അതിദാരിദ്ര നിർമാർജനം; സംസ്ഥാനത്തിനൊപ്പം ചുവടുവെച്ച് നഗരസഭയും
text_fieldsകോട്ടയം: അതിദരിദ്രരില്ലാത്ത പദവിയിലേക്ക് സംസ്ഥാനത്തിനൊപ്പം ചുവടുവെച്ച് നഗരസഭയും. നഗരസഭ പരിധിയിൽ ആകെയുള്ളത് 94 അതിദരിദ്രരാണ്. നേരത്തെ 121 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 27 േപർ മരിച്ചു. 94 പേരിൽ എട്ടുപേരെ വിവിധ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേർ പുരുഷൻമാരും ബാക്കി സ്ത്രീകളുമാണ്. രണ്ടുപേരെ ശാന്തിഭവനിലാണ് താമസിപ്പിച്ചിരിക്കുന്നത്. അതിരമ്പുഴയിലെ വൃദ്ധ സദനം, മോനിപ്പള്ളി മാനസികാരോഗ്യകേന്ദ്രം, നവജീവൻ, വൈക്കം അഭയ ഭവൻ, ചാലുകുന്ന് അഗതി മന്ദിരം എന്നിവിടങ്ങളിലാണ് ബാക്കി ഓരോരുത്തർ. ആറുപേർ ഒന്നിലധികം അംഗങ്ങൾ ഉള്ള കുടുംബങ്ങളും വീടും സ്ഥലവും ആവശ്യമുള്ളവരുമാണ്. വീടില്ലാത്ത അതിദരിദ്ര കുടുംബങ്ങൾക്ക് വീട് ലഭ്യമാകുന്നതുവരെ വാടകവീട്ടിൽ താമസ സൗകര്യം ഒരുക്കിയിരിക്കുകയാണ്. വാടകവീടിന് മാസം 7,000 രൂപ വരെ ചെലവഴിക്കാം. ഇതിനുള്ള ചെലവ് 2024-25 വാർഷിക പദ്ധതി ഭേദഗതിയിൽ വകയിരുത്തും.
ആറുപേരിൽ ഒരാൾ നഗരസഭ ലൈഫ് പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. എസ്.സി വിഭാഗത്തിൽപെട്ട നാലുപേർക്ക് നഗരസഭ മുള്ളൻകുഴിയിൽ നിർമിച്ചുവരുന്ന ഫ്ലാറ്റുകൾ പൂർത്തീകരിക്കുന്ന മുറക്ക് അനുവദിക്കും. വീടും സ്ഥലവും ആവശ്യമുണ്ടായിരുന്ന ഒരാൾ തങ്ങളുടെ സമുദായ സംഘടന ഏറ്റുമാനൂരിൽ വാങ്ങി നൽകിയ വീട്ടിലേക്ക് താമസം മാറി. ഏകാംഗ കുടുംബങ്ങളായ ഒമ്പതുപേരാണുള്ളത്. ശാന്തിഭവനിലേക്ക് മാറ്റിപാർപ്പിക്കാൻ നഗരസഭ തയാറായെങ്കിലും ഇവർക്കത് സമ്മതമല്ല. ഒരാൾ ഒഴികെ ബാക്കി എല്ലാവരും സ്വന്തം വീടുകളിലും ബന്ധുക്കളുടെ സംരക്ഷണയിലുമായി കഴിയുന്നു. ശേഷിക്കുന്ന 65 പേർ വീടും സ്ഥലവും ഉള്ളവരും പെൻഷനും റേഷനും ലഭിക്കുന്നവരുമാണ്. ആവശ്യമുള്ളവർക്ക് പദ്ധതി വഴി മരുന്നുകളും ലഭ്യമാക്കുന്നു. 2022-23, 2023-24 വർഷങ്ങളിൽ 4,05,626 രൂപയുടെ ഭക്ഷ്യക്കിറ്റുകൾ അതിദരിദ്രർക്ക് നൽകിയിട്ടുണ്ട്. വീട് അറ്റകുറ്റപ്പണിക്ക് രണ്ടുപേർക്ക് 75,000 രൂപ വീതം 1.50 ലക്ഷം രൂപ 2023-24 ൽ നൽകി. മരുന്നിനായി മൂന്നുലക്ഷം രൂപ മെഡിക്കൽ ഓഫിസർ ഇംപ്ലിമെന്റിങ് ഓഫിസറായി പദ്ധതി മുഖാന്തിരം ചെലവാക്കി.
- അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് 2021ല്‍ ആരംഭിച്ച പദ്ധതിയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി.
- 2025 നവംബര്‍ ഒന്നിനു മുമ്പ് അതിദരിദ്രരില്ലാത്ത കേരളം ആണ് ലക്ഷ്യം
- അതിജീവനത്തിന് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങൾ (ഭക്ഷണം, സുരക്ഷിത താമസം, ആരോഗ്യം, അടിസ്ഥാന വരുമാനം) നേടിയെടുക്കാൻ ആകാത്തവരാണ് അതിദരിദ്രർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.