പൊൻകുന്നം സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തനം പുനരാരംഭിച്ചു
text_fieldsപൊൻകുന്നം: ഒരുമാസത്തിലധികമായി അടഞ്ഞുകിടന്ന പൊൻകുന്നം ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് തുറന്ന് പ്രവർത്തനം പുനരാരംഭിച്ചു. സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അടച്ചുപൂട്ടിയ വിവരം വെള്ളിയാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്റ്റാൻഡിലെ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് തുറന്ന് വൃത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്. രാവിലെ ഏഴുമുതലാണ് ഓഫിസ് പ്രവർത്തിക്കുക. പൊൻകുന്നം ഡിപ്പോയിൽ രണ്ട് ഇൻസ്പെക്ടർമാരാണുള്ളത്. പകൽ ബസുകൾ എത്താത്തതിനാൽ ഒരു ഇൻസ്പെക്ടർ മതി. ബാക്കിയുള്ള ഒരാൾക്ക് സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിലായിരിക്കും ഡ്യൂട്ടി.
മുമ്പ് ആവശ്യത്തിന് സ്റ്റേഷൻ മാസ്റ്റർമാരില്ലെന്നും കണ്ടക്ടർമാർക്ക് അദർ ഡ്യൂട്ടി നൽകേണ്ടതില്ലെന്ന നിർദേശത്തെയും തുടർന്നായിരുന്നു സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അടച്ചുപൂട്ടിയത്. ഇത് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചതോടെ ദൂരെ സ്ഥലങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർക്ക് ഏറെ സഹായമായി.
കിഴക്കൻ മേഖലയിലെ കുമളി, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കും ഒപ്പം എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ സമയമറിഞ്ഞുള്ള യാത്രക്ക് ഇത് സഹായകരമാകും. ഒപ്പം കോർപറേഷന്‍റെ പ്രതിദിന വരുമാന വർധനവിനും സ്റ്റാൻഡിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തനം ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.