പട്ടയപ്രശ്നത്തിന് പരിഹാരം; മണിമല വില്ലേജും ഡിജിറ്റല്‍ സർവേയിലുള്പ്പെടുത്തി ഉത്തരവായി -ഡോ. എന്‍. ജയരാജ്
text_fieldsപൊൻകുന്നം: കാഞ്ഞിരപ്പള്ളി താലൂക്കിലെ മുക്കട കൂപ്പ് നമ്പര്‍-മൂന്ന്, ആലപ്ര, മേലേക്കവല, വളകോടി ചതുപ്പ്, വഞ്ചികപ്പാറ, നെടുമ്പറം ചതുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടയപ്രശ്നത്തിന് പരിഹാരമായി. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന ഡിജിറ്റല്‍ സർവേയില്‍ ഈ പ്രദേശംകൂടി ഉള്‍പ്പെടുത്താന്‍ റവന്യൂ വകുപ്പുമന്ത്രി ഉത്തരവ് നല്‍കിയതായി ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രിക്ക് ചീഫ് വിപ്പ് പ്രത്യേകമായി കത്ത് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് റവന്യൂമന്ത്രി ഉത്തരവ് നല്‍കിയിരിക്കുന്നത്.
668 കുടുംബങ്ങള്‍ക്കാണ് നിലവില്‍ പട്ടയം ലഭിക്കാനുള്ളത്. ഇവരെല്ലാം വനാതിര്‍ത്തിക്ക് സമീപം താമസിക്കുന്നവരാണ്. 1958 ല്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി വനാതിര്‍ത്തി നിര്‍ണ്ണയിച്ചതാണ്. പിന്നീട് റവന്യൂവകുപ്പും വനംവകുപ്പും സംയുക്ത സർവേ നടത്തി വനാതിര്‍ത്തിക്ക് പുറത്തുള്ള ആളുകളെ കണ്ടെത്തുകയും ചെയ്തതാണ്. എന്നാല്‍ പൊന്തന്‍പുഴ വനത്തിന്റെ അവകാശം സംബന്ധിച്ച് ഏതാനും സ്വകാര്യവ്യക്തികള്‍ നല്കിയ കേസില്‍ ഹൈകോടതി വിധി അവര്‍ക്ക് അനുകൂലമാകുകയും ഇതുസംബന്ധിച്ച് സംസ്ഥാന വനംവകുപ്പ് സുപ്രീംകോടതിയില്‍ എസ്.എല്‍.പി. നമ്പര്‍ 2291/19 ആയി അപ്പീല്‍ നല്‍കുകയും ഇത് കോടതിയുടെ പരിഗണനയിലുമാണ്. എന്നാല്‍ ജനങ്ങള്‍ നൂറിലധികം വര്‍ഷമായി അധിവസിക്കുന്ന പ്രദേശംകൂടി ഈ കേസിന്റെ പരിധിയില്‍ വരുമെന്ന തെറ്റായ വ്യാഖ്യാനമാണ് യഥാര്‍ത്ഥത്തില്‍ പട്ടയവിഷയത്തില്‍ പ്രശ്നത്തിന് കാരണമായത്. എന്നാല്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ സർവേ ആരംഭിച്ചതോടെ വനാതിര്‍ത്തിക്കടുത്തുള്ള ജനങ്ങള്‍ തമസിക്കുന്ന പ്രദേശം വനഭൂമിയാണോ റവന്യൂ ഭൂമിയാണോ എന്ന് കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ എളുപ്പമായി.
റവന്യൂ ഭൂമിയാണെങ്കില് റവന്യൂ പട്ടയം നല്കുന്ന അതേ നടപടിക്രമത്തില്‍ പട്ടയം നല്‍കുക എന്ന ആവശ്യമുന്നയിച്ച് ചീഫ് വിപ്പ് നിരവധി തവണ നിയമസഭയില്‍ ചോദ്യങ്ങളായും സബ്മിഷനുകളായും വിഷയം അവതരിപ്പിച്ചിരുന്നു. ഡിജിറ്റല്‍ സർവേ പൂര്‍ത്തിയാകുന്നതോടെ മണിമല വില്ലേജിലെ വിവിധ മേഖലകളിലെ ജനങ്ങളുടെ പട്ടയം സംബന്ധിച്ച വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകും.
ഇപ്പോള്‍ നടക്കുന്ന ഡിജിറ്റല്‍ സർവേ പ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗം മണിമല വില്ലേജിലും ആരംഭിക്കും. സർവേ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സൗകര്യങ്ങളൊരുക്കാന്‍ മണിമല പഞ്ചായത്തിനോട് നിര്‍ദ്ദേശിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.