ടൂറിസത്തിന് മുൻഗണന; ഇഴയുന്ന പദ്ധതികൾ പൂർത്തിയാക്കാൻ അതിവേഗ ഇടപെടൽ -ഫ്രാന്‍സിസ് ജോര്‍ജ്
text_fieldsകോട്ടയം: കോട്ടയത്തിന്റെ ടൂറിസം സാധ്യതകളെ പദ്ധതികളാക്കി മാറ്റാൻ അടിയന്തര ഇടപെടലുണ്ടാകുമെന്ന് നിയുക്ത എം.പി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്. ടൂറിസം രംഗത്ത് വലിയ സാധ്യതയാണ് കോട്ടയത്തിനുള്ളത്. കുമരകം മാത്രമല്ല, ഇലവീഴാപ്പൂഞ്ചിറ അടക്കമുള്ള ടൂറിസം മേഖലകളും വികസിപ്പിക്കേണ്ടതുണ്ട്.
ഇതിലൂടെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകൾ തുറന്നുകിട്ടും. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഫണ്ടുകള്‍ ഇതിനായി നേടിയെടുക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളത്ത് സര്‍വിസ് അവസാനിപ്പിക്കുന്ന എക്സ്പ്രസ് ട്രെയിനുകള്‍ കോട്ടയത്തേക്ക് നീട്ടണം. എറണാകുളം-ബാംഗ്ലൂര്‍ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ കോട്ടയത്തേക്ക് നീട്ടുന്ന സാഹചര്യം ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യം ലഭിക്കും. ശബരിമല അടക്കമുള്ള തീർഥാടന കേന്ദ്രങ്ങളിലേക്കും മറ്റുമുള്ള യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകും. വന്ദേഭാരതിന്റെ കൂടുതല്‍ സര്‍വിസുകള്‍ കോട്ടയം വഴി ആവശ്യമാണ്. ഇതിന് നിലവിലുള്ള ബ്രോഡ്ഗേജ് ലൈനില്‍ പുതിയ ലൈന്‍ കൂടി നിർമിക്കേണ്ടിവരും.
പാതി വഴിയിലെത്തിയ സയന്‍സ് സിറ്റി ഉടൻ പൂർത്തിയാക്കും. റബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുണ്ടാകണം. സാധാരണക്കാരായ കര്‍ഷകരെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഉണ്ടാകുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്നത് കേരളത്തിന്റെ ആവശ്യമാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും എന്നതാണ് നമ്മൾ മുന്നോട്ടുവെക്കുന്ന ആവശ്യം. അതിനാൽ, പുതിയ അണക്കെട്ടിനെ തമിഴ്നാട് എതിർക്കുന്നതിൽ അർഥമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാം കേരളത്തിന് ഭീഷണി തന്നെയാണ്. ഇക്കാര്യത്തിൽ കേരളത്തിന്റെ ആശങ്കകൂടി കണക്കിലെടുക്കണം.
കാലഹരണപ്പെട്ട അണക്കെട്ട് ഇടക്കിടെ ബലപ്പെടുത്തിയാൽ പൂർണ സുരക്ഷിതമെന്ന് പറയാനാകില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.