Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിലക്കുതിപ്പ്:...

വിലക്കുതിപ്പ്: താളംതെറ്റി അടുക്കള ബജറ്റ്, മീനിനും ചിക്കനും രക്ഷയില്ല...

text_fields
bookmark_border
Price increase: People in distress
cancel

കോട്ടയം: കോവിഡ് പ്രതിസന്ധി വരുത്തിവെച്ച ആഘാതം വിട്ടുമാറുന്നതിനുമുന്നേ ഇരട്ടപ്രഹരമായി അവശ്യവസ്തുക്കളുടെ വിലക്കുതിപ്പ്. നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയരുന്നതിനൊപ്പം ഗാർഹിക പാചകവാതക വില ഒറ്റയടിക്ക് 50 രൂപ കൂട്ടി. വിലവർധനക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് സാധാരണക്കാർ.

14.5 കിലോ വരുന്ന പാചകവാതക സിലിണ്ടറിന് 906 രൂപയായിരുന്നത് 957 രൂപയായാണ് ഉയർന്നത്. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസിന്‍റെ വില ഒരുവർഷത്തിനുള്ളിൽ 1000 രൂപയിലേറെയാണ് വർധിച്ചത്. ഹോട്ടൽ വിഭവങ്ങളുടെ വില ഇതോടെ ഇനിയും ഉയരും. പലവ്യഞ്ജനം, പച്ചക്കറി, മത്സ്യമാംസാദികൾ എന്നിവയുടെ വില കനത്തമഴയും വേനലും അടക്കം കാലാവസ്ഥ വ്യതിയാനത്തിന്‍റെ പേരിൽ കുതിക്കുകയാണ്. അരി, പയർവർഗങ്ങൾ, പരിപ്പ് എന്നിവയുടെ വിലകൂടി. പച്ചക്കറിവില കുതിച്ചുയർന്നശേഷം അൽപം കുറഞ്ഞുനിൽക്കുകയാണ്. ലോറിവാടക കൂടുമെന്നതിനാൽ ഇനിയും വിലവർധിച്ചേക്കും.

പെട്രോൾ, പാചകവാതക വിലവർധന സാധാരണക്കാരെ കൂടുതൽ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജീവിതം പഴയപടി കെട്ടിപ്പടുക്കാൻ പാടുപെടുമ്പോൾ വിലകൂട്ടി കഷ്ടപ്പെടുത്തുകയാണ് കേന്ദ്രസർക്കാർ. കോവിഡ് മാറി ചെറിയൊരു ആശ്വാസം വന്നിരിക്കുന്ന സമയത്താണ് പാചകവാതകത്തിന്‍റെയും പെട്രോളിയം ഉൽപന്നങ്ങളുടെയും വില വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം വില കാരണം എല്ലാ മേഖലയിലും സാധനങ്ങൾക്ക് വില കുത്തനേകൂടി. വീട് നിർമാണത്തിനുള്ള എല്ലാ സാധനങ്ങൾക്കും പൊള്ളുന്ന വിലയാണ്. എന്നാൽ, നാട്ടിൽ ഉൽപാദിപ്പിക്കുന്ന പല സാധനങ്ങൾക്കും വില കിട്ടുന്നുമില്ലെന്നുമുള്ള ആശങ്കയിലാണ് ജനം.

താളംതെറ്റി അടുക്കള ബജറ്റ്

പച്ചക്കറിവില കുറഞ്ഞതിന് പിന്നാലെ ചിക്കന്‍വില കുതിച്ചുയരുകയും മീന്‍വില താഴാതെ നില്‍ക്കുകയും ചെയ്തത് വീട്ടമ്മമാരുടെ അടുക്കളക്കണക്കിന്‍റെ താളംതെറ്റി. നാലു മാസത്തിലേറെ ഉയര്‍ന്നുനിന്ന പച്ചക്കറിവില താഴ്ന്ന് സാധാരണക്കാര്‍ക്ക് ആശ്വാസകരമായ നിലയിലേക്ക് വന്നതിന് പിന്നാലെയാണ് ഇറച്ചി, മീന്‍ എന്നിവയുടെ വിലക്കയറ്റം. മിക്ക പച്ചക്കറി ഇനങ്ങളുടെയും വില 30 മുതൽ 40 വരെയാണ് നിരക്ക്. കാരറ്റ് മാത്രമാണ് ഇപ്പോഴും വില ഉയര്‍ന്നുനില്‍ക്കുന്നത്. 60 മുതല്‍ 90 രൂപ വരെ ഗുണമേന്മയുടെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ വാങ്ങുന്നു. 400 രൂപ വരെയെത്തിയ മുരിങ്ങക്കായ വില 70 രൂപയിലെത്തി. വില ഉയര്‍ന്നപ്പോള്‍ അപ്രത്യക്ഷമായ പച്ചക്കറിക്കിറ്റുകളും കടകളില്‍ തിരികെയെത്തി. ഇപ്പോള്‍ 100 രൂപ നല്‍കിയാല്‍ നാലുകിലോ പച്ചക്കറി അടങ്ങിയ കിറ്റ് ലഭിക്കും. ചിലയിടങ്ങളില്‍ 150 രൂപക്കാണ് ഇത്രയും അളവു പച്ചക്കറി വില്‍ക്കുന്നത്. ചീര, പയര്‍, കോവക്ക, പാവക്ക തുടങ്ങിയ പച്ചക്കറികൾ പ്രാദേശിക കൃഷിയിടങ്ങളില്‍നിന്ന് വന്നുതുടങ്ങിയതും ഇവയുടെ വിലകുറയാന്‍ കാരണമായി. അടുക്കളകളിൽ ഒഴിവാക്കാന്‍ കഴിയാത്ത തേങ്ങ, എണ്ണ എന്നിവയുടെ വില ഉയരുന്നത് വീട്ടമ്മമാര്‍ക്ക് തിരിച്ചടിയാകുന്ന അവസ്ഥയാണ്. തേങ്ങ കിലോക്ക് വില 45 രൂപക്കും മുകളിലാണ്. ഏറ്റവും വിലക്കുറവുണ്ടായിരുന്ന പാമോയില്‍ വിലപോലും 160 രൂപയിലെത്തി. വരും ദിവസങ്ങളില്‍ വീണ്ടും വില ഉയരുമെന്നാണു സൂചന.

മീനിനും രക്ഷയില്ല

ഇറച്ചി ഒഴിവാക്കി മീനിലേക്ക് ചുവടുമാറ്റാമെന്ന് കരുതിയാല്‍ അവിടെയും വിലക്കയറ്റം രൂക്ഷമാണ്. മാര്‍ക്കറ്റിൽ പച്ചമീനിന്‍റെ ഏറ്റവും കുറഞ്ഞവില 150 രൂപയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. നെയ്മീൻ കിലോ 900 രൂപയിൽ എത്തി. വറ്റ, കാളാഞ്ചി, മോത തുടങ്ങിയ ഇനങ്ങളുടെ വിലയും 400- 500 റേഞ്ചിലാണ്. മത്തി, അയല തുടങ്ങി സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്നവയുടെ വിലയും 200ന് മുകളിലാണ്. കായൽ മീനുകളുടെ വിലയും കൂടി. മേൽത്തരം കരിമീന് 600 രൂപയായി. കായൽ മൊരശിന് 400 രൂപ വരെയെത്തി.

വലിയ മീനുകള്‍ക്ക് തോന്നിയ വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. ജില്ലയില്‍ ഏറെ വില്‍പനയുള്ള തള മീനിനു 340 മുതല്‍ 380 രൂപ വരെയാണു വില. കേരക്ക് 300 രൂപയാണ് ആരംഭവില. വിള വറ്റക്ക് വില അഞ്ഞൂറിനടുത്താണ്. കൊഞ്ച്, കരിമീന്‍ എന്നിവക്ക് വിലപ്പമനുസരിച്ച് വില 400 രൂപ വരെയത്തും. പ്രാദേശികമായി വിപണിലെത്തിക്കുന്ന വാള, തിലോപ്പിയ തുടങ്ങിയ ഇനങ്ങളുടെ വിലയും 150 രൂപക്ക് മുകളിലാണ്. പുഴമത്സ്യങ്ങളുടെ വരവ് കുറഞ്ഞതും കടല്‍മീനുകളുടെ വിലവര്‍ധനക്ക് കാരണമായെന്ന് വ്യാപാരികള്‍ പറഞ്ഞു.

ഡിമാൻഡ് കൂട്ടി ചിക്കനും

സാധാരണക്കാരുടെ അടുക്കളയിലെ ആഡംബര വിഭവമായ ചിക്കന് നിലവിൽ ഒരുകിലോക്ക് 165 രൂപവരെ നല്‍കണം. ഉല്‍പാദനം കുറഞ്ഞതും കോഴിത്തീറ്റ വില കൂടിയതും കോഴിവില കൂടാന്‍ കാരണമായതായി വ്യാപാരികൾ പറയുന്നു. വില കൂടിയതോടെ ചിക്കനും അടുക്കളയില്‍നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കോഴിത്തീറ്റ വരുന്നത്. തീറ്റ വില കൂടിയതോടെ പ്രാദേശിക ഫാമുകളിലും ഉൽപാദനം കുറഞ്ഞു. പ്രതിസന്ധി മറികടന്ന് റമദാന്‍ കാലമാകുന്നതോടെ കോഴിലഭ്യത കൂടുമെന്നും അപ്പോള്‍ വിലകുറയുമെന്നാണ് പ്രതീക്ഷ. കുടുംബശ്രീ ചിക്കന് 148 രൂപയാണ് വില. 21 ഔട്ട്‌ലറ്റുകളാണ് ജില്ലയിലുള്ളത്. വിപണിയില്‍ ആവശ്യമായതിന്‍റെ ചെറിയശതമാനം മാത്രമാണ് കുടുംബശ്രീ ഔട്ലറ്റുകള്‍വഴി വില്‍ക്കാന്‍ കഴിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chickenPrice Increasefish
News Summary - Price increase: People in distress
Next Story