കോട്ടയം ജില്ല ജയിലിന് കമ്പിവേലിയുടെ സുരക്ഷ; ഇനി പവർഫുൾ, സ്ട്രോങ്
text_fieldsകോട്ടയം: ജില്ല ജയിലിന്റെ ചുറ്റുമതിലിന്റെ ഉയരം കൂട്ടി സുരക്ഷ ഉറപ്പുവരുത്താൻ കമ്പിവേലി ഒരുങ്ങുന്നു. 30 സെന്റിമീറ്റർ കട്ടിയിൽ കോൺക്രീറ്റിട്ട് മതിലിന്റെ ഉയരം കൂട്ടി അതിനുമുകളിൽ കമ്പിവേലി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. കോൺക്രീറ്റിടലും കമ്പിയിടാനുള്ള കാലുകൾ സ്ഥാപിക്കലും പൂർത്തിയായി. പൊതുമരാമത്ത് വിഭാഗമാണ് പണി ഏറ്റെടുത്തിട്ടുള്ളത്.
അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ജയിലിന്റെ ചുറ്റുമതിലിന് ഉയരം കുറവായത് ജീവനക്കാർക്ക് തലവേദനയായിരുന്നു. മതിലിലൂടെ പുറത്തുനിന്ന് ആർക്കും അകത്ത് കയറാവുന്ന അവസ്ഥയായിരുന്നു. രണ്ടുവർഷം മുമ്പ് ഈ മതിൽ വഴി കൊലക്കേസ് പ്രതി രക്ഷപ്പെട്ടിരുന്നു. തുടർന്ന് മതിലിന്റെ ഉയരം കൂട്ടാൻ ജയിൽ വകുപ്പ് നിർദേശം നൽകിയെങ്കിലും പഴയ മതിലായതിനാൽ ഉറപ്പ് കുറവാണെന്നും ഉയരം കൂട്ടാനാവില്ലെന്നും പൊതുമരാമത്ത് വിഭാഗം റിപ്പോർട്ട് നൽകി. തുടർന്നാണ് മതിലിനു മുകളിൽ കമ്പിവേലി സ്ഥാപിക്കാൻ തീരുമാനിച്ചത്. 64 വർഷം പഴക്കമുള്ള ജയിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. നഗരമധ്യത്തിൽ 55 സെന്റ് സ്ഥലത്താണ് ജയിൽ സ്ഥിതി ചെയ്യുന്നത്. 15 സെല്ലുകളിലായി 67 പേരെ പാർപ്പിക്കാവുന്ന ജയിലിൽ 108 പേരാണ് കഴിയുന്നത്. ഇതിൽ എട്ടുപേർ സ്ത്രീകളാണ്. 28 ജീവനക്കാരുമുണ്ട്. ജയിൽ മാറ്റാൻ മണിമലയിലെ റബർ ബോർഡിന്റെ ഭൂമി ആവശ്യപ്പെട്ട് ജയിലധികൃതർ സർക്കാറിന് കത്തയച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. നേരത്തെ നാട്ടകം സിമന്റ്സിന്റെ സ്ഥലവും ചിങ്ങവനം ടെസിലിന്റെ സ്ഥലവും ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. സ്ഥലം കിട്ടിയാൽ പുതിയ ജയിൽ പണിത് കോട്ടയം നഗരത്തിലെ കെട്ടിടം നിലനിർത്തി ജയിലിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.