നവകേരള സദസ്സിന് വേദിയൊരുക്കൽ; ചർച്ചയായി സ്കൂൾ കെട്ടിടം പൊളിക്കൽ
text_fieldsപൊൻകുന്നം: ഗവ.വി.എച്ച്.എസ്.എസ് വളപ്പിലെ കെട്ടിടം പൊളിക്കൽ വിവാദത്തിൽ. തിരക്കിട്ട് പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റുന്നതും പുതിയ കവാടം നിർമിക്കുന്നതും നവകേരള സദസ്സിനായിട്ടാണെന്നാണ് ആക്ഷേപം. ഇത്രയുംകാലം കവാടനിർമാണം ചുവപ്പുനാടയിൽ കിടന്നത് ഒരുമാസം കൊണ്ട് കുരുക്കഴിച്ച് നിർമാണം അതിവേഗമായതാണ് രാഷ്ട്രീയവിവാദങ്ങൾക്ക് വഴിയൊരുക്കിയത്.
എതിരാളികൾ സമൂഹമാധ്യമങ്ങളിൽ വാദങ്ങളുയർത്തിയതോടെ സി.പി.എം അണികളും മറുപടിയുമായി രംഗത്തെത്തി. ഇതിനിടെ സ്കൂൾ അധികൃതരിൽനിന്നുള്ള ഔദ്യോഗിക വിശദീകരണവും പുറത്തുവിട്ടു. വികസനപ്രവർത്തനങ്ങളെ തുരങ്കംവെക്കാൻ ചിലർ ശ്രമിക്കുന്നുവെന്നാണ് സ്കൂൾ അധികൃതരുടെ ആരോപണം.
2020ൽ കെട്ടിടം നിർമിച്ചതോടെ പഴയത് ഉപയോഗശൂന്യമായി. കോൺക്രീറ്റ് പാളികൾ അടർന്നുവീണ അപകടകരമായ സ്ഥിതിയായിരുന്നുവെന്നാണ് മാനേജിങ് കമ്മിറ്റി വിശദീകരണം. എന്നാൽ, പൊളിക്കുന്നതിൽ കാലതാമസം നേരിട്ടതോടെ സെപ്റ്റംബർ 27ന് മാനേജ്മെന്റ് കമ്മിറ്റി, പി.ടി.എ ഭാരവാഹികളുടെ യോഗം ചീഫ് വിപ്പ് ഡോ.എൻ. ജയരാജിനും ജില്ല പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ് കുമാറിനും പരാതി നൽകി.
തുടർന്ന് ഒക്ടോബർ 28ന് ചേർന്ന ജില്ല വികസന സമിതിയിൽ എം.എൽ.എ വിഷയം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ് വില നിശ്ചയിച്ചാൽ ഒരാഴ്ചക്കകം പൊളിച്ചുനീക്കാമെന്നും അറിയിച്ചു. അന്നുതന്നെ ഉപഡയറക്ടർ കെട്ടിടം പൊളിക്കാനുള്ള ലേലനടപടികൾക്ക് അനുമതി നൽകി.
തുടർന്ന് നടന്ന ലേലത്തിൽ ഈ മാസം 21ന് നടന്ന ലേലത്തിൽ 76 പേർ പങ്കെടുക്കുകയും ആലപ്പുഴ സ്വദേശി അനുമതി നേടുകയും ചെയ്തു. ഇവരുടെ സൗകര്യാർഥമാണ് ഇപ്പോൾ കെട്ടിടം പൊളിക്കുന്നത്.
ജില്ല പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ് കുമാർ 20 ലക്ഷം രൂപ അനുവദിച്ചാണ് ചുറ്റുമതിലും കവാടവും നിർമിക്കുന്നതെന്ന് മാനേജിങ് കമ്മിറ്റി ചെയർമാൻ പി.ജി. ജനീവ് പറഞ്ഞു. 2021 -22 സാമ്പത്തിക വർഷം അനുമതി ലഭിച്ച ചുറ്റുമുതലിന്റെ നിർമാണം മരം മുറിക്കാനുള്ള കാലതാമസം മൂലമാണ് വൈകിയത്. അടുത്തിടെ സോഷ്യൽ ഫോറസ്ട്രിയുടെ അനുമതിയോടെ മരങ്ങൾ മുറിച്ചുമാറ്റിയതോടെയാണ് നിർമാണം വേഗത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.