പാലാ-പൊൻകുന്നം റോഡ്: വഴിവിളക്കുകൾ കണ്ണടച്ചു; യാത്ര കൂരിരുട്ടിൽ
text_fieldsപൊൻകുന്നം: പാലാ-പൊൻകുന്നം റോഡിലെ വഴിവിളക്കുകൾ കണ്ണടച്ചതോടെ പാത ഇരുട്ടിൽ. റോഡിലെ നാനൂറിലധികം സൗര വഴിവിളക്കുകളുടെ പ്രവർത്തനമാണ് നിലച്ചത്. 21 കിലോമീറ്ററുള്ള റോഡിൽ 45 മീറ്റർ ഇടവിട്ട് ഇരുവശങ്ങളിലുമായി ഉയരമുള്ള തൂണുകളിൽ സ്ഥാപിച്ച സൗരോർജ പാനലുകളും ബാറ്ററിയും ചേർന്ന വഴിവിളക്കുകൾ വാറന്റി കാലാവധി പിന്നിട്ടതോടെ പൂർണമായും പ്രവർത്തനരഹിതമാവുകയായിരുന്നു.
രണ്ടുവർഷത്തിലേറെയായി ഒരെണ്ണംപോലും പ്രകാശിക്കുന്നില്ല. വാഹനങ്ങളിടിച്ച് കേടായ വിളക്കുകൾക്കെല്ലാം 50,000 മുതൽ ഒരുലക്ഷം രൂപ വരെ വാഹന ഉടമകളിൽനിന്ന് സർക്കാറിലേക്ക് നഷ്ടപരിഹാരം ഈടാക്കിയെങ്കിലും ഇവയിൽ ഒന്നുപോലും പുനഃസ്ഥാപിച്ചില്ല. വീണുകിടന്ന തൂണുകളിൽനിന്ന് ബാറ്ററികൾ മോഷണം പോവുകയും ചെയ്തു.
ബാറ്ററിയുടെയും പാനലിന്റെയും തകരാർമൂലം ബാക്കി വഴിവിളക്കുകളും പ്രവർത്തിക്കാതായതോടെ നിരവധി ബാറ്ററികളാണ് മോഷണം പോയത്. ബാറ്ററി കവർച്ച നടത്തിയ ഏതാനും സംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു. നാട്ടുകാരും തദ്ദേശ സ്ഥാപനങ്ങളും നിരന്തരം പരാതി നൽകിയിട്ടും നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ല. പാലാ, കാഞ്ഞിരപ്പള്ളി എം.എൽ.എമാർ നൽകിയ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. കെൽട്രോൺ, അനർട്ട് തുടങ്ങിയ ഏജൻസിക്ക് പരിപാലനച്ചുമതല നൽകുന്ന കാര്യം ആലോചിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.
കോടികൾ മുടക്കി സംസ്ഥാനപാതയിൽ വഴിവിളക്കുകൾ സ്ഥാപിച്ചതിനാൽ പിന്നീട് പരിധിയിലെ പഞ്ചായത്തുകളൊന്നും പാലാ-പൊൻകുന്നം റോഡിൽ വഴിവിളക്കുകൾക്കായി ഫണ്ട് മാറ്റിവെച്ചിട്ടില്ല. എം.പി ഫണ്ട്, ജില്ല പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് ഏതാനും ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ പ്രധാന കവലകളിൽ സ്ഥാപിക്കുക മാത്രമാണുണ്ടായത്. ചിറക്കടവ് പഞ്ചായത്ത് പൊൻകുന്നം മുതൽ ഒന്നാംമൈൽ കവല വരെ ഏതാനും എൽ.ഇ.ഡി.വഴിവിളക്കുകൾ സ്ഥാപിച്ചു.
വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. ശബരിമല തീർഥാടന സമയത്തായിരുന്നു ഏറെയും അപകടം. കാൽനടക്കാർക്ക് വാഹനമിടിച്ച് പരിക്കേൽക്കുകയും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. അപകടരഹിത യാത്ര ഉറപ്പാക്കാൻ വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കേണ്ടത് അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.