക് ബസ് ഏർപ്പെടുത്താൻ നിർദേശം നൽകി. എരുമേലിയിൽനിന്ന് ബസ് എത്തുമെന്നറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് സന്നദ്ധപ്രവർത്തകരും ഓഴിട്ടോതൊലാളികളും പൊൻകുന്നം ഡിപ്പോയിലെത്തി പ്രതിഷേധം അറിയിച്ചു. രാത്രി 12ന് വഴിക്കടവ് റൂട്ടിലെ സർവിസ് കഴിഞ്ഞെത്തിയ ജീവനക്കാർ സേവനസന്നദ്ധരായതോടെ തീർഥാടകരെ എരുമേലിയിലെത്തിച്ചു. ഡ്രൈവർ ബിജു, കണ്ടക്ടർ താഴത്തേടത്ത് ശ്രീജിത് എന്നിവർ സേവനത്തിന് തയാറായതോടെയാണ് പരിഹാരമുണ്ടായതെന്ന് അയ്യപ്പസേവാസംഘം ഭാരവാഹി പി. പ്രസാദും കോൺഗ്രസ് നേതാവ് സുരേഷ് ടി.നായരും പറഞ്ഞു. പിന്നീട് എരുമേലി ഓപറേറ്റിങ് സെൻററിൽനിന്ന് തീർഥാടകർക്കായി കുമളിയിലേക്ക് ബസ് അയക്കുകയായിരുന്നു.
കോട്ടയം ഡിപ്പോയിൽനിന്ന് പൊൻകുന്നം വഴി കുമളി ബസില്ലെന്ന് അറിഞ്ഞിട്ടും ടിക്കറ്റ് തുക ലഭിക്കുമെന്നതിനാൽ ഇവരെ കബളിപ്പിച്ച് കയറ്റുകയായിരുന്നുവെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥിതിയായിരുന്നുവെന്നും ആരോപണമുണ്ട്. പമ്പയിൽതന്നെ ഇവർ തുടർന്നിരുന്നെങ്കിൽ അവിടെനിന്ന് കുമളിയിലേക്ക് ബസ് സൗകര്യം ലഭിക്കുമായിരുന്നുവെന്നും തീർഥാടകർ പറയുന്നു.
പമ്പ സർവിസ് 26 മുതൽ
കോട്ടയം: തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി 26 മുതൽ പമ്പക്ക് സർവിസ് ആരംഭിക്കും. ഏറ്റുമാനൂർ ക്ഷേത്രത്തിൽനിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന ബസ് തിരുനക്കരയിലെത്തി അയ്യപ്പന്മാരെ കയറ്റും. തുടർന്ന് അവിടെനിന്ന് രാത്രി ഒമ്പതിന് യാത്ര ആരംഭിക്കും. തിരുനക്കര ക്ഷേത്രമൈതാനത്തുള്ള അയ്യപ്പസേവാ സംഘം ഓഫിസിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.