പൂഞ്ഞാർ സംഭവം; ജില്ല കമ്മിറ്റിയംഗത്തെ തെരഞ്ഞെടുപ്പ് ചുമതലയിൽനിന്ന് മാറ്റി
text_fieldsഈരാറ്റുപേട്ട: പൂഞ്ഞാർ പള്ളിമുറ്റത്ത് നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല കമ്മിറ്റിയംഗം ജോയി ജോർജ് രംഗം വഷളാക്കിയതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ ഉടലെടുത്ത അമർഷം തണുപ്പിക്കാൻ പാർട്ടിയുടെ ഇടപെടൽ.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മുനിസിപ്പൽ ഇലക്ഷൻ കമ്മറ്റിയുടെ ചുമതലയിൽനിന്ന് ജോയി ജോർജിനെ മാറ്റി.
പകരം കാഞ്ഞിരപ്പള്ളിയിലെ ജില്ല കമ്മറ്റിയംഗമായ ഷമീം അഹമ്മദിനെ മുനിസിപ്പാലിറ്റിയുടെ ചുമതല ഏൽപ്പിച്ചു. പൂഞ്ഞാർ പള്ളിയിലുണ്ടായ വിഷയവുമായി ബന്ധപ്പെട്ട് പി.സി. ജോർജുമായി ചേർന്ന് പള്ളിമുറ്റത്ത് എത്തി രംഗം വഷളാക്കിയതാണ് നടപടിക്ക് ആധാരമായത്.
ഇതിനു മുമ്പ് പൊതുപരിപാടിയിൽ ജോയ് ജോർജ് ഈരാറ്റുപേട്ടക്കാരെ ആക്ഷേപിച്ച് സംസാരിച്ചതായും ആക്ഷേപമുണ്ട്.
മാർച്ച് നാലിന് എൽ.ഡി.എഫിന്റെ പത്തനംതിട്ട പാർലമെന്റ് സ്ഥാനാർഥി തോമസ് ഐസക്കിന്റെ റോഡ് ഷോയിൽ ഇദ്ദേഹത്തെ പങ്കെടുപ്പിക്കരുതെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. സിവിൽ സ്റ്റേഷൻ നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടും ഏറെ വിവാദമായിരുന്നു. ക്രമസമാധന പ്രശ്നവും തീവ്രവാദ സാഹചര്യവും നിലനിൽക്കുന്ന പ്രദേശമെന്നാണ് അന്ന് എസ്.പി റിപ്പോർട്ട് നൽകിയത്.
വസ്തുതക്ക് നിരക്കാത്ത റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ സർവകക്ഷി നേതാക്കൾ മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഈ വിഷയം എരിഞ്ഞ് നിൽക്കുമ്പോൾ തന്നെയാണ് പൂഞ്ഞാറിലെ മറ്റൊരു സംഭവവും വിവാദമായത്. വിദ്യാർഥികൾ ഫോട്ടോഷൂട്ടിന്റെ ഭാഗമായി പള്ളിമുറ്റത്ത് കയറിയതിനെ തുടർന്നുണ്ടായ അപ്രതീക്ഷിത സംഭവം കൊലപാതക കുറ്റത്തിൽ വരെ എത്തിയത്.
അതിൽ പങ്കെടുത്ത അമ്പതിലധികം വിദ്യാർഥികളിൽ നിന്ന് 27 വിദ്യാർഥികളെ മതംതിരിച്ച് അറസ്റ്റ് ചെയ്തതിലും കൊലപാതകക്കുറ്റം ചാർത്തി കേസെടുത്തതും വൻപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കേസെടുത്ത വിദ്യാർഥികളിൽ കൂടുതലും ഇടത് വിദ്യാർഥി പ്രസ്ഥാനത്തിലെ അംഗങ്ങളായതും പ്രതിഷേധത്തിന്റെ മൂർച്ച വർധിപ്പിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുപ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ ഇടത് നേതാക്കൾ നെട്ടോട്ടത്തിലാണ്. ജില്ല പൊലീസ് മേധാവി നൽകിയ വിവാദ റിപ്പോർട്ട് പിൻവലിച്ചെന്ന് മന്ത്രി വാസവൻ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു. എന്നാൽ രേഖാമൂലമുള്ള റിപ്പോർട്ട് വരട്ടെ എന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.