നിരത്തുകളിൽ അഴിഞ്ഞാടി സ്വകാര്യബസുകൾ
text_fieldsകോട്ടയം: നിയമങ്ങൾ കാറ്റിൽപറത്തി നിരത്തുകളിൽ സ്വകാര്യബസുകളുടെ മത്സരയോട്ടം. വേഗപ്പൂട്ട് പ്രവർത്തിപ്പിക്കാതെയും ഡോറുകൾ കൃത്യമായി അടക്കാതെയുമാണ് നഗരത്തിലും പുറത്തും ഇവയുടെ സർവിസ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ മോട്ടോർവാഹന വകുപ്പിന്റെ കണ്ണിൽപൊടിയിടാൻ കുറച്ചുനാൾ വേഗം കുറച്ചും ഡോറുകൾ അടച്ചും സർവിസ് നടത്തും.
തുടർന്ന് വീണ്ടും പഴയപല്ലവി ആവർത്തിക്കും. കോട്ടയം-എറണാകുളം, പാലാ-എറണാകുളം, കോട്ടയം- കുമളി, ചങ്ങനാശ്ശേരി- കുമളി, കോട്ടയം-കട്ടപ്പന, കോട്ടയം- നെടുങ്കണ്ടം തുടങ്ങിയ റൂട്ടുകളിലാണ് സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ അധികവും. സ്വകാര്യബസുകളിലെ തൊഴിലാളി സംഘടനയുടെ സ്വാധീനത്തിൽ കേസുകളും മറ്റും ഒതുക്കിത്തീർക്കുകയാണ് രീതി.
സമയംതെറ്റിച്ച് ബസുകൾ സർവിസ് നടത്തിയതിനെ തുടർന്ന് ജീവനക്കാർ തമ്മിൽ സ്റ്റാൻഡുകളിലും പൊതുനിരത്തുകളിലും ഏറ്റുമുട്ടിയ സംഭവങ്ങൾ നിരവധിയാണ്. മത്സരപ്പാച്ചിലിൽ നിരത്തുകളിൽ നിരവധിപേർക്കാണ് ജീവൻ നഷ്ടമായത്. ആർപ്പൂക്കരയിൽ ഡോർ അടക്കാതെ സഞ്ചരിച്ച ബസിൽനിന്ന് വീണ വയോധികൻ മരിച്ചത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്.
വൈറ്റിലയിൽനിന്ന് ഈരാറ്റുപേട്ടക്ക് അമിതവേഗത്തിൽ സഞ്ചരിച്ച ആവേ മരിയ ബസ് അപകടത്തിൽപെട്ട് 40ലേറെ പേർക്കാണ് പരിക്കേറ്റത്. അപകടത്തിനുശേഷം സംഭവസ്ഥലത്തുനിന്ന് മുങ്ങിയ ജീവനക്കാരെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽനിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.
മത്സരപ്പാച്ചിൽ നടത്തുന്ന ബസുകളിൽ മിക്കവയും താൽക്കാലിക പെർമിറ്റോടെയാണ് സർവിസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്. സ്ഥിരം പെർമിറ്റിന്റെ അപേക്ഷ പരിഗണിക്കുന്നതിൽ സാങ്കേതിക തടസ്സം ഉണ്ടാകുമ്പോഴാണ് ചെറിയ ഇടവേളയിലേക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കുന്നത്.
20 ദിവസം മുതൽ നാല് ആഴ്ച വരെയാണ് ഇതിന്റെ കാലാവധി. പുലർച്ച അഞ്ച് മുതൽ തുടങ്ങുന്ന മരണപ്പാച്ചിൽ രാത്രിയോടെയാണ് അവസാനിക്കുന്നത്. സ്കൂൾ പരിധികളിൽ വേഗം കുറക്കാത്ത ബസുകളുമുണ്ട്. മിക്ക ബസുകളിലും വളരെ മോശമായാണ് ജീവനക്കാരുടെ പെരുമാറ്റം. സ്വകാര്യബസുകളുടെ അഴിഞ്ഞാട്ടത്തിനെതിരെ കർശനനടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.