അപകടത്തിലേക്കാണീ പോക്ക്...
text_fieldsകോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് വീണ്ടും സജീവമായതോടെ അപകടസാധ്യതയേറി. നിയന്ത്രണങ്ങളില്ലാതെ കയറിവരുന്ന സ്വകാര്യ ബസുകളാണ് അപകട ഭീഷണിയുയർത്തുന്നത്. ഡിവൈഡർ പോലുള്ള സംവിധാനങ്ങളില്ലാതെ തുറന്നുകിടക്കുന്ന സ്റ്റാൻഡിൽ മൂന്നുവരിയായാണ് പലപ്പോഴും ബസുകൾ കയറിവരുന്നത്. ഒരു ബസിൽനിന്ന് ഇറങ്ങുന്നവർ നേരെ അടുത്ത ബസിനടിയിലേക്കാണ് ചെന്നുപെടുന്നത്.
തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്. ബസിനു മുന്നിൽപെട്ടാൽ പ്രായമായവർക്ക് പെട്ടെന്ന് ഓടിമാറാൻ കഴിയില്ല. നേരത്തേ ബസുകളെ രണ്ടുവരിയാക്കി ഡിവൈഡർ ഉണ്ടായിരുന്നു. ബസുകൾ ഒരുവശത്ത് മാത്രമാണ് നിർത്തിയിട്ടിരുന്നത്. എന്നാൽ, കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി ഡിവൈഡറും പൊളിച്ചുനീക്കിയിരുന്നു. മുന്നിലെ ബസുകൾ ഏറെസമയം നിർത്തിയിടുന്നതിനാൽ പിറകിലും ബസുകളുടെ നീണ്ട നിര വരും.
ഇത് ടെമ്പിൾ റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാവുന്നു. ബസുകളെ നിയന്ത്രിക്കാൻ മുഴുവൻ സമയവും ട്രാഫിക് പൊലീസുമില്ല. സ്കൂൾ സമയത്ത് സ്റ്റാൻഡിൽ വൻ തിരക്കാണ്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിലിൽ കൗൺസിലർമാർ വിഷയം ഉന്നയിച്ചിരുന്നു. ഏറെ കാത്തിരുന്ന ശേഷമാണ് സ്റ്റാൻഡിൽ ബസുകൾ കയറാൻ തുടങ്ങിയത്. സ്റ്റാൻഡ് തുറന്നുകൊടുക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റി നിർദേശിച്ചപ്പോൾ അതു ചെയ്തതല്ലാതെ മറ്റൊരു സൗകര്യവും ഒരുക്കാനുള്ള ഉത്തരവാദിത്തം നഗരസഭ കാണിച്ചില്ല.
സ്റ്റാൻഡ് പുനരാരംഭിക്കുമ്പോൾ ഡിവൈഡർ സ്ഥാപിക്കണമെന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റി നിർദേശിച്ചിരുന്നെങ്കിലും നടപ്പായില്ല. കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്ന ഏജൻസിയോട് ഇക്കാര്യം ആവശ്യപ്പെടാനാണ് ധാരണ. കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി പൊലീസ് മൈതാനത്തേക്ക് മാറ്റിയ ടാക്സി സ്റ്റാൻഡ് തിരുനക്കരയിലേക്ക് മാറ്റണമെന്ന് കൗൺസിലിൽ ആവശ്യമുയർന്നെങ്കിലും തീരുമാനമായില്ല. ഒരു ഭാഗത്ത് ടാക്സി സ്റ്റാൻഡ് വന്നാൽ സ്വകാര്യ ബസുകളുടെ വരിതെറ്റിച്ചുള്ള ഓട്ടപ്പാച്ചിൽ നിയന്ത്രിക്കാനാവുമെന്നും കൗൺസിലർമാർ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.