മിനിസിവിൽ സ്റ്റേഷനിൽ ടോയ്ലറ്റുകൾ പൂട്ടി
text_fieldsപൊൻകുന്നം: മിനിസിവിൽ സ്റ്റേഷനിൽ എല്ലാ നിലകളിലും പൊതുജനങ്ങളുടെ ആവശ്യത്തിന് നിർമിച്ചിരുന്ന ടോയ്ലറ്റുകൾ പൂട്ടി. വെള്ളമില്ലാത്തതും വൃത്തിയാക്കാൻ ആളില്ലാത്തതുമാണ് പ്രശ്നം. ഓഫിസുകളിൽ ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്ലറ്റുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് ഓഫിസുകളിലെ ക്ലീനിങ് ജീവനക്കാർ ശുചിയാക്കും.
പൊതുടോയ്ലറ്റുകൾ വൃത്തിയാക്കൽ ഇവരുടെ ചുമതലയല്ല. അതിനായി സംവിധാനം സർക്കാർ ഒരുക്കിയിട്ടില്ല.
സിവിൽ സ്റ്റേഷെൻറ സുഗമമായ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ കമ്മിറ്റി ഇക്കാര്യങ്ങൾ സൂചിപ്പിച്ച് കലക്ടർക്ക് നിവേദനം നൽകും. താൽക്കാലിക ജീവനക്കാരെ ഇതിനായി നിയമിക്കണമെന്നാണ് ആവശ്യം.
സിവിൽ സ്റ്റേഷനിൽ വെള്ളത്തിനും ക്ഷാമമാണ്. യഥാസമയം പമ്പിങ് നടത്താനാവുന്നില്ല. വൈദ്യുതി നിലച്ചാൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനും ആളില്ല. ജനറേറ്റർ പ്രവർത്തിപ്പിക്കാതിരുന്ന് തകരാറിലാവുകയും ചെയ്തു. അടുത്തിടെ വൈദ്യുതി മുടങ്ങിയപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിക്കാനാകാത്തത് മൂലം ലിഫ്റ്റിൽ മുക്കാൽ മണിക്കൂറോളം ആൾക്കാർ കുടുങ്ങിയ സംഭവമുണ്ടായി. ഫയർഫോഴ്സും പൊലീസുമെത്തിയാണ് പുറത്തിറക്കിയത്.
ബസ് സ്റ്റാൻഡിൽ അടച്ചുപൂട്ടിയ കംഫർട്ട് സ്റ്റേഷന് പകരം ബയോ ടോയ്ലറ്റ്
പൊൻകുന്നം: നവീകരണത്തിനായി അടച്ചിട്ട കംഫർട്ട് സ്റ്റേഷന് പകരം പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിൽ ചിറക്കടവ് പഞ്ചായത്ത് ബയോ ടോയ്ലറ്റ് സ്ഥാപിക്കും. ഇതിനായി രണ്ട് ടോയ്ലറ്റുകൾ എത്തിച്ചു.
പരിമിത സൗകര്യങ്ങളുള്ള കംഫർട്ട് സ്റ്റേഷൻ പൊളിച്ചു പണിയുകയാണ്. പൊട്ടിപ്പൊളിഞ്ഞ ക്ലോസറ്റുകൾ വൃത്തിഹീനമായിരുന്നതിനാൽ പൂർണമായി പൊളിച്ചുനീക്കി.
ഉള്ളിലെ ടൈലുകൾ പോലും ഇളക്കിനീക്കി പൂർണമായ പുനർനിർമാണമാണ് നടത്തുന്നത്. എയർപോർട്ടുകളിലെ ടോയ്ലറ്റുകളുടെ സൗകര്യങ്ങളോടെയാണ് പുതിയത് നിർമിക്കുന്നത്. ഇതിന് ഒരുമാസത്തെ താമസം വരും.
ദിവസവും മുന്നൂറിലേറെ ബസുകൾ എത്തുന്ന സ്റ്റാൻഡിൽ ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രാഥമിക കൃത്യനിർവഹണത്തിന് തടസ്സമുണ്ടാകാതിരിക്കാൻ പഞ്ചായത്ത് കമ്മിറ്റി താൽക്കാലിക സംവിധാനമെന്ന നിലയിലാണ് രണ്ട് ബയോ ടോയ്ലറ്റ് എത്തിച്ചത്. 21,000 രൂപ ചെലവിട്ടാണ് ഒരു മാസത്തേക്ക് സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.