രക്തദാനത്തിൽ വനിതകൾക്ക് വഴികാട്ടിയായി പ്രഭ ഹരിശ്രീ
text_fieldsകോട്ടയം: കോവിഡുകാലത്തെ രക്തക്ഷാമത്തിന് പരിഹാരം കാണാൻ വനിതകളുടെ രക്തദാന സേനയുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് പ്രഭ ഹരിശ്രീ എന്ന അധ്യാപികയും സുഹൃത്തുക്കളും. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമം. രക്തദാനത്തിന് സന്നദ്ധരായവരുടെ കൂട്ടായ്മയായ 'ജനകീയ രക്തദാന സേന'യുടെ ജില്ല കോഓഡിനേറ്ററായി പ്രവർത്തിക്കുകയാണ് പ്രഭ. കോട്ടയത്തെ വിവിധ കോളജുകളിൽ ദീർഘകാലമായി പഠിപ്പിക്കുന്നതിനാൽ വിപുല ശിഷ്യസമ്പത്തിന് ഉടമയാണിവർ. ഈ ശിഷ്യഗണങ്ങളെയടക്കം സൗജന്യ രക്തദാനത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്.
രക്തക്ഷാമത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം അടിയന്തര ശസ്ത്രക്രിയകൾപോലും നീട്ടിവെക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് പ്രവർത്തനം ഉൗർജിതമാക്കുന്നത്. 100 പേർ രക്തദാനത്തിന് എത്തിയാൽ അതിൽ ഇരുപതോളം വനിതകൾ മാത്രമെ ഉണ്ടാകാറുള്ളൂ. ഈ കണക്ക് ശ്രദ്ധയിൽപെട്ടതോടെയാണ് വനിതകൾക്കിടയിലെ ബോധവത്കരണത്തിന് പ്രാധാന്യം നൽകാൻ തീരുമാനിച്ചത്. പരിചയത്തിലുള്ള സ്ത്രീകളെ രക്തദാനത്തിന് പ്രേരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഇവർ വഴി കൂടുതൽ വനിതകളെ ആകർഷിക്കും. സ്ത്രീകൾ രക്തം നൽകിയാൽ കുഴപ്പമാണെന്ന പൊതുധാരണ തിരുത്താനും ടീച്ചർ മുന്നിലുണ്ട്.
കോവിഡുകാലത്ത് രക്തദാനത്തിന് പോകുന്നവരോട് തൊഴിലുടമകൾ കാണിക്കുന്ന വിവേചനം പ്രതിസന്ധിയാകുന്നുണ്ടെന്ന് ടീച്ചർ പറയുന്നു. മെഡിക്കൽ കോളജിൽ രക്തദാനം കഴിഞ്ഞ് എത്തുന്നവരോട് രണ്ടാഴ്ച ക്വാറൻറീനിൽ പോകാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഈ കാലയളവിലെ വേതനം നൽകുകയുമില്ല. ഇൗ സാഹചര്യത്തിൽ താൽപര്യമുണ്ടെങ്കിലും പലരും രക്തം നൽകാൻ വിസമ്മതിക്കുകയാണ്. വനിതകൾ വ്യാപകമായി രക്തദാനത്തിന് മുന്നിട്ടിറങ്ങിയാൽ രക്തത്തിനുള്ള ക്ഷാമം പരിഹരിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീച്ചർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.