മടങ്ങിയെത്തുന്നു താളും തഴുതാമ്മയും
text_fieldsകോട്ടയം: അടുക്കളയിലെ ബജറ്റിന്റെ താളംതെറ്റിക്കുന്ന പച്ചക്കറികളുടെയും മത്സ്യത്തിന്റെയും തീവിലയ്ക്ക് ആശ്വാസമായി ഇലക്കറി വിഭവങ്ങളായ താളും തഴുതാമ്മയും. ഇതോടെ പച്ചക്കറിയുടെയും മത്സ്യങ്ങളുടെയും തീവിലയെ മറികടക്കാൻ പഴയകാല ഭക്ഷണരീതിയിലേക്ക് തിരിച്ചുനടന്ന് മാതൃകയാവുകയാണ് ജില്ല.
പാമ്പാടി കാർഷികവിപണന കേന്ദ്രത്തിൽ കുറച്ച് ദിവസങ്ങളായി നടക്കുന്ന കച്ചവടമാണ് ഈ സൂചന ബലപ്പെടുത്തുന്നത്. തക്കാളി, ഉരുളക്കിഴങ്ങ്, സവാള, പയർ അടക്കമുള്ളവയുടെ ഇവിടത്തെ സ്ഥാനം കുറഞ്ഞവിലയ്ക്ക് കിട്ടുന്ന ചേമ്പിൻ താളും മുരിങ്ങയിലയും ചേനത്തണ്ടും വാഴപ്പിണ്ടിയും കൈയടക്കി.
ചേമ്പിൻ താളിനും ചേനത്തിണ്ടിനും മുരിങ്ങയിലക്കും തഴുതാമ്മക്കും കിലോക്ക് 25 രൂപ വീതം മാത്രമാണ് വില. കൂടാതെ വാഴപ്പിണ്ടിക്ക് 20 രൂപയും. മറ്റ് പച്ചക്കറികൾ ഒന്നുംതന്നെ 50 രൂപക്ക് താഴെയുള്ള വിലയ്ക്ക് കിട്ടാതെ വന്നതോടെ പഴയകാലത്തെ പച്ചക്കറികളിലേക്ക് സാധാരണക്കാർ തിരിയുകയായിരുന്നു.
ദൂരെ സ്ഥലങ്ങളിൽ ഉള്ളവർപോലും ഇവിടേക്ക് എത്തുന്നുണ്ടത്രേ. മുമ്പും പച്ചക്കറി വില കൂടിയപ്പോൾ നാട്ടിലെ കൃഷി ആയിരുന്നു അൽപമെങ്കിലും വിപണിയെ പിടിച്ചുനിർത്തിയത്. എന്നാൽ, ഇക്കുറി അതുണ്ടായില്ല. തുടർച്ചയായി പെയ്തമഴയിൽ വെള്ളരിക്ക, പയർ കൃഷികൾ നശിച്ചു.
എന്നാൽ, ചേനയും ചേമ്പും മഴയെ അതിജീവിക്കുന്ന വിളകളായതിനാൽ ഇപ്പോൾ സാധാരണക്കാരന് ആശ്വാസമായി. ഇവ മഴക്കാലത്തെ ആരോഗ്യപരമായ ഭക്ഷണമാണെന്ന് ആരോഗ്യ വിദഗ്ധരും വ്യക്തമാക്കുന്നു. മറ്റ് പച്ചക്കറികൾക്കും മീനിനും വില കൂടിയത് ആരോഗ്യകരമായ പഴയകാല ഭക്ഷണരീതി തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമേഖലയും.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതോടൊപ്പം കാലാവസ്ഥാവ്യതിയാനം മൂലം നാട്ടിൽ ഉണ്ടായിരുന്ന കൃഷി നശിക്കുകകൂടി ചെയ്തതോടെ പച്ചക്കറി വില കുതിച്ചുയരുകയായിരുന്നു. നിലവിൽ ബീൻസിനും പച്ചമുളകിനുമടക്കം തീവിലയാണ്. മീനിനും ഉയർന്ന വിലയായതോടെ ജില്ലയിൽ എല്ലാവിഭാഗം ജനങ്ങളുടെയും കുടുംബ ബജറ്റ് അടുക്കളചെലവിൽ തട്ടി തകിടം മറിഞ്ഞു.
ഇതോടെയാണ് പഴയകാല പച്ചക്കറികൾ ജനങ്ങളിൽ ആശ്വാസമായത്. ഒപ്പം കോട്ടയംകാർക്ക് ഇഷ്ടമേറെയുള്ള മീനിന്റെ വിലയും എങ്ങോട്ടെന്നില്ലാതെ ഉയർന്നതോടെ അടുക്കളകളുടെ താളം നിലനിർത്താൻ പഴയകാല ഭക്ഷണരീതിയിലേക്ക് തിരിയുകയാണ് ജനങ്ങൾ. അവയുടെ രുചിഭേദങ്ങൾ ഓർമയിൽ നുണയുന്ന ഒരുതലമുറ ഇന്നും അവശേഷിക്കുന്നുണ്ട്. അവർക്കൊക്കെ സന്തോഷം നൽകുന്നൊരു തിരിച്ചുപോക്കിലാണ് കോട്ടയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.