കടവനാൽക്കടവ് പാലം തുറന്നു
text_fieldsപൊൻകുന്നം: അറ്റകുറ്റപ്പണി പൂർത്തിയായ ചേനപ്പാടി കടവനാൽക്കടവ് പാലം ഗതാഗതത്തിന് തുറന്നുനൽകി. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ജെസി ഷാജൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, പഞ്ചായത്ത് അംഗങ്ങളായ റിജോ വാളന്തറ, വി.എൻ. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരാണ് പാലം തുറന്നത്.
ബലക്ഷയം നേരിട്ട മൂന്ന് സ്പാനും ഹൈഡ്രോളിക് ജാക്കിയുടെ സഹായത്തോടെ ഉയർത്തി പുനഃസ്ഥാപിക്കുകയും പാലത്തിെൻറ ബയറിങ്ങുകൾ പൂർണമായി മാറ്റി സ്ഥാപിക്കുകയും ചെയ്തു. കൂടാതെ, സ്പാനുകൾ തമ്മിൽ കൂടിച്ചേരുന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് ബലവത്താക്കുകയും കൈവരികൾ അടക്കം നിർമിക്കുകയും ചെയ്തു. ക്രാഷ് ബാരിയർ, പടവുകളുടെ നിർമാണം, അപ്രോച് റോഡ് റീ ടാറിങ് എന്നിവ ഇനിയും ചെയ്യാനുണ്ട്.
മഴക്കാലത്തിനുശേഷമേ ഈ ജോലികൾ ചെയ്യാനിടയുള്ളൂ. 64 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധരിച്ചത്. പ്രളയജലത്തിെൻറ സമ്മർദം മൂലവും ഒഴുകിയെത്തിയ തടികൾ ഇടിച്ച് വിഴിക്കിത്തോട് ഭാഗത്തുനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ സ്പാൻ രണ്ടരയടിയിലേറെ തെന്നിമാറിയിരുന്നു. ഒക്ടോബർ മുതൽ ഇതുവഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിലച്ചു.
നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി മേയ് ഒമ്പതുമുതൽ ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്ന് മുക്കട, റാന്നി, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. മണിമല, ചങ്ങനാശ്ശേരി റൂട്ടിലേക്കും വാഹനങ്ങൾ കടന്നുപോയിരുന്നു. ഒമ്പത് ബസ് സർവിസ് നടത്തിയിരുന്നു. ബസുകൾ മുടങ്ങിയതോടെ ചേനപ്പാടി, വിഴിക്കിത്തോട് നിവാസികൾ ഏറെ ബുദ്ധിമുട്ടിലായിരുന്നു. പാലം തുറക്കാൻ വൈകുന്നതിൽ ശക്തമായ പ്രതിഷേധം പ്രദേശത്ത് നിലനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.