ഒട്ടുപാലിന് വിലയില്ല;കർഷകർക്ക് ദുരിതം
text_fieldsകോട്ടയം: അന്താരാഷ്ട്ര മാർക്കറ്റിൽ റബർപാലിന്റെ വില ഉയർന്നിട്ടും ആഭ്യന്തരവിപണിയിൽ ‘മെല്ലപ്പോക്ക്’.
അന്താരാഷ്ട്ര വിപണിയിൽ ഒട്ടുപാലിന്റെ വില 156 രൂപയായി ഉയർന്നിട്ടും ഇവിടത്തെ കർഷകർക്ക് ലഭിക്കുന്നത് 97 രൂപമാത്രമാണ്. നേരത്തെ 120-130 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥിതിയിൽനിന്നാണ് നൂറിന് താഴേക്ക് പതിച്ചത്.
മികച്ച വില ലഭിക്കേണ്ട ഘട്ടത്തിലാണ് വിലയിടിവെന്ന് കർഷകർ പറയുന്നു. റബർ പാൽ സംഭരിക്കുന്ന കമ്പനികൾ ആസൂത്രിതമായി വിലയിടിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
ടാപ്പിങ്ങിന് വേണ്ടത്ര തൊഴിലാളികളെ കിട്ടാതായതോടെ ചെറുകിട കർഷകരിൽ ഭൂരിഭാഗവും റബർ പാൽ ഷീറ്റാക്കുന്നതിന് പകരം ഒട്ടുപാലാക്കിയാണ് വിൽപന നടത്തുന്നത്.
ഷീറ്റുണ്ടാക്കിയെടുക്കുന്നതിനേക്കാൾ അധ്വാനക്കുറവാണെന്നതാണ് ചെറുകിട കർഷകരിൽ വലിയൊരു വിഭാഗം ഒട്ടുപാൽ വിൽപനയിലേക്ക് മാറിയത്. ഇതോടെ ജില്ലയിലെ ഷീറ്റിന്റെ ഉൽപാദനം കുറയുകയും ഒട്ടുപാൽ ഉൽപാദനം ഉയരുകയും ചെയ്തിരുന്നു. വെട്ടിയെടുക്കുന്ന റബർ പാൽ ഒട്ടുപാലാക്കുന്നതിലൂടെ മൂന്നോ നാലോ ദിവസത്തിനുള്ളിൽ വിൽപന നടത്തി പണമാക്കാൻ കഴിയുമെന്നതും ചെറുകിട കർഷകരെ ആകർഷിച്ചിരുന്നു.
അന്താരാഷ്ട്രമാർക്കറ്റിന് അനുപാതികമായിട്ടില്ലെങ്കിലും റബർ ഷീറ്റിന് നേരിയ തോതിൽ വില വർധിക്കുന്നുണ്ട്.
എന്നാൽ, പാലിന്റെ കാര്യത്തിൽ ചലനമൊന്നും ഉണ്ടായിട്ടില്ലെന്ന് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
റബർ വിലവർധന കണക്കിലെടുത്ത് പാൽ നൽകുന്ന കമ്പനികൾക്ക് ടയർ കമ്പനികൾ വില ഉയർത്തിനൽകിയതായും ഇവർ പറയുന്നു. എന്നാൽ, ഒട്ടുപാൽ സംഭരിക്കുന്ന കമ്പനികൾ കർഷകർക്ക് ഇതിന്റെ അനുകൂല്യം നൽകുന്നില്ല.
കഴിഞ്ഞ മൂന്ന് മാസമായി ഇതിലൂടെ ഒട്ടുപാൽ കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. 10 ടണ്ണിന്റെ ഒരു ലോഡ് ഒട്ടുപാലിന് ഒരു ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ ഇവർ അധികലാഭം കൊയ്യുന്നതെന്നും സംഘടനകൾ പറയുന്നു.
മഴക്കാലത്ത് ഉണക്ക റബര്തൂക്കം (ഡി.ആര്.സി) കുത്തനെ താഴ്ത്തുന്ന കമ്പനികൾ വേനൽക്കാലം ആയാൽ അധികമായി കിട്ടേണ്ട ഒട്ടുപാലിന്റെ ഡി.ആർ.സിയിൽ കൃത്രിമം കാണിക്കുന്നതായും ആക്ഷേപമുണ്ട്. റബർ ബോർഡ് ഇത് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
കമ്പനികൾക്കെതിരെ നടപടി വേണം
ഒട്ടുപാലിന്റെ വില വർധിപ്പിക്കാതെ കർഷകരെ ചൂഷണം ചെയ്യുന്ന കമ്പനികൾക്കെതിരെ റബർ ബോർഡ് നടപടിയെടുക്കണം. ചെറുകിട കർഷകരിൽ കൂടുതലും ഒട്ടുപാലാണ് ഉൽപാദിപ്പിക്കുന്നത്. ഉയർന്ന വില കിട്ടേണ്ട സാഹചര്യമാണ് കമ്പനികളുടെ അട്ടിമറിയിലൂടെ ഇല്ലാതാകുന്നത്. റബർ കയറ്റുമതിയുമായി ബന്ധപ്പെട്ട് െവള്ളിയാഴ്ച റബർ ബോർഡ് നടത്തുന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യണം. കർഷകർക്ക് ഗുണകരമാകുന്ന തീരുമാനം എടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.