മഴക്കാലമാണ് ശ്രദ്ധിക്കണം; കിഴക്കൻ മേഖലയിൽ വാഹനാപകടങ്ങളേറുന്നു
text_fieldsപൊൻകുന്നം: മഴക്കാലം തുടങ്ങിയതോടെ ദേശീയപാതയിലും പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലും അപകടങ്ങൾ പതിവായി. ഒരാഴ്ചക്കുള്ളിൽ കൊല്ലം-തേനി ദേശീയപാതയിലും പാലാ-പൊൻകുന്നം, പൊൻകുന്നം-മണിമല റോഡിലുമായി നടന്നത് പത്തിലേറെ അപകടങ്ങൾ. എല്ലാം ചെറിയ അപകടങ്ങളായിരുന്നത് രക്ഷയായി.
കിഴക്കൻമേഖലയിലെ വഴികളിലെല്ലാം മഴയിൽ കനത്ത മൂടൽമഞ്ഞിന് സമാനമായ അവസ്ഥയാണ്. ഈ സമയം ലൈറ്റ് തെളിച്ചില്ലെങ്കിൽ വാഹനങ്ങൾ ദൃശ്യമല്ല. പാലാ-പൊൻകുന്നം റോഡിൽ വഴിയോരക്കച്ചവടക്കാരുടെ ബാഹുല്യവും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. വഴിയോരം കയ്യേറി കടകൾ കെട്ടി കച്ചവടം നടത്തുന്നതുമൂലം റോഡ് ഇടുങ്ങുകയാണ്. ഇത്തരം പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനിടമില്ല. അടുത്തിടെ രണ്ട് കടയിലേക്ക് കാറുകൾ പാഞ്ഞുകയറി അപകടമുണ്ടായതും മഴസമയത്താണ്. അതിവേഗത്തിലെത്തിയ വാഹനങ്ങൾ റോഡിൽ തെന്നിയെത്തിയാണ് എലിക്കുളത്തും ഒന്നാംമൈലിലും കടകളിൽ ഇടിച്ചത്. രണ്ടിടത്തും കടയുടമകൾക്ക് പരിക്കേറ്റിരുന്നു.
കൂടുതൽ അപകടങ്ങളും മഴയിൽ റോഡിൽ ബ്രേക്ക് ചെയ്തത് മൂലമുണ്ടായതാണ്. മഴക്കാലത്ത് വാഹനങ്ങളുടെ തേഞ്ഞ് തീരാറായ ടയറുകളാണ് പ്രധാന അപകടകാരണം. വളവുകളും തിരിവുകളും ഇറക്കങ്ങളും നിറഞ്ഞതാണ് ദേശീയപാതയും സംസ്ഥാനപാതയും. അശ്രദ്ധമായ ഓവർടേക്കിങ്ങിനിടെ അപ്രതീക്ഷിതമായി ചെയ്യേണ്ടിവരുന്ന ബ്രേക്കിങ് മൂലം വാഹനങ്ങൾ തെന്നിമറിയുന്ന അപകടങ്ങളാണ് അധികവും. വഴിയോരത്ത് കാടുവളർന്ന് ഗതാഗതനിർദേശബോർഡുകൾ പ്രത്യേകിച്ച് വേഗനിയന്ത്രണ ബോർഡുകൾ ദൃശ്യമല്ലാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ബസുകളും ലോറികളും ടാറിങ്ങിനോട് ചേർന്ന് റോഡരികിൽ രാത്രി പാർക്കുചെയ്യുന്നതും ഹൈവേയിൽ പലയിടത്തും അപകടസാധ്യത കൂട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.