ബാബുവിനെ തനിച്ചാക്കി പ്രശാന്ത് യാത്രയായി; വേദനയില്ലാത്ത ലോകത്തേക്ക്
text_fieldsഈരാറ്റുപേട്ട: വാഹനാപകടത്തെ തുടര്‍ന്ന് ഏഴുവര്‍ഷത്തോളമായി ചികിത്സയിലായിരുന്ന കുന്നോന്നി കടലാടിമറ്റം കടവുപുഴയില്‍ കെ.പി. പ്രശാന്ത് (40) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സകള്‍ക്കിടെ ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
2015 മാര്‍ച്ചിലാണ് പ്രശാന്തിന്‍റെ ജീവിതം തകര്‍ത്ത അപകടമുണ്ടായത്. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവായി ജോലി ചെയ്യുന്നതിനിടെയായിരുന്നു ദുരന്തം. പ്രശാന്തിന്‍റെ ബൈക്ക് രാത്രിയില്‍ മലപ്പുറം കുറ്റിപ്പുറത്തുവെച്ച് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പത്തോളം ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയും ചെയ്തു. തലക്ക് ഗുരുതര പരിക്കേറ്റ പ്രശാന്ത് കോമ അവസ്ഥയിലേക്ക് മാറി. പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്ന പ്രശാന്തിന്‍റെ തുടര്‍ചികിത്സകള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു.
അപകടം നടന്ന നാൾ മുതൽ മരണംവരെ പ്രശാന്തിന് താങ്ങായി നിന്നത് മൂത്ത സഹോദരന്‍ ബാബുവായിരുന്നു. പൂഞ്ഞാറില്‍ ജീപ്പ് ഡ്രൈവറായിരുന്ന ബാബു ജോലി ഉപേക്ഷിച്ചാണ് സഹോദരനായി ജീവിതം ഉഴിഞ്ഞുവെച്ചത്. കിടപ്പിലായിരുന്ന സഹോദരന്‍റെ ദൈനംദിന കാര്യങ്ങള്‍ പൂര്‍ണമായും നോക്കിയിരുന്നത് ബാബുവായിരുന്നു. കൊച്ചുകുഞ്ഞിനെ പോലെയാണ് ബാബു പ്രശാന്തിനെ പരിചരിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഫിസിയോതെറപ്പിയും ബാബുതന്നെ ചെയ്തു. പ്രാരാബ്ധങ്ങള്‍നിറഞ്ഞ വീട്ടില്‍ പ്രശാന്തിനായി പ്രത്യേകം മുറി നിര്‍മിച്ചതും ബാബുവാണ്.
കൃത്യമായ ഇടവേളകളിലെ ചികിത്സ പ്രശാന്തിന്‍റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും കൈകാലുകള്‍ ചലിപ്പിക്കാന്‍ പോലും പ്രശാന്തിന് സാധിച്ചിരുന്നില്ല. ട്യൂബിലൂടെയാണ് ഭക്ഷണം നൽകിയിരുന്നത്. കഴിഞ്ഞയിടെ കോവിഡ് പിടിപെട്ടത് അവസ്ഥ ഗുരുതരമാക്കി.
ശ്വാസംമുട്ടലും കഫക്കെട്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞദിവസം വീണ്ടും കാരിത്താസില്‍ പ്രവേശിപ്പിക്കുകയും ശ്വസനത്തിനായി ട്യൂബ് ഘടിപ്പിച്ചശേഷം മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍. ചൊവാഴ്ച രാത്രിയോടെ പ്രശാന്തിന്‍റെ അന്ത്യം സംഭവിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.