സസിൻ ഇനി വേദനിക്കുന്ന ഓർമ
text_fieldsപൊൻകുന്നം: സസിൻ ഇനി ചിറക്കടവ് ഗ്രാമത്തിെൻറ വേദനിക്കുന്ന ഓർമ മാത്രം. അടുത്തമാസം സസിെൻറ വിവാഹാഘോഷം നടക്കേണ്ട ചിറക്കടവ് ഇടഭാഗം അരിഞ്ചിടത്ത് വീട്ടിലേക്ക് സസിെൻറ ചേതനയറ്റ ശരീരം എത്തിയപ്പോൾ സങ്കടമടക്കാനാവാതെ വിതുമ്പിയ മാതാപിതാക്കൾക്കു മുന്നിൽ നാടും ശോകമൂകമായി. മുംബൈയിൽ അറബിക്കടലിൽ ബാർജ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സസിെൻറ മൃതദേഹം ഞായറാഴ്ച പുലർച്ച പന്ത്രണ്ടരയോടെയാണ് വീട്ടിലെത്തിച്ചത്.
അരിഞ്ചിടത്ത് ഇസ്മയിലിെൻറയും സിൽവിയുടെയും മകനാണ് 29 കാരനായ സസിൻ. ഒ.എൻ.ജി.സി.കരാർ കമ്പനിയായ മാത്യൂ ആൻഡ് അസോസിയേറ്റ്സിൽ േപ്രാജക്ട് എൻജിനീയറായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ടാണ് സസിൻ ഉൾപ്പെടെയുള്ളവർ ജോലി ചെയ്ത പി-305 ബാർജ് മുങ്ങിയത്.
തിരച്ചിൽ നടത്തിയെങ്കിലും ആദ്യദിവസങ്ങളിൽ സസിെൻറ മൃതദേഹം കിട്ടിയിരുന്നില്ല. വ്യാഴാഴ്ചയാണ് സസിൻ മരിച്ച വിവരം ബന്ധുക്കൾ അറിയുന്നത്. അതുവരെ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മൂന്നുമാസം മുമ്പ് നാട്ടിലെത്തി മടങ്ങിയ സസിെൻറ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. അടുത്ത മാസം എത്തി വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ദുരന്തം.
മുംബൈയിൽനിന്ന് അദ്ദേഹം ജോലി ചെയ്ത ഒ.എൻ.ജി.സി കരാർ കമ്പനിയുടെ ചുമതലയിൽ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. അവിടെനിന്ന് ആംബുലൻസിൽ ചിറക്കടവിലെത്തിച്ചു. ഞായറാഴ്ച പുലർച്ച തന്നെ ചിറക്കടവ് മലമേൽ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.