ഓർമശക്തിയിൽ റെക്കോഡ് നേടിയ ദേവാൻഷിക്ക് നാടിന്റെ അനുമോദനം
text_fieldsപൊൻകുന്നം: ഓർമശക്തിയുടെ മികവ് തെളിയിച്ച അഞ്ചുവയസ്സുകാരി ദേവാൻഷി എസ്. കൃഷ്ണ പൊൻകുന്നത്തിന് നാടിന്റെ അനുമോദനം. 2.38 മിനിറ്റുകൊണ്ട് 203 രാജ്യങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേര് പറഞ്ഞാണ് ദേവാൻഷി മികവ് തെളിയിച്ചത്. ഓൺലൈനിൽ നടന്ന റെക്കോഡ് മത്സരങ്ങളിൽ ഓർമശക്തിയുടെ പ്രകടനം വീഡിയോ ചിത്രീകരിച്ച് അയച്ചുനൽകി മൂന്ന് വേൾഡ് റെക്കോഡുകൾ അടുത്തിടെ ഈ കുട്ടി നേടിയിരുന്നു.
കലാം വേൾഡ് റെക്കോഡ്, യു.എസ്. വേൾഡ് റെക്കോഡ്, ഇന്റർനാഷണൽ വേൾഡ് റെക്കോഡ് എന്നിവയാണ് ലഭിച്ചത്. ഇളങ്ങുളം മാധവത്തിൽ ദീപു കൃഷ്ണയുടെയും ശിൽപയുടെയും മൂന്നാമത്തെ മകളാണ് ദേവാൻഷി എസ്. കൃഷ്ണ. നന്ദന എസ്. കൃഷ്ണ, ശിവാനി എസ്. കൃഷ്ണ എന്നിവരാണ് സഹോദരങ്ങൾ. ഇളങ്ങുളം സെന്റ് മേരീസ് എൽ.പി. സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ് ദേവാൻഷി.
ബ്രസീൽ മുതൽ ഇന്ത്യവരെ 203 രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ കൂടാതെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനവും രാജ്യത്തെ ഇതുവരെയുള്ള പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും പേരുകളും അവരുടെ സ്ഥാനാരോഹണക്രത്തിൽ ഓർമിച്ചുപറയും. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഉപഹാരം നൽകി അനുമോദിച്ചു. സ്കൂൾ അധ്യാപക രക്ഷാകർതൃസമിതിയുടെ പുരസ്കാരം സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ സമ്മാനിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ വിജ്ഞാനകേന്ദ്ര ഉദ്ഘാടനവേദിയിൽ മുൻ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്കും ദേവാൻഷിക്ക് പുരസ്കാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.