കത്തിക്ക് കൂടിയ വില; ആമസോണിന് പിഴ
text_fieldsകോട്ടയം: പരമാവധി വിലയേക്കാൾ കൂടിയ വിലയ്ക്ക് കത്തി വിൽപന നടത്തിയതിന് ആമസോണിന് പിഴ. ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷനാണ് പിഴ ഈടാക്കാൻ ഉത്തരവിട്ടത്. ഗ്ലയർ 20 എം.എം കത്തിയുടെ വില 410 ആയി കാണിച്ച് 45 ശതമാനം വിലക്കിഴിവിൽ 215 രൂപക്ക് ലഭിക്കുമെന്ന പരസ്യം കണ്ട് കത്തി വാങ്ങിയ ശേഷമാണ് പരാതിക്കാരൻ കത്തിക്ക് ടാക്സ് ഉൾപ്പെടെ 191.96 രൂപ മാത്രമാണുള്ളതെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു. 191.96 രൂപ പരമാവധി വില പ്രിന്റ് ചെയ്ത പാക്കറ്റ് 410 രൂപ എന്നു വ്യാജപരസ്യം നൽകി 215 രൂപ ഡിസ്കൗണ്ട് വില ഈടാക്കിയ ആമസോൺ ഗുരുതര നിയമലംഘനം നടത്തിയതായി കമീഷൻ കണ്ടെത്തി.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് വിൽപന നടത്തുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ അനുചിത വ്യാപാരം, സേവനന്യൂനത, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടങ്ങിയവക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്ന് കണ്ടെത്തിയ കമീഷൻ ആമസോൺ കമ്പനി എം.ആർ.പി നിയമം അനുസരിച്ചുള്ള വ്യവസ്ഥകളും ലംഘിച്ചതായി കണ്ടെത്തി. ഹരജിക്കാരന്റെ കൈയിൽനിന്ന് അധികമായി ഈടാക്കിയ 23.04 രൂപ ഒമ്പതു ശതമാനം പലിശയടക്കം തിരികെ നൽകാനും 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും പ്രസിഡന്റ് വി.എസ്. മനുലാൽ, അംഗങ്ങളായ ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ കമീഷൻ വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.